Skip to main content

ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെയാണ് യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യു.ഡി.എഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു എന്നും ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗം പ്രതികരിച്ചത്. യു.ഡി.എഫിന്റെ ഈ തീരുമാനത്തിന് പിന്നില്‍ ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദമാണെന്നും ജോസ് വിഭാഗം പറയുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് യു.ഡി.എഫ് അറിയാന്‍ ഇരിക്കുന്നതെയുള്ളു എന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കി. 

യു.ഡി.എഫ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വൈകിട്ട് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും.