Skip to main content

Mohammed Jawad Sareef

മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ദില്ലിയിലെത്തും. ദില്ലിയില്‍ നടക്കുന്ന വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗില്‍ ജവാദ് സരീഫ് നാളെ സംസാരിക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ മൂന്നരക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തും. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി മുംബൈയിലേക്ക് പോവും. 

ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം മധ്യേഷ്യയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. സംഘര്‍ഷം ഒഴിവാക്കണമെന്നും മധ്യേഷ്യയിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.