Skip to main content

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ മുസ്ലീംലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. നാദാപുരം മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇടക്കാല ഉത്തരവ് വരും മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഹാജരാകും എന്നാണ് വിവരം. 

2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്ത് യു.ഡി.എഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തികബാധ്യതയെന്നായിരുന്നു സര്‍ക്കാര്‍ വാദം. 

Tags