Skip to main content
മാലി

Mohammed Nasheedമാലിദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ്‌ നഷീദ് 45 ശതമാനം വോട്ടുകളോടെ മുന്നില്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് 50 ശതമാനം വോട്ട് നിര്‍ബന്ധമായതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം ഉള്‍പ്പെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് സെപ്തംബര്‍ 28-ന് നടക്കും.

 

ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം രാത്രി മുഴുവന്‍ നീണ്ട വോട്ടെണ്ണലിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗയൂമിന്റെ സഹോദരന്‍ അബ്ദുള്ള യാമീന്‍ ആണ് 25.35 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത്. നിലവിലെ പ്രസിഡന്റ് വഹീദ് ഹസന് 5.13 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

 

തെരഞ്ഞെടുപ്പില്‍ 88 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. മൂന്നു ദശാബ്ദം നീണ്ടുനിന്ന അബ്ദുല്‍ ഗയൂമിന്റെ ഭരണത്തിന് ശേഷം 2008-ലാണ് മാലിദ്വീപില്‍ ആദ്യമായി ബഹുകക്ഷി തെരഞ്ഞെടുപ്പ് നടന്നത്. നഷീദ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ ജയിച്ചതെങ്കിലും ഒരു ജഡ്ജിയുടെ അറസ്റ്റിനെ തുടര്‍ന്ന് സുരക്ഷാ സേനകളും പ്രതിപക്ഷവും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന വഹീദ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയായിരുന്നു.