Skip to main content

madhu-attappadi

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.

 

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടന്ന ഈ മൂന്ന് സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിലൂടെ, വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് നടപടി എടുക്കാം. ഈ തല്ലിക്കൊന്നവരുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അത്തരത്തില്‍ പ്രധാനമായും തല്ലിക്കൊല്ലല്‍ സംസ്‌കാരത്തിന് കേരളത്തില്‍ പ്രചാരം നല്‍കിയ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനമാണ്  ഇപ്പോള്‍ തൃശൂരില്‍ നടക്കുന്നത്. ആ പാര്‍ട്ടി കേരളത്തിലെ മറ്റ് പ്രസ്ഥാനങ്ങളെയും സാംസ്‌കാരികമായി ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

 

 

കെ.എം മാണി ബഹുജന അടിത്തറയുള്ള നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഫെബ്രുവരി 21ന് പ്രഖ്യാപിക്കുകയുണ്ടായി. കെ.എം മാണി ബഹുജന അടിത്തറയുള്ള നേതാവ് തന്നെയാണ്. അദ്ദേഹം കേരളത്തിലെ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിനിധിയും കൂടിയാണ്. കേരളത്തിന്റെ പരിപാവനമായ വനമേഖലകളില്‍ മുഴുവന്‍ കടന്നു കയറി, അവിടെ ഉണ്ടായിരുന്ന മനുഷ്യരെയും മരങ്ങളെയും മൃഗങ്ങളെയും ആട്ടിപ്പായിച്ച്, കുടിയേറി ആധിപത്യം സ്ഥാപിച്ച സമൂഹത്തിന്റെ പ്രതിനിധി. ആ സമൂഹത്തിന്റെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി ഉടലെടുത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്.

 

എട്ട് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ ധനമന്ത്രിയാണ് കെ.എം മാണി. ഓരോ ബജറ്റുകള്‍ അവതരിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ ജനകീയ അടിത്തറ വികസിച്ചു. കാടിന്റെ മക്കളെ കാട്ടില്‍ നിന്ന് ആട്ടിയകറ്റിയതിനു പുറമെ, കാടിന്റെ മക്കളെ ഊട്ടാന്‍ വേണ്ടി കൊണ്ടുവന്ന പദ്ധതികളും തട്ടി മാറ്റപ്പെട്ടു. അവിടെ കെ.എം മാണിയോട് കൂട്ട് കൂടിയവരും അതിന്റെ പങ്ക് പറ്റി. കാട് നഷ്ടപ്പെട്ട, വീട് നഷ്ടപ്പെട്ട, ഭക്ഷണം നഷ്ടപ്പെട്ട ആദിവാസി നാട്ടിലേക്കിറങ്ങുമ്പോള്‍, അവരെ കാടിറങ്ങുന്ന മൃഗത്തെപോലെ നാം, രാഷ്ട്രീയ പ്രബുദ്ധത നേടിയ മലയാളി തല്ലിക്കൊല്ലുന്നു.

 

ഇപ്പോഴത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കും മാണിയെക്കാള്‍ വിഭിന്നനല്ല. മധുവിന്റ കൊലയില്‍ അദ്ദേഹം ഖിന്നനാണ്. എഴുപതുകളുടെ അവസാനത്തില്‍ ഫ്രാങ്കി സായിപ്പ് പറഞ്ഞതാണ് മധുവിന്റെ കൊലപാതകം അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നത്. തൊട്ട് മുന്നില്‍ നടക്കുന്ന യാഥാര്‍ത്ഥ്യത്തെ കണ്ണ് തുറന്ന് കാണാനുള്ള തന്റേടമില്ലാതെ പ്രത്യേയ ശാസ്ത്രങ്ങളിലും സിദ്ധാന്തങ്ങളിലും അഭിരമിച്ച്, അതിനുള്ളില്‍ നിന്ന് നിധി കണ്ടെത്തുന്ന വൈകാരിക രോഗലക്ഷണമാണ് സംസ്ഥാനം ഭരിക്കുന്ന ധനമന്ത്രിയും, കേരളത്തിന്റെ ഗതി നിര്‍ണയിച്ച രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയും കൂടിയായ ഡോക്ടര്‍ തോമസ് ഐസക് പ്രകടമാക്കുന്നത്.

 

ലജ്ജിക്കേണ്ടതാണ്. ഐസക്, ആദിവാസിയെ തല്ലികൊല്ലുന്നത് കാണുമ്പോള്‍ സൈദ്ധാന്തിക രതിയില്‍ ഏര്‍പ്പെട്ട് വൈകാരിക വ്യക്തിനിഷ്ഠ സുഖാനുഭൂതിയില്‍ ലയിക്കുന്നത്, മധുവിനെ ആക്രമിക്കുന്നത് സെല്‍ഫി എടുക്കന്ന സാധാരണ പൗരനേക്കാള്‍ കഷ്ടമാണ്. കെ എം മാണി കോഴ വാങ്ങി എന്നും ആ മാണിയെ നിയമസഭക്കുള്ളില്‍ ചവിട്ടി അരയ്ക്കാനുള്ള ആവേശത്തോടെ, കുടിയേറ്റക്കാര്‍ കാട് കയറിയതിനേക്കാള്‍ ഭീകരമായ രീതയില്‍ സഭയെ തകര്‍ത്ത പ്രസ്ഥാന നേതൃത്വം തന്നെയാണ് ഇപ്പോള്‍ കെ.എം മാണിയെ മുന്നണിയില്‍ എടുക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. ഓരോ മലയാളിയും സ്വയം ചോദിക്കുക മധുവിനെ തല്ലിക്കൊന്നതാര്?

 

Tags