ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ ബലിയാടാക്കപ്പെട്ട് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് കെ.മുരളീധരന്‍. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ പോയത് കെ.കരുണാകരന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.
അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു. മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസ് ഉപയോഗിച്ചു.
അതേ സമയം കരുണാകന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് ചാരക്കേസില്‍ അദ്ദേഹം പെട്ടത് എന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണ്. അവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്വേഷണ കമ്മീഷന് മുമ്പില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും പത്മജ വ്യക്തമാക്കി.