Skip to main content

ഡല്‍ഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തില്‍ തല്‍ക്കാലം കേസെടുക്കില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് ഡല്‍ഹി ഹൈക്കോടതി മാറ്റി. ഏപ്രില്‍ 13നാണ് വീണ്ടും വാദം കേള്‍ക്കുന്നത്. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി പോലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

ഡല്‍ഹി പോലീസിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസുകളെടുക്കുന്നത് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനെ ഉപകരിക്കുവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹിയില്‍ ഈ കാലഘട്ടത്തില്‍ നടന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തന്നെ ഒന്നോ രണ്ടോ പേര്‍ക്കെതിരെ കേസെടുക്കുക സാധ്യമല്ലെന്നും ഇതില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്നുമാണ് പോലീസിന്റെ വിശദീകരണം.