Skip to main content

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ കൊടുങ്കാറ്റ് ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വിശ്വാസ്യമായ ഒരു കാര്യവും അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. യുഡിഎഫിനോടൊപ്പം ഉണ്ടായിരുന്നവര്‍ വിഘടിച്ചു നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുന്‍പ് ഉണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെടുന്ന അവസ്ഥയാണ് അവര്‍ക്ക്. നിയമസഭയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടുപോയിരിക്കുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 91 സീറ്റായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോള്‍ 93 ആയി. ഇത് ജനങ്ങളുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ യുഡിഎഫിന് വിശ്വാസമില്ലെന്നാണ് പ്രശ്നം. ജനങ്ങളെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നത് തങ്ങളുടേത് തന്നെയാണെന്ന് മനസിലാക്കാന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു.

സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ അതിലൊന്നിലും വികസന, ക്ഷേമ പദ്ധതികളില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അത് പ്രതിപക്ഷത്തിന് അമ്പരപ്പ് ഉണ്ടാക്കി. അവര്‍ക്ക് ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍, വികസനം മുരടിച്ചുപോകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെട്ടു. ആ നിലയ്ക്ക് അവരില്‍ തന്നെ അവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്നും മുഖ്യമന്ത്രി. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.