കാല് നൂറ്റാണ്ടത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് എതിര് പാര്‍ട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നത്. ലെനിന് പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് മുതല്‍ വീടുകയറി സി.പി.എം അനുഭാവികളെ ആക്രമിക്കല്‍ വരെ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം നീണ്ടു. ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 25 വര്‍ഷമായി തുടര്‍ന്നുവന്ന സി.പി.എം ഭരണം ആധികാരികമായി പിടിച്ചെടുത്തതില്‍ ബി.ജെ.പി അണികള്‍ക്ക് സ്വാഭാവികമായും ആവേശം ഉണ്ടാകും. എന്നാല്‍ ആ ആവേശത്തിന്റെ പേരില്‍ പരാജയപ്പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ജനായത്ത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന നടപടിയല്ല.
ബി.ജെ.പി സ്വയം അവകാശപ്പെടുന്നത് തങ്ങള്‍ ഭാരതീയ പാരമ്പര്യത്തെയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് എന്നാണ്. വസുദൈവ കുടുംബകം എന്നതിലൂന്നിയ പാര്യമ്പര്യമാണ് ഇന്ത്യക്കുള്ളത്. ലോകത്തുള്ള എല്ലാവരെയും അംഗീകരിക്കുന്ന, എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നുള്ള വലിയ സങ്കല്‍പ്പം പേറുന്നവരാണ് ഇന്ത്യക്കാര്‍.യഥാര്‍ത്ഥ ഹിന്ദുക്കള്‍ തങ്ങളാണെന്ന വാദവും ബി.ജെ.പിക്കാര്‍ ഉന്നയിക്കുന്നു, മറ്റുള്ളവരെ അംഗീകരിക്കണമെന്നാണ് ഹിന്ദുത്വവും പറയുന്നത്. ഈ സാഹചര്യത്തിലാണ് ത്രിപുരയില്‍ ബി.ജെ.പി ഉന്മൂലനത്തിന്റെ പാത സ്വീകരിക്കുന്നത്.
ബി.ജെ.പി യുടെ ആക്രമണത്തെ ഐ.എസ് മധ്യേഷ്യയില്‍ നടത്തുന്ന ആക്രമണവുമായിട്ടാണ് ചില സി.പി.എം നേതാക്കള്‍ താരതമ്യം ചെയ്യുന്നത്. ഇത് പറയുന്നവര്‍ തന്നെയാണ് 51 വെട്ടും 37 വെട്ടും മനുഷ്യശരീരത്തില്‍ നടത്തുന്നത് എന്നതാണ് വിരോധാഭാസം. കലാലയത്തില്‍ പോലും എതിര് പാര്‍ട്ടിക്കാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത ശൈലിയാണ് ഇടതുപക്ഷം പിന്തുടരുന്നത്. നേരത്തെ പറഞ്ഞ ഉന്മൂലന നയം തന്നെ.
ബി.ജെ.പി മതത്തെ മുന്നില്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ ആ തീവ്ര നിലപാടിന് ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നാണ് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വെളിവാകുന്നത്.സി.പി.എം മതേതരത്വം പ്രത്യക്ഷത്തില്‍ പ്രഖ്യാപിച്ച് പരോക്ഷത്തില്‍ പ്രീണനവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. ഈ രണ്ട് സമീപനങ്ങളും അക്രമത്തിലേക്കാണ് നയിക്കുക. ആക്രമണം ആര് നടത്തിയാലും അത് നീതീകരിക്കാനാവില്ല. അങ്ങനെ ചെയ്യുന്നപക്ഷം ജനായത്തം ഏകാധിപത്യത്തിലേക്ക് നീങ്ങും.