Skip to main content

ത്രിമാനം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ നയപരമായ ഒരഭിപ്രായവ്യത്യാസവും ഇല്ലെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഫലത്തില്‍ നയപരമായ ഐക്യം കേരളത്തിലെപ്പോലെ മറ്റൊരിടത്തും പ്രകടമാകുന്നതുമില്ല. അടുത്തകാലത്ത്, കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് കേരളത്തില്‍ പുതിയ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടന്ന നീക്കം നയപരമായ ഈ അഭിപ്രായ വ്യത്യാസമില്ലായ്മയുടെ ഒരു തെളിവ് കൂടി നല്‍കുന്നതാണ്. വളരെ മുന്‍പേ തന്നെ കെ.എം മാണി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച് തുടങ്ങിയിട്ടുണ്ട്. താനിപ്പോള്‍ ഇടതുപക്ഷത്തേക്ക് മാറും എന്ന ധാരണ പരത്തി കോണ്‍ഗ്രസുമായി വിലപേശുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഏറിയ പങ്കും ഈ നീക്കം. എന്നാല്‍, ഇത്തവണ കെ.എം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്ന്‍ മാണി മുഖ്യമന്ത്രിയാകാന്‍ നടന്ന നീക്കം പ്രഖ്യാപിത നയങ്ങളെ പരണത്ത് വെക്കാന്‍ തയ്യാറുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ വെളിപ്പെടുത്തി.

 

അധികാരത്തിന് മുന്നില്‍ വളയുന്ന നയം

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പിന് ഏറ്റവും വലിയ ഗ്യാരണ്ടി വി.എസ് അച്യുതാനന്ദനാണെന്ന് പൊതുവേ കരുതപ്പെടുന്നുണ്ട്. കാരണം, പുതിയ ഒരു മന്ത്രിസഭ തിരഞ്ഞെടുപ്പില്ലാതെ തന്നെ ഉണ്ടാക്കുന്ന പക്ഷം സ്വഭാവികമായും മുഖ്യമന്ത്രി ആകേണ്ടത് അച്യുതാനന്ദനാണ്.  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ആഭ്യന്തരമായ ഭിന്നിപ്പും അച്യുതാനന്ദനോടുള്ള വിയോജിപ്പും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ മറിച്ചിടുന്നതിനുള്ള പ്രധാന തടസ്സമായി എല്ലാ രാഷ്ട്രീയ നിരീക്ഷകരും കാണുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാതെ എങ്ങനെ മാണിയെ ഇടതുപക്ഷ മുന്നണിക്ക് മുഖ്യമന്ത്രി ആക്കാന്‍ കഴിയും എന്ന ചോദ്യം ഉണ്ടാകാം. ഇതേവരെ മാധ്യമങ്ങളൊന്നും വെളിപ്പെടുത്താത്ത ലജ്ജാകരമായ ഒരു നീക്കം കേരളത്തില്‍ നടന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്തതെന്ന് അവര്‍ കരുതുന്ന രീതിയില്‍ ഒരു സ്ഥാനം നല്‍കി  പ്രതിപക്ഷ നേതാവിന്റെ അഭിമാനത്തെ സംരക്ഷിക്കാനുള്ളതായിരുന്നു ഈ നീക്കം.

 

കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു സംസ്ഥാന ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ മന്ത്രിയുടെ സ്ഥാനം നല്‍കിക്കൊണ്ട് അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായിരുന്നു ഈ ഒത്തുതീര്‍പ്പ് നീക്കം. ഇതിന് അച്യുതാനന്ദന്‍ സമ്മതിച്ചുവെന്നതിന് പല സൂചനകളുമുണ്ട്. മാണി മുഖ്യമന്ത്രിയായി വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ല എന്ന്‍ കാണിക്കുന്ന ചില പരസ്യപ്രസ്താവനകള്‍ തന്നെ അദ്ദേഹം നടത്തുകയുണ്ടായി. കേന്ദ്രത്തില്‍ ഭരണഘടനാ ബാഹ്യമായ ദേശീയ ഉപദേശക സമിതിയുണ്ടാക്കി സോണിയാ ഗാന്ധിയെ അതിന്റെ അധ്യക്ഷയായി അവരോധിച്ച അവസരത്തില്‍ തന്നെ സംസ്ഥാനങ്ങളിലും ഇതിനെ അനുകരിച്ചുകൊണ്ടുള്ള സമിതികള്‍ ഉണ്ടാകാനുള്ള സാധ്യത ഈ ലേഖകന്‍ മറ്റൊരിടത്ത് എഴുതിയിട്ടുള്ളതാണ്. പുതിയ സ്ഥാനങ്ങള്‍ കൊടുത്ത് മുന്നണികള്‍ വികസിപ്പിക്കുക എന്ന നയം പൊതുവേ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഈ നീക്കം.

 

തോട്ടമുടമകളുടേയും വന്‍കിട ഭൂവുടമകളുടേയും താല്‍പ്പര്യം സംരക്ഷിക്കുന്ന കക്ഷിയാണ് കേരളാ കോണ്‍ഗ്രസെന്ന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുള്‍പ്പെടെ ഇടതുപക്ഷം പറഞ്ഞുവരാറുള്ളതാണ്. അതാണ്‌ യാഥാര്‍ത്ഥ്യവും. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ ശേഷം ഇഷ്ടദാന സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടി വാദിച്ചവരില്‍ പ്രമുഖരാണ് കേരളാ കോണ്‍ഗ്രസ്. വ്യക്തിനിയമങ്ങളുടെ പേരിലായിരുന്നു ഈ വാദം. അന്ന്‍ കര്‍ഷക സംഘടനകള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നതാണ്. മിച്ചഭൂമിയില്‍ വമ്പിച്ച തോതില്‍ കുറവ് വരുത്താന്‍ ഈ ഇഷ്ടദാന സംരക്ഷണം കാരണമായിട്ടുണ്ട്. അതിന്റെയര്‍ത്ഥം മിച്ചഭൂമിയില്‍ വരുന്നതിന്റെ എണ്‍പത് ശതമാനവും കിട്ടേണ്ടതായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു എന്നുള്ളതാണ്. അങ്ങനെ, പൊതുവേ സമ്പന്ന-ഭൂവുടമാ വര്‍ഗ്ഗത്തിന് വേണ്ടി നിന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ പാരമ്പര്യം. അതില്‍ കേരളാ കോണ്‍ഗ്രസിന്റെ വ്യത്യസ്ത ഗ്രൂപ്പുകള്‍ പരസ്പരം മത്സരിച്ചിട്ടെയുള്ളൂ. ഇപ്പോഴും നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സംരക്ഷിക്കാനാണ് കേരളാ കോണ്‍ഗ്രസ് നിലകൊള്ളുന്നത്. കെ.എം മാണി മുഖ്യമന്ത്രിയാകുക എന്നുപറഞ്ഞാല്‍ സ്വാഭാവികമായും നെല്ലിയാമ്പതി ഭൂമി കയ്യേറ്റക്കാര്‍ക്ക് തന്നെ തിരിച്ചുകിട്ടുക എന്നായിരിക്കും ഫലം. അതൊന്നും ഇടതുപക്ഷ കക്ഷികള്‍ക്ക് പരിഗണനാ വിഷയമാകുന്നില്ല എന്നുള്ളത് അപലപനീയമാണ്.

 

നയം: സിദ്ധാന്തവും പ്രയോഗവും

ഇത് കാണിക്കുന്നത് അധികാരത്തിലേക്കുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലല്ലാതെ നയം ഇവിടത്തെ കക്ഷികള്‍ക്ക് പരിഗണനാ വിഷയമല്ല എന്നുള്ളതാണ്. വാസ്തവത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് നയപരമായ അഭിപ്രായ വ്യത്യാസം പറയേണ്ട അവസരം തന്നെയില്ല. ഭരണഘടനയില്‍ ഭരണകൂടത്തിന്റെ നയം എന്തായിരിക്കണം എന്ന് വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ ഇപ്പോള്‍ ആരും ഉന്നയിക്കാറില്ല. ഈ കഴിഞ്ഞ കാലത്ത് കല്‍ക്കരി കുംഭകോണത്തെ ചൊല്ലിയുണ്ടായ വിവാദം ഇത് സൂചിപ്പിക്കുന്നു. ദേശീയ വിഭവങ്ങള്‍ സമൂഹത്തിന്റെ പൊതുപ്രയോജനത്തിനായി ഉപയോഗിക്കണമെന്നും സമ്പത്ത് കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്ന വിധത്തില്‍ ആകരുതെന്നും ഭരണഘടനയിലെ 39-ാം അനുച്ഛേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം നടക്കുന്ന കാലത്ത് തന്നെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞുകൊണ്ടിരുന്നത് കല്‍ക്കരി ഖനികളുടെ വിതരണം നയപരമായ കാര്യമാണ് എന്നാണ്. കല്‍ക്കരി ഒരു ദേശീയ വിഭവം എന്ന നിലക്ക്, എങ്ങനെ വീതിക്കപ്പെടണം എന്ന്‍ നിര്‍ദ്ദേശക തത്വങ്ങളില്‍ പറഞ്ഞിരിക്കെ നിയമവിദഗ്ദനായ കപില്‍ സിബല്‍ അത് ഓര്‍ത്തില്ല. എത്രത്തോളം ആത്മാര്‍ഥതയില്ലാതെയാണ് ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നുകാണിക്കാന് പറ്റിയ ഒരു ഉദാഹരണമാണിത്.

 

കപില്‍ സിബലിന്റെ നയപ്രശ്ന വാദം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിന് ശേഷം അണ്ണാ ഹസാരെ ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. അദ്ദേഹം ഒരു നിയമവിദഗ്ദനല്ല. എന്നിട്ടും, നിയമവിദഗ്ദര്‍ എന്ന്‍ അവകാശപ്പെടുന്ന രാഷ്ട്രീയക്കാര്‍ പോലും ഈ പ്രശ്നം ഉയര്‍ത്തിയില്ല. എന്തായിരിക്കണം ഭരണകൂടം അനുവര്‍ത്തിക്കേണ്ട നയം എന്ന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറഞ്ഞതിനപ്പുറം ഒന്നും രാഷ്ട്രീയ കക്ഷികളും മുന്നണികളും പറയേണ്ടതായിട്ടില്ല. ഈ നയങ്ങള്‍ എങ്ങനെ നടപ്പാക്കും, അതിനുവേണ്ടി എന്ത് നിയമനിര്‍മ്മാണം തങ്ങള്‍ നടത്തും എന്നുമാത്രമേ തിരഞ്ഞെടുപ്പിന്റെ അവസരത്തില്‍ വിശദീകരിക്കേണ്ടതായിട്ടുള്ളൂ. പക്ഷെ, അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തനങ്ങളാണ് എല്ലാ രാഷ്ട്രീയ കക്ഷികളും അവസരവാദപരമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല എന്നതിന്റെ തെളിവാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിച്ച് മുസ്ലിം ലീഗ് എടുക്കുന്ന നിലപാട്. ഈയിടെ 16 വയസ്സിന് താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സാധൂകരിക്കുന്നതിന് നടത്തിയ നീക്കം  ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് ബോധമുള്ള ഒരു ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അപ്പോഴും നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏകീകൃത സിവില്‍ നിയമം ചര്‍ച്ചയായില്ല. ഇതേപോലെ, അവ്യക്തമായ രീതിയില്‍ - വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങി ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ ഇടയില്ലാതെ -  പ്രകടനപത്രികകള്‍  തയ്യാറാക്കുകയും  എന്നിട്ട് നയപരമായ അഭിപ്രായ വ്യത്യാസമുണ്ട് എന്നുവരുതുകയും ചെയ്യുന്ന ഒരു കപടനാടകമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ജനങ്ങളെ വഞ്ചിക്കുന്ന പരിപാടിയായി രാഷ്ട്രീയക്കാരുടെ നയപരമായ അഭിപ്രായ വ്യത്യാസത്തെ ചൊല്ലിയുള്ള ഒച്ചപ്പാട് മാറിയിട്ടുണ്ട്.