Skip to main content
കാന്‍ബറ

Tony Abbotആസ്ത്രേലിയയില്‍ ആറുവര്‍ഷം നീണ്ട ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന് വിരാമം. പ്രതിപക്ഷ ലിബറല്‍, നാഷണല്‍ പാര്‍ട്ടികളുടെ സഖ്യം പൊതുതിരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം നേടി. യാഥാസ്ഥിതിക കക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ടോണി അബ്ബോട്ട് അടുത്ത പ്രധാനമന്ത്രിയാകും.

 

ആസ്ത്രേലിയയുടെ 150 അംഗ പാര്‍ലിമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ലിബറല്‍-നാഷണല്‍ സഖ്യം 88 സീറ്റുകള്‍ നേടി. ലേബര്‍ പാര്‍ട്ടിക്ക് 57 സീറ്റുകള്‍ ലഭിച്ചു. കാര്യക്ഷമവും വിശ്വസനീയവുമായ ഒരു ഭരണം അബ്ബോട്ട് വാഗ്ദാനം ചെയ്തു. 56-കാരനായ അബ്ബോട്ട് ജോണ്‍ ഹോവാര്‍ഡ് നേതൃത്വം കൊടുത്ത മുന്‍ ലിബറല്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു.  

 

തോല്‍വി അംഗീകരിച്ച പ്രധാനമന്ത്രി കെവിന്‍ റുഡ് ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തേക്ക് ജൂണില്‍ നടന്ന ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ജൂലിയ ഗിലാര്‍ഡിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ റുഡ് തീരുമാനിച്ചത്.

 

ഉപരിസഭയായ സെനറ്റിലേക്ക് മത്സരിച്ച വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്ജിനു വിജയിക്കാനായില്ല. 1.4 കോടി പേര്‍ വോട്ടു ചെയ്യാനായി റെജിസ്റ്റര്‍ ചെയ്തിരുന്നു. ആസ്ത്രേലിയയില്‍ വോട്ടു ചെയ്യേണ്ടത് നിയമപരമായി നിര്‍ബന്ധമാണ്‌.

Tags