Skip to main content

കഴിഞ്ഞ അരനൂറ്റാണ്ടായി  അട്ടപ്പാടിയിലെ ആദിവാസികളുടെ പേരില്‍ ചെലവഴിച്ച തുക എത്രയെന്നതു സംബന്ധിച്ച് തിട്ടമില്ല. ഒരു കാര്യം ഉറപ്പാണ്. ആ തുകയുണ്ടായിരുന്നെങ്കില്‍ അനേകം അട്ടപ്പാടികളെ സ്വർഗ്ഗഭൂമിയാക്കാമായിരുന്നു. സന്നദ്ധസംഘടനകളും അല്ലാത്തവരും സർക്കാരുകളും ഇതിനെല്ലാം പുറമേ  ആക്ടിവിസ്റ്റുകളായ മാധ്യമപ്രവർത്തകരും എല്ലാം അട്ടപ്പാടിയിലെത്തുകയുണ്ടായി. ചില മാധ്യമപ്രവർത്തകർക്കും മറ്റുചില സാമൂഹ്യപ്രവർത്തകർക്കും അട്ടപ്പാടിയുടെ പേരില്‍ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേരളാമോഡല്‍ വികസനമാതൃക ലോകമെമ്പാടും കൊട്ടിഘോഷിക്കപ്പെട്ടു. ആ വികസനത്തിന്റെ ഫലകാലം കഴിഞ്ഞ് ദോഷകാലത്തെത്തി. ഇതിന്റെ ഫലകാലത്തും ദോഷകാലത്തും അട്ടപ്പാടിയിലെ ആദിവാസികൾക്ക് ദോഷകാലമായിരുന്നു. ഇപ്പോൾ അവിടുത്തെ ആദിവാസികൾ പുഴുത്ത് മരിക്കുന്നു. കുഞ്ഞുങ്ങൾ ഗതിയില്ലാതെ ജന്മമെടുത്ത് പോഷകക്കുറവുക്കൊണ്ട് മരിക്കുന്നു. കുഞ്ഞുങ്ങൾ പോഷകക്കുറവുമൂലം മരിക്കാൻ കാരണം ഗർഭകാലത്ത് സ്ത്രീകൾ മദ്യപിക്കുന്നതു മൂലമാണെന്ന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി ജോസഫ്. അവർ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തതു കൊണ്ടാണെന്ന്‍ മുഖ്യമന്ത്രി. അട്ടപ്പാടിയിലെ ഭൂപ്രദേശം ഇല്ലാതായതുപോലെ അവിടുത്തെ  ആദിവാസികളും ഇല്ലാതാകാൻ പോവുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

 

ആ ജനതയെ ഇല്ലാതാക്കിയത് ഇവിടുത്തെ സർക്കാരുകളും അട്ടപ്പാടിക്കു പുറത്തുള്ള സാക്ഷര-സാംസ്‌കാരിക ദേശക്കാരുമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി തുടർന്നു വന്ന വികസനത്തിന്റെ ആദ്യത്തെ  വംശരക്തസാക്ഷികളാണ് അട്ടപ്പാടിയിലെ ആദിവാസികൾ. അമേരിക്കൻ വികസനമാതൃകയും വിദേശസഞ്ചാരവേളയില്‍ ഐ.എ.എസ്സ് ഉദ്യോഗസ്ഥരും വിദഗ്ധരും പകർത്തിക്കൊണ്ടുവന്ന്‍ നടപ്പാക്കിയ, നടപ്പാക്കുന്ന വികസനത്തിന്റെ ബലിയാടുകൾ. ഒരു വിഭാഗമെന്ന നിലയില്‍ ആദിവാസികൾ ഒന്നിച്ചു നശിക്കാൻ പോകുന്നു.

 

ഭരണാധികാരികൾ ശാന്തരായും സുഖത്തോടും ചിന്തിക്കേണ്ടതും ചലിക്കേണ്ടതും ആവശ്യമാണ്. കാരണം, അവരുടെ ചിന്തയിലും ബുദ്ധിയിലും തെളിയുന്ന ആശയങ്ങളുടെ ഫലമായി എടുക്കപ്പെടുന്ന തീരുമാനങ്ങളാണ് രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. അതിനാലാണ് അവർക്ക് നാം എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കിക്കൊടുക്കുന്നത്. അവർ പക്ഷേ അതെല്ലാം  പലപ്പോഴും ഉപയോഗിക്കുന്നത് അമിതവേഗത്തില്‍ ജനങ്ങളില്‍ ഭീതിയുളവാക്കിക്കൊണ്ട്, സഞ്ചരിക്കാനും ഒരു വേദിയില്‍ നിന്ന്‍ ഇരിക്കാൻപോലും നേരമില്ലാത്തവിധം ഓടാനുമാണ്.

 

ഒരു കുഞ്ഞ് പിറവി തൊട്ട് മരണം വരെ എങ്ങനെ ജീവിക്കണമെന്ന്‍ കൃത്യമായ ചിട്ടവട്ടമുണ്ടായിരുന്ന സംസ്‌കൃതിയില്‍ കഴിഞ്ഞിരുന്ന ആദിവാസി ഗർഭിണികൾ ഇന്ന്‍ മദ്യപിക്കണമെങ്കില്‍ അവർ ഏതവസ്ഥയിലായിരിക്കണമെന്നും അതിനുത്തരവാദി അവരാണോ എന്നും സാംസ്‌കാരിക വകുപ്പുമന്ത്രി  തെല്ലെന്നൊലോചിച്ചാല്‍ മനസ്സിലാകും.

 

മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും അട്ടപ്പാടിയിലെ ജനങ്ങളെക്കുറിച്ച് പറഞ്ഞത് കേട്ടിട്ട്‌ തങ്ങളെ ആക്ഷേപിച്ചു എന്നറിഞ്ഞ് സ്വയം പ്രതിഷേധം പോലും പ്രകടിപ്പിക്കാൻ അവർക്ക് കഴിവില്ല. അതുകേട്ടും അവർ തമ്പുരാക്കന്മാരെ നോക്കി കൗതുകത്തോടെ ചിരിക്കുന്നു. മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും  അവരെ കുറ്റപ്പെടുത്തുകയാണുണ്ടായത്. അവർ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ ആ വാചകങ്ങൾ അവരില്‍ നിന്നുണ്ടാവില്ലായിരുന്നു. അവരെക്കൊണ്ട് അത് പറയിക്കാൻ പ്രേരിപ്പിച്ചത് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്നോർക്കുമ്പോൾ മനുഷ്യന് എത്രമാത്രം ചെറുതാകാൻ കഴിയുമെന്നുള്ളതിന്റെ വ്യാപ്തിയും വെളിവാകുന്നു.

 

മുഖ്യമന്ത്രി പറയുന്നു, അവർക്ക് അരിയും റാഗിയും എത്തിച്ചുകൊടുത്തുവെന്ന്‍.  അവരത് കഴിക്കാത്തതാണ് പ്രശ്‌നമെന്ന്‍ പറയുന്നു. ദില്ലിയില്‍ നിന്ന്‍ ധനകാര്യമന്ത്രി കെ.എം മാണിയും അതു തന്നെ പറയുന്നു. ഒരു നിമിഷം ആലോചിച്ചാല്‍ മനസ്സിലാകുന്നതേയുള്ളു.  ഈ മന്ത്രിമാർ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം നല്‍കിയാല്‍ കഴിക്കുമോ?  ധനകാര്യമന്ത്രി  രോഷത്തോടെയാണ് പറയുന്നത് പോഷകമുള്ള ഭക്ഷണം ഉണ്ടായിട്ടും കഴിക്കാത്തതാണ് പോഷകക്കുറവുമൂലം കുട്ടികൾ മരിക്കാൻ കാരണമെന്ന്‍. ആ ബോധം അവർക്കുണ്ടായിരുന്നെങ്കില്‍ ഇന്ന്‍ അട്ടപ്പാടിയിലെ ആദിവാസികളും ഈ മന്ത്രിമാരെപ്പോലെ എല്ലാ ഭക്ഷണവും കഴിക്കാൻ കഴിയാതെ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ രമിച്ച് പ്രമേഹാദി രോഗങ്ങളാല്‍ ആരോപണ പ്രത്യാരോപണ കടന്നാക്രമണലോകത്ത് വിലസുമായിരുന്നു.

 

മുഖ്യമന്ത്രിയുടെയും  മറ്റ് മന്ത്രിമാരുടേയും പ്രസ്താവനകൾ അട്ടപ്പാടിയിലെ ജനങ്ങളുടെ യഥാർഥ പ്രശ്‌നത്തിന്റെ മുഖം വ്യക്തമാക്കുന്നു. പ്രകൃതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന, പ്രകൃതിയെ ആരാധിച്ചും സംരക്ഷിച്ചും അതിനെ ആശ്രയിച്ചും ജീവിച്ചുപോന്ന ആദിവാസികളെ  ഐ.എ.എസ്സുകാരേയും വിദഗ്ധരേയും  അമേരിക്ക പഠിപ്പിച്ച വികസനമാതൃകയ്ക്ക് ഇരകളാക്കി. വളരെ വൃത്തിയോടും നാട്ടിലെ മനുഷ്യരേക്കാൾ ശുദ്ധിയോടും ആരോഗ്യത്തോടും ജീവിച്ച ആദിവാസികളെ പ്രകൃതിയില്‍ നിന്നും ആദ്യം അടർത്തി മാറ്റി. അവരുടെ ദൈവത്തിന്റെ മടിയില്‍ നിന്നുമാണ് അവരെ വെട്ടിമാറ്റിയത്. ദൈവത്തില്‍ നിന്ന്‍ വെട്ടിമാറ്റിയ അവരോട്  ഉദ്ധാരണത്തിന്റെ ഭാഗമായി നഗരത്തിന്റെ രുചി ശീലിക്കാൻ ആവശ്യപ്പെട്ടു. അവരിറങ്ങിയ മല സമാന്തരമായി  നാട്ടുപ്രമാണികൾ രാഷ്ട്രീയത്തിന്റെ ബലത്തില്‍ കുടിയേറുകയും കയ്യേറുകയും ചെയ്തു. അങ്ങനെ അവരുടെ അന്നവും മുടങ്ങി. അവരുടെ ദൈവവും വീടും അന്നവും നമ്മൾ തട്ടിപ്പറിച്ചു. പിന്നെ,  അവരുടെ പുനരധിവാസം. ഒരുപക്ഷേ ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ അഴിമതിയുടെ ചരിത്രം രചിച്ചുകൊണ്ട് അട്ടപ്പാടിയിലേക്ക് കേന്ദ്ര-സംസ്ഥാന, ഐക്യരാഷ്ട്രസഭാഫണ്ടുകളുടെ ഒഴുക്കുണ്ടായി.          ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവർക്ക് രുചിക്കാത്ത വികസനം അവരെ ഇല്ലാതാക്കി. അവരുടെ കോശസ്മൃതികളിലൂടെ അവരുടെ രുചികളും ദൈവങ്ങളും അവരെ വേട്ടയാടുന്നു. നരവംശശാസ്ത്രപരമായി നോക്കുകകയാണെങ്കില്‍ മനുഷ്യകുലത്തിന്റെ പരിണാമഘട്ടങ്ങളുടെ ചരിത്രം പേറിയിരുന്ന, അമൂല്യമായ അറിവുകൾ തലമുറകളായി സൂക്ഷിച്ചിരുന്ന അവർ ഇന്ന്‍ ആരുമല്ലാതായി. അവർക്ക് തന്നെ അറിയില്ല, അവർ ആരാണെന്ന്‍. നാട്ടില്‍ നിന്നെത്തുന്ന വികസനക്കാരെയും വിദഗ്ധരേയും പരിഷ്‌കൃതരേയും കാണുമ്പോൾ കാഴ്ചബംഗ്ലാവില്‍ കുട്ടികളുടെ മുഖത്തുണ്ടാവുന്ന വിസ്മയത്തോടെയാണ് അവർ നോക്കുന്നത്.

 

ദൈവം നഷ്ടപ്പെട്ട്, പ്രകൃതിയുമായുള്ള താളം നഷ്ടപ്പെട്ട്, ആചാരങ്ങളിലൂടെ നിലനിന്നിരുന്ന സംസ്‌കാരം നഷ്ടപ്പെട്ട്, എന്നാല്‍ നഷ്ടപ്പെട്ടത് എന്താണെന്ന്‍ ഇപ്പോഴും തിരിച്ചറിയാൻ കഴിയാതെ, കാണുന്നതിനെയെല്ലാം കൗതുകത്തോടെ കാണുന്ന ആദിവാസികളെ നാം ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.

 

ഒരു കുഞ്ഞ് പിറവി തൊട്ട് മരണം വരെ എങ്ങനെ ജീവിക്കണമെന്ന്‍ കൃത്യമായ ചിട്ടവട്ടമുണ്ടായിരുന്ന സംസ്‌കൃതിയില്‍ കഴിഞ്ഞിരുന്ന ആദിവാസി ഗർഭിണികൾ ഇന്ന്‍ മദ്യപിക്കണമെങ്കില്‍ അവർ ഏതവസ്ഥയിലായിരിക്കണമെന്നും അതിനുത്തരവാദി അവരാണോ എന്നും സാംസ്‌കാരിക വകുപ്പുമന്ത്രി  തെല്ലെന്നൊലോചിച്ചാല്‍ മനസ്സിലാകും. കടത്തിണ്ണയില്‍ കിടക്കുന്ന നാടോടികൾ പോലും ഗർഭിണിയായാല്‍ ഉള്ളിലെ കുഞ്ഞിനെ കരുതി ജീവിക്കുന്നു. അതുകൊണ്ടുതന്നെ അനാരോഗ്യ അവസ്ഥയിലും അവരുടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരുന്നു. ദൈവം നഷ്ടപ്പെട്ട്, പ്രകൃതിയുമായുള്ള താളം നഷ്ടപ്പെട്ട്, ആചാരങ്ങളിലൂടെ നിലനിന്നിരുന്ന സംസ്‌കാരം നഷ്ടപ്പെട്ട്, എന്നാല്‍ നഷ്ടപ്പെട്ടത് എന്താണെന്ന്‍ ഇപ്പോഴും തിരിച്ചറിയാൻ കഴിയാതെ കാണുന്നതിനെയെല്ലാം കൗതുകത്തോടെ കാണുന്ന ആദിവാസികളെ നാം ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. അവരെനോക്കി, നിങ്ങൾ മദ്യപിക്കുന്നതാണ് കുഴപ്പം, ഞങ്ങൾ ചെയ്യാനുളളതെല്ലാം ചെയ്തിട്ടുണ്ട് എന്ന്‍ മന്ത്രിമാർ പറയുന്നതിനെ  വിലയിരുത്തുക അസാധ്യം. ഗാഡ്ഗില്‍ റിപ്പോർട്ടിനെക്കുറിച്ച് ധാർമികരോഷം കൊള്ളുന്ന സർക്കാരിനേയും സ്ഥാപിതതാല്‍പ്പര്യക്കാരേയും ഈയവസരത്തില്‍ ഒന്നോർക്കുന്നതും നന്നായിരിക്കും.

 

മനുഷ്യനാണോ എന്നുപോലും സംശയിച്ചുപോകുന്ന, നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത (കൈവിലങ്ങുപോലും) ഗർഭിണികൾ മദ്യപിക്കുന്നു. ഒരുപക്ഷേ നാം മദ്യത്തെ കാണുന്നതു പോലെയാണോ അവർ അതിനെ കാണുന്നതെന്നുപോലും നിശ്ചയമില്ല. ജനിതകമായ കോശസ്മൃതികളുടെ ബലത്താലായിരിക്കും അവർ ഇപ്പോഴും സത്യസന്ധരായി തുടരുന്നു. അതുകൊണ്ടാണ് പോഷകാഹാരം മുമ്പിലെത്തിച്ചിട്ടും രുചിക്കാത്തതിന്റെ പേരില്‍ അവർ കഴിക്കാതെ, മരണത്തെ പേടിക്കാതെ, മരിച്ചുകൊണ്ട് ജീവിക്കുന്നത്. അവരുടെ രുചി മനസ്സിലാക്കി, അവർക്ക് രുചിക്കുന്ന പുരധിവാസമാണ് അവിടെ ആവശ്യം. അതിനു കഴിയാത്ത പക്ഷം അവരെ ദയാമരണത്തിന് വിടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ അവരെ നാം സ്വസ്ഥതയോടെ  മരിക്കാൻപോലും അനുവദിക്കാത്ത അവസ്ഥവരും. കാറ്റാടിയന്ത്രം വയ്ക്കാൻ കൊടുക്കുന്ന സ്ഥലത്തുനിന്ന്‍ വാടകവാങ്ങി ആദിവാസികൾക്ക് സുഖകരമായി ജീവിക്കാമെന്നൊക്കെ മുഖ്യമന്ത്രി പറയുമ്പോൾ എന്തുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോർട്ട് സംസ്ഥാനത്തിന് ദോഷകരമായി മാറുമെന്ന്‍ പറഞ്ഞ് നിയമസഭയെക്കൊണ്ട് പ്രമേയം പാസ്സാക്കിക്കാൻ തിടുക്കം കൂട്ടുന്നതെന്നു മനസ്സിലാകും. ജനതയുടെ ജീവിതത്തില്‍ ഇടപെടുന്ന ഭരണാധികാരി ശാന്തനായിരിക്കണം. അശാന്തതയും തിടുക്കവും ബുദ്ധിയെ ശരിയായി പ്രവർത്തിപ്പിക്കില്ല. അത്തരമുള്ള അവസ്ഥയില്‍ വരുന്ന തീരുമാനങ്ങളും ആശയങ്ങളും തലമുറകളുടെ നാശത്തിനു കാരണമാകും. ഇന്ന്‍ നാം അനുഭവിക്കുന്നത് അതാണ്. അട്ടപ്പാടി  അട്ടപ്പാടിക്കു പുറത്തും സജീവമായി പലരൂപത്തിലും ഭാവത്തിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തെ മാത്രം കേരളത്തിന്റെ ചരിത്രം ഭാവിയില്‍ അത്  വ്യക്തമായെഴുതും.

Tags