Skip to main content

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. പ്രതിപക്ഷ നോതാവ് വി.ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ച് പറഞ്ഞ വി.ഡി സതീശന്‍ ഇന്ന് രാവിലെ കോട്ടയത്ത് വെച്ച് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് പരസ്യമായി പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതിയ വിധിയോടെ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ല എന്നാണ് വി.ഡി സതീശന്‍ പറയുന്നതെങ്കില്‍ അത് തെറ്റാണെന്നും അനുപാതം എടുത്ത് കളയുന്നതോടെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയാണ് ഇല്ലാതായതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന് നഷ്ടം തന്നെയാണെന്നും അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും, വിഡി സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു.

ന്യൂനപക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളും എം.എല്‍.എമാരുമായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മീഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം നടപ്പാക്കേണ്ടതാണ്. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റേതെങ്കിലും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ നൂറ് ശതമാനം പിന്നാക്കമായ മുസ്ലിം സമുദായത്തിന് നല്‍കണമെന്നും മുഖ്യമന്ത്രിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു.