Skip to main content

 

ഇന്ത്യ ടുഡെ അസോസിയേറ്റ് എഡിറ്റര്‍ ആണ് എം.ജി.രാധാകൃഷ്ണന്‍

നാലഞ്ച് മാസമായി കേരളരാഷ്ട്രീയത്തെയും മാധ്യമങ്ങളെയും ഇളക്കിമറിക്കുന്നതാണ് സോളാർ വിവാദം. പക്ഷേ ഇത് സംബന്ധിച്ച് യു ഡി എഫ് നേതാക്കൾ, പ്രത്യേകിച്ച് കോൺഗ്രസ്സ് എ വിഭാഗക്കാർ, സ്ഥിരമായി ഉന്നയിക്കുന്ന ആക്ഷേപം ഇത് ഒരു അസംബന്ധ വിവാദമാണെന്നാണ്. യതൊരു കാമ്പുമില്ലാത്ത, തെളിവുകളില്ലാത്ത ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെ ഉന്നയിക്കുന്ന, അല്ലെങ്കിൽ സർക്കാരിന് ഒരു പൈസ പോലും നഷ്ടമുണ്ടാക്കിയിട്ടില്ലാത്ത, അഞ്ചോ ആറോ കോടി മാത്രം രൂപ ഉൾപ്പെട്ട ഒരു തട്ടിപ്പ് കേസ് മാത്രമാണിതെന്ന് അവർ പുച്ഛിച്ച് തള്ളുന്നു. വിവാദം കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ചാനലുകളുടെ വയറ്റിപ്പഴപ്പ് മാത്രമെന്ന് അവർ ആക്ഷേപിക്കുന്നു. പ്രതിപക്ഷവുമായി ചേർന്ന് മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അട്ടിമറിക്കാനുമുള്ള മാധ്യമവിചാരണ എന്നും അവർ കുറ്റപ്പെടുത്തുന്നു. ഇത് കോൺഗ്രസ്സുകാർ പറയുന്നത് അവരുടെ രാഷ്ട്രീയം ആയതിനാൽ അത് മനസ്സിലാക്കാം. എന്നാൽ ഉന്നതരും മുതിർന്നവരുമായ ചില മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, സാംസ്‌കാരിക വിമർശകർ, പ്രത്യേകിച്ച് കക്ഷിരാഷ്ട്രീയ ലക്ഷ്യമൊന്നും ആരോപിക്കാനാവാത്ത മധ്യ-ഉപരിവർഗ്ഗ സദസ്സുകൾ എന്നിവയിൽ നിന്നും ഇതുപോലെയുള്ള ആക്ഷേപങ്ങൾ ഉയരുന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെയും പ്രധാന ആക്ഷേപം ഈ നിസ്സാരമായ തട്ടിപ്പിനിത്ര വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്നാണ്. ചില സാംസ്‌കാരിക വിമർശകരാകട്ടെ, സരിതാ നായർ എന്ന സ്ത്രീയുടെ സാന്നിദ്ധ്യം കൊണ്ട് മാത്രമല്ലേ, ഞരമ്പുരോഗിയായ മലയാളി ഈ വിഷയത്തിൽ ഇത്ര ആവേശം കാണിക്കുന്നതെന്ന് ചോദിക്കുന്നു. ബിജു രാധാകൃഷ്ണനെന്ന ഒന്നാം പ്രതിയുടെ കാര്യമൊന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ സരിതയുടെയും ശാലു മേനോന്റെയും കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ തത്രപ്പെടുന്നത് മലയാളിയുടെ അടിച്ചമർത്തപ്പെട്ട ലൈംഗികപ്പശിയും സ്ത്രീയെ കാമപൂരണത്തിന് മാത്രമുള്ള വസ്തുവായിക്കാണുന്ന ആൺനോട്ടം മൂലമാണെന്നും അവർ വിശകലനം ചെയ്യുന്നു.

 

 

ഈ വാദങ്ങളെയൊന്ന് പരിശോധിക്കാം. തീർച്ചയായും സ്ത്രീയുടെ സാന്നിദ്ധ്യം ഈ കേസിന് കൂടുതൽ സമൂഹ/മാധ്യമശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ഒരു പരിധി വരെ അടിച്ചമർത്തപ്പെട്ട ലൈംഗികതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും ഇതിൽ ഒരു പങ്ക് വഹിക്കാനുണ്ടായേക്കാം. അതേ സമയം യുവതികളും ലൈംഗികതയും ഉൾപ്പെട്ട വിഷയങ്ങളും കേസുകളും താരതമ്യേന കൂടുതൽ സമൂഹ/മാധ്യമശ്രദ്ധ ആകർഷിക്കുന്നത് എക്കാലത്തും ഏത് നാട്ടിലും പതിവാണെന്നത് മറക്കാനാവില്ല. അതുകൊണ്ട് അത് ന്യായീകരിക്കപ്പെടണമെന്നല്ല. പക്ഷേ കാലദേശഭേദമില്ലാത്ത ഒരു പ്രവണതയെ മലയാളിയുടെയോ മാധ്യമങ്ങളുടെയോ താക്കോൽദ്വാരക്കാഴ്ച്ചാതാല്പ്പര്യം മാത്രമായി വിലയിരുത്താൻ പാടില്ലെന്നേ ഉള്ളൂ. ഒരു മൂന്നാം ലോകപ്രവണതയായും ഇത് തള്ളാനാവില്ല. ലൈംഗികതയും ആൺ-പെൺ ബന്ധവും അടിച്ചമർത്തപ്പെടാതെ സ്വതന്ത്രമായി വളര്‍ന്ന് വികസിച്ച യു.എസ്സില്‍ പ്രസിഡണ്ട് ക്ലിന്റൻ-മോനിക്ക ലെവിൻസ്‌കി അവിഹിതബന്ധമല്ലേ അവിടെയും ലോകമാകെയും ഏറ്റവും ശ്രദ്ധ പിടിച്ചെടുത്ത വിഷയം? അറുപതുകളിൽ ബ്രിട്ടനിൽ രാഷ്ട്രീയക്കൊടുങ്കാറ്റ് വീശിയതിന് വഴിമരുന്നിട്ടത് യുദ്ധകാര്യമന്ത്രിയായ ജോൺ പ്രൊഫ്യൂമോയും നടിയും മോഡലുമായിരുന്ന ക്രിസ്റ്റീൻ കീലറുമായുള്ള ലൈംഗികബന്ധമായിരുന്നുവല്ലോ. ലൈംഗികത തന്നെ സമൂഹത്തിന് അതീവതാല്‍പ്പര്യമുള്ള വിഷയം. അത് അധികാരസ്ഥാനങ്ങളുമായി അവിഹിതമായി ഇണചേരുമ്പോൾ നൂറുമടങ്ങ് ആകർഷകമാകുന്നതും സ്വാഭാവികം. ആദ്യ ഭാര്യയെ കൊന്നും കാമുകിയുമായി ബന്ധം സ്ഥാപിച്ച ഒരു തട്ടിപ്പുകാരൻ, പരപുരുഷബന്ധങ്ങളിൽ അമിതസ്വാതന്ത്ര്യം നിലനിർത്തിയവരും സുന്ദരികളും തന്ത്രശാലികളുമായ യുവതികൾ, പണം, രാഷ്ട്രീയം എന്നീ ചേരുവകൾ ഈ കേസിന്റെ മുഖമുദ്രകളായപ്പോൾ അത് എക്കാലത്തെയും ജനപ്രിയ മസാലക്കൂട്ടായി മാറിയതിൽ അത്ഭുതപ്പെടാനെന്തുണ്ട്? അതിൽ മലയാളിയെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്താനാവില്ല. മാത്രമല്ല, പെൺ വിഷയങ്ങൾക്ക് പിന്നാലെ മാത്രമേ മാധ്യമങ്ങൾ പോകുള്ളൂ എന്ന ആക്ഷേപവും അടിസ്ഥാനരഹിതമാണ്. ഒരു പെൺ വിഷയവുമില്ലാത്ത സലിം രാജിന്റെ ഭൂമിത്തട്ടിപ്പ് കേസ് ഉദാഹരണം.

 

മറ്റൊരു വാദം ഈ കേസിൽ സർക്കാരിന്റെ പണമോ അല്ലെങ്കിൽ പൊതുപ്പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇത് ചില വ്യക്തികൾ തമ്മിലുള്ള തട്ടിപ്പ്പ്രശ്‌നം മാത്രമാണെന്നും അതുകൊണ്ട് എന്തിന് ഇത് ഇത്ര പൊതുവിവാദമാക്കുന്നെന്നുമാണ്. പക്ഷേ ഒന്നാമത് ഇത് ഒരു അന്വേഷണത്തിൽ തെളിയിക്കപ്പെടേണ്ടതാണ്. വ്യക്തികൾക്ക് മാത്രമേ പണം പോയിട്ടുള്ളൂ എന്നതാണ് ഇതുവരെ വന്ന കാര്യമെന്ന് മാത്രം. പതിനായിരക്കണക്കിനു കോടി രൂപയുടെ തട്ടിപ്പിന്റെ ഒരു അംശം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്ന് സർക്കാരിന്റെ ചീഫ് വിപ്പ് തന്നെ പറയുന്നു. സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ച പതിനായിരക്കണക്കിനു കോടി രൂപയുടെ സൗരോർജ്ജവ്യാപന പദ്ധതി ദുരുപയോഗപ്പെടുത്തി പണം തട്ടുവാനായിരുന്നത്രേ കുറ്റവാളികളുടെ ഉദ്ദേശം. പക്ഷേ കൂടുതൽ പ്രധാനമായ കാര്യം സർക്കാരിന്റെ പണമോ പൊതുപ്പണമോ നഷ്ടമായാൽ മാത്രമേ കുറ്റം ഗുരുതരമാകുകയുള്ളൂ എന്ന വാദം ഭരണഘടനാവിരുദ്ധം പോലുമാണ് എന്നതാണ്. അത് പൗരന്മാരുടെ അവകാശങ്ങളുടെ നേർക്കുള്ള തികഞ്ഞ അവഹേളനം ആണെന്ന് മാത്രമല്ല പൗരന്മാരുടെ സ്വത്തും ജീവനും സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയവർ നടത്തുന്ന ഭരണഘടനാലംഘനവുമാണ്. ഇതെങ്ങിനെ നിസ്സാരകാര്യമാകും? ഹൈക്കോടതി പലതവണ - അവസാനം ബെഞ്ച് മാറി വന്ന ജസ്റ്റീസ് ഹാറുൺ അൽ റഷീദ് പോലും - ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനെ അതിനിശിതമായി വിമർശിച്ചതും ഇത് മൂലമാണ്.

 

 

സോളാർ/സലിം രാജ് കേസുകൾ വളരെ ഗുരുതരമായ പ്രാധാന്യം ഉൾക്കൊള്ളുന്നത് സംസ്ഥാനത്തെ നിയമവാഴ്ച്ച അട്ടിമറിച്ച ഏറ്റവും പ്രധാനപ്പെട്ട ഒന്നായിത്തീർന്നതുകൊണ്ടാണ്. ഇതിനു മുമ്പ് ഇതുപോലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്‌ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് ഈ കേസുകൾ. പക്ഷേ ഈ കേസുകൾ പോലെ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന സംഭവം മുമ്പുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ജനാധിപത്യത്തിലും നിയമവാഴ്ചയിലും പൗരാവകാശത്തിലും അല്‍പ്പമെങ്കിലും താല്‍പ്പര്യമുള്ളവർക്ക് ഇതിൽ ശ്രദ്ധിക്കാതെ വയ്യ. കേരളചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ പെട്ട ഇത്രയധികം പേർ ക്രിമിനൽ തട്ടിപ്പ് കേസിൽ ഉൾപ്പെടുന്നത് ആദ്യം. ഇവരെല്ലാവരും വെറും പേഴ്സണൽ സ്റ്റാഫംഗങ്ങൾ അല്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത മനസാക്ഷി സൂക്ഷിപ്പുകാർ തന്നെയായിരുന്നു എന്നതും ഗുരുതരം. ഈ കേസിനുപുറമേ ഭാര്യയുടെ കൊലക്കേസിൽ പോലും പ്രതിയായ ഒരാളുമായും മറ്റ് കൂട്ടുപ്രതികളുമായും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങൾ മത്രമല്ല, മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നു എന്ന വസ്തുത നിസ്സാരമോ? ഈ പ്രതികൾക്ക് എന്തെങ്കിലും അനധികൃതമായ സഹായം ചെയ്തതിന് തെളിവില്ലെന്ന വാദം കൊണ്ട് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെയും ബന്ധങ്ങൾ മറച്ചുപിടിക്കാനാവുമോ?

 

യുവതികളും ലൈംഗികതയും ഉൾപ്പെട്ട വിഷയങ്ങളും കേസുകളും താരതമ്യേന കൂടുതൽ സമൂഹ/മാധ്യമശ്രദ്ധ ആകർഷിക്കുന്നത് എക്കാലത്തും ഏത് നാട്ടിലും പതിവാണെന്നത് മറക്കാനാവില്ല. അതുകൊണ്ട് അത് ന്യായീകരിക്കപ്പെടണമെന്നല്ല. പക്ഷേ കാലദേശഭേദമില്ലാത്ത ഒരു പ്രവണതയെ മലയാളിയുടെയോ മാധ്യമങ്ങളുടെയോ താക്കോൽദ്വാരക്കാഴ്ച്ചാതാല്പ്പര്യം മാത്രമായി വിലയിരുത്താൻ പാടില്ലെന്നേ ഉള്ളൂ.

 

ഈ ബന്ധങ്ങൾ വെളിപ്പെടുന്നതുവരെ മുഖ്യമന്ത്രി ഇതെല്ലാം നിഷേധിച്ചുവെന്ന് ഓർക്കണം. പക്ഷേ ഓരോ ദിവസം കഴിയും തോറും ഈ അമ്പരപ്പിക്കുന്ന ബന്ധങ്ങൾ കൂടുതൽ സുതാര്യമായി വരികയാണ്. എന്നാൽ സർക്കാരിന്റെ പ്രതികരണമാകട്ടെ പട്ടാള ഭരണങ്ങളിലെന്നപോലെ പരാതികൾ ഉന്നയിക്കുന്നവർ ഓരോരുത്തർക്കുമെതിരെ പോലീസിനെക്കൊണ്ട് കേസ് എടുപ്പിക്കുന്നു. ഈ കേസുകളിൽ ഓരോ സ്ഥാപനത്തിലും നടന്ന അട്ടിമറി ശ്രമങ്ങൾ കാണുക.

 

പോലീസ്

 

സോളാർ കേസിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതാണ് ഈ കേസ് അന്വേഷിക്കാൻ നിയമിക്കപ്പെട്ട പ്രത്യേകാന്വേഷണസംഘത്തിന്റെ ഏക നേട്ടം. അതുപോലും മുഖ്യമന്ത്രി രാജ്യത്തേ ഇല്ലാതിരുന്നപ്പോഴാണ് നടന്നത് എന്നത് ശ്രദ്ധേയം. മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോൾ അദ്ദേഹത്തെ അറിയിക്കാതെ ജോപ്പനെ അറസ്റ്റ് ചെയ്തതിന് സ്വന്തം ഗ്രൂപുകാരനായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെ എ ഗ്രൂപ്പുകാർ വട്ടമിട്ട് ആക്രമിക്കുകയും ചെയ്തു. എ ഗ്രൂപ്പുകാർ നയിക്കുന്ന കെ.എസ്.യുവും യൂത്ത് കോൺഗ്രസ്സും തിരുവഞ്ചൂരിനെ വിളിച്ച തെറിക്ക് കണക്കില്ല. അതുകൊണ്ടൊക്കെ മുഖ്യമന്ത്രി അറിയാതെയാണ് ജോപ്പന്റെ അറസ്റ്റ് നടന്നതെന്ന് സംശയമില്ല. എന്നാൽ അതോടെ പോലീസിന്റെ ആത്മാർഥമായ ശ്രമങ്ങൾ അവസാനിക്കുകയായിരുന്നു. സരിത നായരെ ജോപ്പനെക്കാൾ പലതവണ ഫോൺ വിളിച്ച ഗൺമാൻ സലിം രാജിനെയോ മുഖ്യമന്ത്രിയുടെ നാട്ടുകാരനായ ജിക്കുമോനെയോ പോലീസ് കണ്ടതായി ഭാവിച്ചില്ല. ചോദ്യം ചെയ്യലിലില്ല, അറസ്റ്റില്ല. ശാലു മേനോനെ അറസ്റ്റ് ചെയ്യാൻ ചീഫ് വിപ്പ് പി.സി ജോർജ്ജിന്റെ നിരന്തരമായ ആക്രോശം വേണ്ടിവന്നു. കോന്നി സ്വദേശി ശ്രീധരൻ നായർ മുഖ്യമന്ത്രിക്കെതിരെ ഒന്നും പരാതിപ്പെട്ടിട്ടില്ലെന്ന് പോലീസ് കോടതികളെ അറിയിച്ചതാണ് മറ്റൊരു നഗ്നമായ അട്ടിമറിശ്രമം. ഇത് ശുദ്ധ നുണയാണെന്ന് ശ്രീധരൻ നായർക്ക് സത്യവാങ്മൂലം നല്‍കേണ്ടിവന്നു. മുഖ്യമന്ത്രിക്കെതിരെ പരാതി പറഞ്ഞ കുരുവിളയെ അറസ്റ്റ് ചെയ്യുന്നതിനും സലിം രാജിനെതിരെ പരാതിപ്പെട്ട കളമശ്ശേരിയിലെ നാസ്സറിനെതിരെ കേസ് എടുക്കാൻ പോലീസും ശ്രീധരൻ നായർക്കെതിരെയുള്ള പഴയ കേസ് തട്ടിക്കൂട്ടിയെടുക്കാൻ റവന്യൂ വകുപ്പും കാണിച്ച തത്രപ്പാട് അടിയന്തിരാവസ്ഥയിലെ പോലീസ് രാജിനെയാണ് ഓർമ്മിപ്പിക്കുന്നത്. സലിം രാജിന്റെ ഭൂമിക്കയ്യേറ്റക്കേസിൽ ഫലപ്രദമായ അന്വേഷണം നടത്താത്തതിന് ഹൈക്കോടതി അതിനിശിതമായി ഡി.ജി.പിയെ വിമർശിക്കുകയുണ്ടായി. സലിം രാജിനെപ്പറ്റി തനിക്ക് ലഭിച്ച പരാതി അന്വേഷിക്കുന്നതിനു പകരം മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതിനെ ജസ്റ്റീസ് ഹാറുൺ അൽ രഷീദ് പരിഹസിച്ചത് കോൺസ്റ്റബിളിനെ ഡി.ജി.പിക്ക് ഭയമോ എന്നാണ്. അതേ സമയം ഡി.ജി.പി താൻ ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്ന് വിശദീകരിച്ചു. പക്ഷേ ഡി.ജി.പിയുടെ ഉത്തരവ് വന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണവും ഉണ്ടായില്ല. സലിം രാജ് കോഴിക്കോട്ട് ഒരു സ്ത്രീയെയും പുരുഷനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് അറസ്റ്റിലായ സംഭവത്തിലും സൈബർ പോലീസിന്റെ അടക്കം സഹായം അയാൾക്ക് ലഭിച്ചിരുന്നു. സോളാർ കേസിൽ പ്രതിയായ പി.ആർ.ഡി തലവൻ എ. ഫിറോസിനെ ഏറേനാൾ അറസ്റ്റ് വെട്ടിച്ചുനടക്കാനും പോലീസ് സഹായിച്ചിരുന്നു.

 

ജയിൽ

 

സോളാർ കേസിലെ വമ്പൻ അട്ടിമറികളുടെ ഒരു മുഖ്യ അരങ്ങ് ജയിലുകളാണ്. കോടതിയിൽ സുപ്രധാനമായ ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞതുമുതൽ സരിതയെ അതിൽ നിന്ന് തടയാനും സ്വാധീനിക്കാനും ജയിൽ-പോലീസ് അധികാരികൾ നടത്തിയ നീക്കങ്ങൾ അമ്പരപ്പിക്കുന്നതാണ്. സരിതയെ സന്ദർശിക്കാൻ പത്തനംതിട്ട ജയിലിൽ ചെന്ന റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടറെ തടയാനും അദ്ദേഹത്തിനെതിരെ കേസ് എടുക്കാനും നടത്തിയ നീക്കമായിരുന്നു ആദ്യം. എറണാകുളത്തെ മജിസ്റ്റ്രേട്ട് കോടതിയിൽ ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞ സരിതയെ അന്ന് മൂവാറ്റുപുഴ കോടതിയിൽ എത്തിച്ച് അത് മുടക്കാൻ ശ്രമിച്ചു. പിന്നീട് പത്തനംതിട്ട ജയിലിൽ സുരക്ഷ പോരെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലേക്ക് മാറ്റി. അപ്പോഴേക്കും കോടതിയിൽ സരിത ബോധിപ്പിക്കാൻ പോകുന്ന മൊഴിയിൽ ഉന്നത വ്യക്തികളുണ്ടാകുമെന്ന് അവരുടെ വക്കീൽ പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ എറണാകുളത്തെ ജഡ്ജി ഇടപെട്ട് വക്കീലിന്റെ സഹായം കൂടാതെ സരിതയ്ക്ക് മൊഴി രേഖപ്പെടുത്താമെന്ന് അറിയിച്ചതോടെ കളി ആകെ മാറി. സരിതയുടെ 22 പേജുണ്ടായിരുന്ന മൊഴി മൂന്ന് പേജായി ചുരുങ്ങി. അതിൽ പരാമർശിക്കുമെന്ന് പറഞ്ഞിരുന്ന വി.ഐ.പി പേരുകൾ ഒക്കെ അപ്രത്യക്ഷമായി. ആദ്യ മൊഴി 22 പേജായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട് തന്നെ രേഖാമൂലം സമ്മതിച്ചിരിക്കുന്നു. അട്ടക്കുളങ്ങര ജയിലിൽ സരിതയെ അവരുടെ അമ്മയും മറ്റൊരു പുരുഷനും കൂടി സന്ദർശിച്ചത് ഈ അട്ടിമറിക്ക് വേണ്ടിയായിരുന്നെന്നും അതിന് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഉദ്യോഗസ്ഥതലം

 

സലിം രാജിന്റെ ഭൂമിത്തട്ടിപ്പ് കേസുകളിലാണ് ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിയുടെ പരമ്പര തന്നെ നടന്നത്. തിരുവനന്തപുരത്ത് കടകംപിള്ളിയിലും എറണാകുളത്ത് കളമശ്ശേരിയിലും കഴിയുന്ന കുടുംബങ്ങളുടെ ഭൂമി കയ്യേറാൻ സലിം രാജും കൂട്ടരും ശ്രമിച്ചതിന് വില്ലേജ് ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെ കൂട്ടുനിന്നിരിക്കുന്നു. റവന്യൂ ഇന്റലിജൻസും പിന്നീട് ഡി.ജി.പിയും ഉത്തരവിട്ടിട്ടും ഇവർക്കാർക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. തണ്ടപ്പേര് തിരുത്തുന്നതുമുതൽ ന്യായമായ അവകാശമുള്ളവർക്ക് കരം അടയ്ക്കുന്നതിൽ നിന്ന് തടയുന്നതുവരെയുള്ള അക്രമങ്ങൾ റവന്യൂ വകുപ്പിൽ വ്യാപകമായി നടന്നിരിക്കുന്നു. സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി സലിം രാജിന്റെ ഫോൺ രേഖകൾ പിടിച്ചെടുക്കുന്നത് തടയാനും പിന്നീട് അയാൾക്കെതിരെ സി.ബി.ഐ അന്വേഷണം തടയാനും കോടതിയിൽ ഹാജരായത് ഈ ക്രിമിനലുകൾക്ക് വേണ്ടി സർക്കാരിന്റെ ഉദ്യോഗസ്ഥൻ തന്നെ വാദിക്കുന്ന വിചിത്രമായ കാഴ്ച്ചയായി.

 

കോടതി

 

ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്തെന്ന് ഒരാൾ പരസ്യമായി ഏറ്റുപറയുന്നത് കേരളം ആദ്യമായി കേട്ടത് ഐസ്‌ക്രീം കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റൗഫിൽ നിന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ തെളിവ് തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷേ തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടും കാര്യമായ അന്വേഷണം പോലുമില്ലാതെ അതൊക്കെ തേച്ചുമായ്ച്ചു കളയപ്പെട്ടു. തങ്ങളുടെ നീതിന്യായവ്യവസ്ഥയുടെ അത്യുന്നത തലങ്ങളെ അഴിമതി എന്ന അർബുദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും മിനക്കെടാതെ ഉദ്ബുദ്ധ കേരളം കൈ കെട്ടി നോക്കിനിന്നതേ ഉള്ളൂ. പക്ഷേ, സോളാർ കേസിലെപ്പോലെ വിവിധ കോടതികളിൽ കേസ് പുരോഗമിക്കവേ അത്ഭുതകരമായ അട്ടിമറികൾ നടന്ന മറ്റ് അനുഭവങ്ങൾ കേരളത്തിലില്ല.

 

രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്‌ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് സോളാർ/സലിം രാജ് കേസുകൾ.

 

ജുലൈ 20 ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേട്ട് (സാമ്പത്തികക്കുറ്റങ്ങൾ) കോടതിയിലായിരുന്നു ആദ്യം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അന്നാണ് തനിക്ക് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ടെന്ന് സരിത മജിസ്റ്റ്രേട്ട് രാജുവിനെ അറിയിച്ചത്. അടച്ചിട്ട മുറിയിൽ വെച്ച് മജിസ്റ്റ്രേട്ട് സരിതയുടെ വക്കീൽ ഫെനി ബാലകൃഷ്ണന്റെയും ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെയും ഒരു കോടതി ജീവനക്കാരിയുടെയും സാന്നിദ്ധ്യത്തിൽ മൊഴി കേട്ടു. പക്ഷേ അത് മജിസ്റ്റ്രേട്ട് അത് എഴുതി എടുത്തില്ല. എന്നിട്ട് തന്റെ വക്കീലിനോട് രേഖാമൂലം ഇത് സമർപ്പിക്കാൻ പറയാൻ അദ്ദേഹം നിർദേശിച്ചു. ജുലൈ 22-ന് സമർപ്പിക്കാമെന്ന് വക്കീൽ ഏറ്റു. പക്ഷേ ഇതിനുശേഷം ഈ മൊഴിയിൽ വി.ഐ.പികൾ ഉൾപ്പെടുമെന്ന് വക്കീൽ വെളിപ്പെടുത്തി. അതിനു ശേഷം അതിസമർഥമായ നീക്കങ്ങൾ അരങ്ങേറി. മൊഴി സമർപ്പിക്കാൻ സരിത എത്തുമെന്ന് പറഞ്ഞ 22-ന് അവരെ ജയിലധികൃതരും പോലീസും കൊണ്ടുപോയത് മറ്റൊരു കേസ് സംബന്ധിച്ചെന്ന് പറഞ്ഞ് കോതമംഗലം കോടതിയിലേക്ക്. ഇത് ഹൈക്കോടതിയുടെ നിശിതവിമർശനം ക്ഷണിച്ചുവരുത്തി. പ്രതിക്ക് മൊഴി നല്‍കാൻ അവസരം നിഷേധിച്ചതിന് ജഡ്ജി എസ്.എസ് സതീശ് ചന്ദ്രൻ പോലീസിനെ കഠിനമായി വിമർശിച്ചു. അന്വേഷണം ഇങ്ങനെ ഏകോപനമില്ലാതെ പോയാൽ അന്വേഷണസംഘത്തലവനായ എ.ഡി.ജി.പി എ. ഹേമചന്ദ്രനെ വിളിച്ചുവരുത്തേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. പിന്നീട് മൊഴി രേഖപ്പെടുത്താൻ നിശ്ചയിച്ചത് ജൂലൈ 26. എന്നാൽ അന്ന് തന്നെ സരിതയെ പത്തനംതിട്ട ജയിലിൽ സുരക്ഷ പോരെന്ന് പറഞ്ഞ് നൂറിലേറെ കിലോമീറ്റര്‍ ദൂരത്തുള്ള അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. അതുകൊണ്ട് അന്നും മൊഴി നല്‍കാനായില്ല.

 

പിറ്റേന്ന് മജിസ്റ്റ്രേട്ടിന്റെ സുപ്രധാനമായ ഉത്തരവ് വന്നു. മൊഴിയിൽ വി.ഐ.പി ഉണ്ടെന്നും മറ്റും പറയുന്നത് കളവാണെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ അധിക്ഷേപിക്കാനാണിതെന്നും വക്കീലിന്റെ സഹായമില്ലാതെ സരിത മൊഴി രേഖപ്പെടുത്തണമെന്നും വിദ്യാസമ്പന്നയായ പ്രതിക്ക് വക്കീലിന്റെ ആവശ്യം ഇല്ലെന്നുമൊക്കെയായിരുന്നു അസാധാരണമായ ഉത്തരവിൽ. പിറ്റേന്ന് സരിത മൊഴി നല്‍കി. വെറും നാലു പേജുള്ള മൊഴിയിൽ ഒരു വി.ഐ.പിക്കെതിരെയും ഒന്നുമില്ല. ഉള്ളത് ബിജു രാധാകൃഷ്ണനും ശാലു മേനോനുമെതിരെ ചില പരാമർശങ്ങൾ മാത്രം. സരിത പറഞ്ഞതുപ്രകാരം ആദ്യമെഴുതിയ മൊഴി താൻ കീറിക്കളഞ്ഞെന്ന് വക്കീൽ ബാലകൃഷ്ണൻ വെളിപ്പെടുത്തി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വിവരാവകാശ നിയമപ്രകാരം വന്ന ഒരു ചോദ്യത്തിനുത്തരമായി സരിത പത്തനംതിട്ട ജയിലിൽ വെച്ച് ആദ്യം തയ്യാറാക്കിയത് 22 പേജുള്ള മൊഴി ആയിരുന്നെന്ന് പത്തനംതിട്ട ജയിൽ സൂപ്രണ്ട് രേഖാമൂലം അറിയിക്കുകയും ചെയ്തു. അട്ടക്കുളങ്ങര ജയിലിലേക്ക് മാറിയ സരിതയെ കാണാൻ അമ്മയും ഒരു പുരുഷനും വന്നത് മൊഴി തിരുത്താനുള്ള നിർദേശത്തോടെയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതേത്തുടർന്ന് മജിസ്റ്റ്രേട്ട് രാജുവിനെതിരെ മൊഴി ആദ്യം രേഖപ്പെടുത്താതിന് ഹൈക്കോടതിയുടെ വിജിലൻസിൽ പരാതി ഉയര്‍ന്നു. മജിസ്റ്റ്രേട്ട് കേസ് കേള്‍ക്കുന്നതിൽ നിന്ന് ഒഴിയുകയും ചെയ്തു.ജയിലിൽ സരിതയെ സന്ദർശിച്ച ഡി.ഐ.ജി ഗോപകുമാർ ഒരു മുൻ ഐ.ജി ബദറുദ്ദീനിലൂടെ ബന്ധു ആയ ജയിൽ സൂപ്രണ്ടിനെ സ്വാധീനിച്ചാണ് മൊഴി തിരുത്തിയതെന്ന് സി.പി.ഐ.എം നേതാവ് എം. വിജയകുമാർ ആരോപിച്ചു. മുഖ്യമന്ത്രിക്കും മറ്റുമെതിരെ സരിത ആദ്യം പ്രത്യേകാന്വേഷണ സംഘത്തിന്റെ മുന്നിൽ പറഞ്ഞ വിവരങ്ങൾ റിക്കാഡ് ചെയ്യുകയോ കേസ് ഡയറിയിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ലെന്നും വിജയകുമാർ പറയുന്നു. ആ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് അറിയാമെന്നും അതാണ് അദ്ദേഹത്തിന്റെ കയ്യിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ആറ്റം ബോംബെന്നും കരുതാം. കേസിൽ നിന്നൊഴിഞ്ഞതോടെ മജിസ്റ്റ്രേട്ടിനെതിരെയുള്ള പരാതി തണുക്കുകയും ചെയ്തു. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നുമൊക്കെയായിരുന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ആവശ്യം.

 

ഇതിലും ഗംഭീരമായ പരിപാടിയായിരുന്നു ഹൈക്കോടതിയിൽ നടന്നത്. സോളാർ കേസും സലിം രാജിന്റെ ഭൂമിത്തട്ടിപ്പ് കേസും കേട്ടിരുന്ന ജഡ്ജിമാർ എസ്.എസ് സതീശ് ചന്ദ്രനും വി.കെ മോഹനനും സർക്കാരിനെതിരെ നിശിതമായ നിരീക്ഷണങ്ങൾ ആവർത്തിച്ച് നടത്തിവന്നു. സലിം രാജിന്റെ ഫോൺ രേഖകൾ പിടിച്ചെടുക്കണമെന്ന് ജസ്റ്റീസ് മോഹനന്റെ ഉത്തരവ് ഒറ്റ ദിവസത്തിനകമാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരിന്റെ ബെഞ്ച് സ്റ്റേ ചെയ്തത്. അസാധാരണ വേഗത്തിലായിരുന്നു ആ നീക്കം. ഇതെത്തുടർന്ന് ജസ്റ്റീസുമാർ സതീശ് ചന്ദ്രനും മോഹനനും മുമ്പ് ഇടതുപക്ഷക്കാരായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് കുറ്റപ്പെടുത്തി സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് പത്രത്തിൽ ലേഖനമെഴുതുക പോലും ചെയ്തു. ഇതിനെ തുടർന്ന് ഓണം അവധിക്ക് ശേഷം കോടതി പുനരാരംഭിച്ചപ്പോൾ നടന്നത് സോളാർ കേസും സലിം രാജ് കേസും സതീശ് ചന്ദ്രന്റെയും മോഹനന്റെയും ബെഞ്ചുകളിൽ നിന്ന് ചീഫ് ജസ്റ്റീസ് മാറ്റിയതാണ്. അവധി കഴിയുമ്പോൾ ചീഫ് ജസ്റ്റീസ് ചെയ്യുന്ന ഒരു പതിവ് കാര്യമാണെന്നായിരുന്നു സർക്കാരിന്റെ വ്യാഖ്യാനം. എന്നാൽ എല്ലാ ജഡ്ജിമാരെയും മാറ്റാത്തതെന്തെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങി. തുടർന്ന് സോളാർ കേസ് കേട്ട ജസ്റ്റീസ് ഹാറുൺ അൽ റഷീദിന്റെ ആദ്യ ഉത്തരവ് സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന പൊതുതാല്പ്പര്യഹർജി തള്ളുന്നതായിരുന്നു. മുഖ്യമന്ത്രിയെ പൂർണമായും കുറ്റവിമുക്തനാക്കി. സരിതയെ ശ്രീധരൻ കണ്ടാലോ സോളാർ പദ്ധതിയിൽ പണം മുടക്കണമെന്ന് പറഞ്ഞാലോ എന്താണ് കുഴപ്പമെന്ന് ജസ്റ്റീസ് ആരാഞ്ഞു. സിസിടിവി ദൃശ്യം പിടിച്ചെടുക്കേണ്ട ആവശ്യമേ ഇല്ലെന്നായിരുനു വിധി.

 

മുഖ്യമന്ത്രി

 

 

ഈ വിവാദം മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്നെന്ന് പരാതിപ്പെടുന്നവരുടെ മറ്റൊരു പ്രധാന വാദം പേഴ്സണൽ സ്റ്റാഫംഗങ്ങൾ ഉൾപ്പെട്ടുപോയതിന് മുഖ്യമന്ത്രി എന്ത് പിഴച്ചു എന്നാണ്. നിഷ്‌കളങ്കനായ അദ്ദേഹമറിയാതെ ഇതൊക്കെ സംഭവിച്ചുകൂടേ എന്ന് ഇവർ വേവലാതിപ്പെടുന്നു. പക്ഷേ സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തുന്നതാണ് ഈ വാദം. കുറ്റവാളികളായ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ അധികാരത്തിന്റെ ഒക്കെ സ്രോതസ്സ് മുഖ്യമന്ത്രി ആയതിനാൽ അദ്ദേഹത്തിന് ഇതിൽ പരോക്ഷമായെങ്കിലുമുള്ള ഉത്തരവാദിത്തം ആർക്ക് നിഷേധിക്കാനാവും? കുറ്റക്കാരെന്ന് തെളിഞ്ഞപ്പോൾ അവരെയെല്ലാം പുറത്താക്കിയില്ലേ എന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ ഇവരെയെല്ലാവരെയും പറ്റി മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞശേഷം മാത്രമാണ് പുറത്താക്കിയതെന്ന് വ്യക്തം. ചിലരാകട്ടെ സ്വയം രാജിവെച്ചവരും. ഇനി വാദത്തിനു വേണ്ടി മുഖ്യമന്ത്രി കുറ്റം ചെയ്തില്ലെന്ന് സമ്മതിക്കാം. പക്ഷേ അപ്പൊഴും മൂന്ന് സാധ്യതകൾ സമ്മതിക്കാതെ വയ്യ. ഒന്ന്: മേല്‍പ്പറഞ്ഞവർ അവകാശപ്പെടുന്നതു പോലെ കുറ്റവാളികളായ ഇത്രയുമധികം പേർ അദ്ദേഹത്തോടൊപ്പം മനസാക്ഷി സൂക്ഷിപ്പുകാരായി വർഷങ്ങളായി കൂടെയുണ്ടായിട്ടും ഉമ്മൻ ചാണ്ടി ഒന്നുമറിഞ്ഞില്ല. രണ്ട്: എല്ലാ കുറ്റകൃത്യങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. മൂന്ന്: പങ്കാളി അല്ലെങ്കിലും അറിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും അദ്ദേഹം ആർക്കെതിരെയും ഒരു നടപടിയും എടുത്തില്ല. ഇതിനെന്താകും കാരണം? ഒന്നുകിൽ അമ്പരപ്പിക്കുന്ന കെടുകാര്യസ്ഥത. അല്ലെങ്കിൽ നടപടി എടുക്കാൻ കഴിയാത്ത വിധം ഉള്ള വിധേയത്വം. ഇതിലേത് സാധ്യതയായാലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നതിന് സംശയമില്ല.

 

 

മുഖ്യമന്ത്രിയെ എന്നിട്ടും കുറ്റവിമുക്തരാക്കാൻ തത്രപ്പെടുന്നവരോട് ചില ചോദ്യങ്ങൾ.

 

1. കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു മുഖ്യമന്ത്രിക്ക് എന്നല്ല, ഒരു മന്ത്രിക്ക് പോലും ഇങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല എന്നത് അസാധാരണമാണെന്ന് എന്തുകൊണ്ട് തോന്നുന്നില്ല?

 

2. ഒന്നോ അല്ലെങ്കിൽ രണ്ടോ പേഴ്സസണൽ സ്റ്റാഫംഗങ്ങൾ ചീമുട്ടകളായിപ്പോയാൽ അത് മുഖ്യമന്ത്രി അറിയാതെ പോകാം. പക്ഷേ അഞ്ച് പേർ ഇങ്ങനെ ആയിട്ടും അറിയാതെ പോകുന്നത് എങ്ങിനെ യാദൃച്ഛികമാകും ? പട്ടിക നോക്കൂ. ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, സലിം രാജ്, ഗിരീഷ് കുമാർ, ഷാഫി മേത്തർ.

 

 

3. സ്റ്റാഫിൽ തനിക്ക് വലിയ ബന്ധമില്ലാത്ത ചിലരുടെ പൂർവചരിത്രമോ വർത്തമാനമോ മന്ത്രി അറിയാതെ പോകാം. പക്ഷേ 8 വർഷം വരെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവരെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ പോലും ആണ്. ഇവരിലൂടെ അല്ലാതെ മുഖ്യമന്ത്രിയെ വിളിക്കാൻ സഹമന്ത്രിമാർക്ക് പോലുമാവില്ല. ജോപ്പനും സലിം രാജും 8 വർഷമായി സ്റ്റാഫംഗങ്ങൾ. ജിക്കുമോൻ ജേക്കബ് അയല്‍ക്കാരന്‍. ആർ.കെ ബാലകൃഷ്ണൻ 25 വർഷമായി സന്തതസഹചാരി.

 

4. ഇവരിൽ ചിലരെ സ്റ്റാഫിൽ എടുക്കരുതെന്ന പോലീസിന്റെ വരെ നിർദ്ദേശം എന്തുകൊണ്ട് അദ്ദേഹം അവഗണിച്ചു? സലിം രാജിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് അദ്ദേഹത്തിന് ലഭിച്ചിരുന്നതാണ്.

 

5. ഇവരിൽ പലർക്കുമെതിരെ എത്രയോ മുമ്പ് തന്നെ പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ഒന്നും ചെയ്തില്ല? ജോപ്പനെപ്പറ്റി എത്രയോ മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള എല്ലാവർക്കും അറിയാമെന്ന് മാത്രമല്ല, പല പരാതികളും കിട്ടിയിരുന്നു. ജോപ്പനെയും സലിം രാജിനെയും പറ്റിയുള്ള പരാതികൾ മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരിട്ട് ബോധിപ്പിച്ചിരുന്ന കാര്യം ടി സി മാത്യു, കുരുവിള, സലിം രാജിന്റെ കളമശ്ശേരി ഭൂമിക്കയ്യേറ്റക്കേസിലെ പരാതിക്കാരൻ നാസർ എന്നിവർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

 

6. ബിജു രാധാകൃഷ്ണനുമായി ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ എന്തുകൊണ്ട് രഹസ്യമായി വെയ്ക്കുന്നു? കൊലപാതകവും ഒട്ടേറെപ്പേരെ തട്ടിപ്പിനിരയാക്കിയെന്നും ഉള്ള കേസുകളിലെ പ്രതിയായ ബിജുവുമായി കേരളമുഖ്യമന്ത്രി നടത്തിയ ചർച്ച എന്തെന്ന്അറിയാനുള്ള പൗരന്മാരുടെ അവകാശം എങ്ങിനെ അവഗണിക്കാനാവും? ബിജു, ഗണേശന്റെ അവിഹിതബന്ധക്കാര്യമാണ് പറഞ്ഞതെങ്കിൽ ഇതറിഞ്ഞിട്ടും ഗണേശനെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ല? ഈ തരക്കാരനാണെന്ന് അറിഞ്ഞിട്ടും പിന്നീട് ഗണേശന്റെ അവിഹിതബന്ധങ്ങളുടെ കാര്യം ഭാര്യ യാമിനി തങ്കച്ചി പരാതിപറഞ്ഞപ്പോഴും അദ്ദേഹം എന്തുകൊണ്ട് ഗൗരവമായി എടുത്തില്ല ?

 

7. സരിതാ നായരെ കണ്ടിട്ടേയില്ലെന്ന് അദ്ദേഹം എന്തിന് ആദ്യം അവകാശപ്പെട്ടു? ആദ്യമായി ദില്ലിയിലെ മുഖ്യമന്ത്രിയുടെ ഉറ്റ അനുചരൻ തോമസ് കുരുവിള ദില്ലി വിജ്ഞാൻ ഭവനിൽ സരിതയെ ഉമ്മൻ ചാണ്ടി കണ്ടെന്ന് പറഞ്ഞപ്പോൾ മാത്രം ചിലപ്പോൾ ഏതെങ്കിലും കൂട്ടത്തിൽ കണ്ടിരിക്കാമെന്ന് മാത്രം പറഞ്ഞ് അദ്ദേഹം തടിതപ്പി. പിന്നീട് കോട്ടയത്ത് ഒരു ചടങ്ങിൽ ചാണ്ടിയുടെയും സരിതയുടെയും ഒത്തുള്ള ചിത്രം വന്നപ്പോൾ അത് താനറിഞ്ഞാകില്ലെന്ന് അദ്ദേഹം വാദിച്ചു. അതും കഴിഞ്ഞ് സരിത മുഖ്യമന്ത്രിയെ താനും സരിതയും ഒന്നിച്ചു കണ്ടെന്ന് മല്ലേലിൽ ശ്രീധരൻ നായർ പറഞ്ഞപ്പോൾ, സരിതയെയും ശ്രീധരൻ നായരെയും ഒറ്റയ്ക്കൊറ്റയ്ക്കേ കണ്ടിട്ടുള്ളൂ എന്നും ഒന്നിച്ച് കണ്ടിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഇതിന് സിസിടിവി പരിശോധിക്കാൻ ശ്രീധരൻ നായർ വെല്ലുവിളിച്ചപ്പോൾ ആ ദൃശ്യങ്ങൾ എടുക്കാൻ സാങ്കേതികമായി കഴിയില്ലെന്നുമായി മുഖ്യമന്ത്രി.

 

ഇതൊക്കെ കഴിഞ്ഞും ഈ മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് മുദ്രകുത്തേണ്ടതില്ലെന്ന് വാദത്തിന് സമ്മതിക്കാം. പ്രത്യേകിച്ച് അൻപത് വർഷത്തിലേറെയായി കേരളരാഷ്ട്രീയത്തിൽ സജീവമായ ആളും പലതവണ മന്ത്രിയായ ആളും ആയ ഉമ്മൻ ചാണ്ടി ഇതുവരെ അഴിമതിക്കറ പുരളാത്ത പ്രതിഛായ ഉള്ള ആളുമാണ്. പക്ഷേ അതുകൊണ്ട് ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന വാദം ജനായത്തത്തിൽ അംഗീകരിക്കാനാവുമോ? പക്ഷേ ജുഡീഷ്യൽ അന്വേഷണത്തിലും പോലീസ് അന്വേഷണത്തിലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ അന്വേഷണപരിധിയിൽ നിന്നു പോലും ഒഴിവാക്കുന്നത് സ്വന്തം അഗ്നിശുദ്ധി തെളിയിക്കാനുള്ള സാദ്ധ്യത തന്നെ അടച്ചുകളയുകയും അദ്ദേഹത്തിനെതിരെ ജനമനസ്സുകളിൽ സംശയം നിറയ്ക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ ആണ് ആ അവഗണിക്കാനാവാത്ത പ്രാചീനവാചകം. സീസർ അല്ല, സീസറിന്റെ ഭാര്യപോലും സംശയാതീത ആകണം; പോരാ, അത് സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഇത് സീസറുടെ രാജഭരണത്തിൽ പോലും ശരിയെങ്കിൽ ആധുനിക ജനായത്തത്തിൽ ഇതിന്റെ പ്രസക്തി ആവർത്തിച്ച് ഉന്നയിക്കുന്ന മാധ്യമങ്ങളെ അധിക്ഷേപിക്കുന്നതല്ലേ ജനായത്തവിരുദ്ധം?

Tags