Skip to main content

കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയ്റാം രമേശ്‌ മുഖ്യമന്ത്രിക്കൊപ്പം അട്ടപ്പാടി ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. പോഷകാഹാര കുറവുമൂലം നവജാത ശിശുക്കള്‍ മരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. അട്ടപ്പാടി മേഖലക്കായി കേന്ദ്ര സര്‍ക്കാറിന്റെ  ഒരു സമഗ്ര പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

 

ഏതാനും നാളുകള്‍ക്ക് മുമ്പ് കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷും അട്ടപ്പാടിയില്‍ എത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥരോട് രോഷാകുലനായി മന്ത്രി പറഞ്ഞത് കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും അട്ടപ്പാടിയില്‍ ചിലവഴിച്ച തുകയുടെ കണക്ക് പരിശോധിച്ചാല്‍ ഒരു ആദിവാസി പോലും ഇവിടെ മരിക്കരുത് എന്നായിരുന്നു. വിവിധ പദ്ധതികളിലായി ഇവിടെ ചിലവഴിച്ച തുക സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

ഇതുവരെ ചിലവായിപ്പോയ തുക ഒരു ആദിവാസിക്കും വീതിച്ചുനല്‍കിയിരുന്നെങ്കില്‍ അവരെല്ലാം, ഇന്ന് ലക്ഷപ്രഭുക്കളോ കൊടീശ്വരര്‍ തന്നെയോ ആയിരുന്നേനെ. വീണ്ടും പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സര്‍ക്കാര്‍. മേഖലയില്‍ സംയോജിത ഗോത്രവര്‍ഗ്ഗ വികസന പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രൈബല്‍ പ്രൊമോട്ടര്‍ക്ക് നിലവില്‍ നിര്‍വ്വഹിക്കാനുള്ള ചുമതലകള്‍ 65 എണ്ണമാണ്. 183 ഊരുകളിലായി 30,000 വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികളും പണവുമെല്ലാം.

 

ഇതിനിടയില്‍, ടെലിവിഷനില്‍ കേട്ടത് തങ്ങളെ പഴയതുപോലെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന് ആവശ്യപ്പെടുന്ന ആദിവാസി ജനതയെ. പരമ്പരാഗതമായ കാര്‍ഷിക സംസ്കാരത്തില്‍ നിന്നും ഭക്ഷ്യ സംസ്കാരത്തില്‍ നിന്നും ‘പരിഷ്ക്രുതരായ’ മുഖ്യധാരാ സമൂഹം ആദിവാസികളെ ‘വികസിപ്പിച്ചതിന്റെ’ ഫലമാണ് ഈ പോഷകാഹാര മരണങ്ങള്‍. ആരോഗ്യവകുപ്പിന്റെ സര്‍വ്വേയില്‍ പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലുമെല്ലാം അരിവാള്‍ രോഗം എന്നറിയപ്പെടുന്ന വിളര്‍ച്ച വ്യാപകമാണെന്നും കണ്ടെത്തലുണ്ട്.

 

ഏത് സൈസിലുള്ളവര്‍ക്കും ഒരേ കുപ്പായം നല്‍കുന്നതാണ് നമ്മുടെ വികസനം. ഇക്കാര്യത്തില്‍ നമ്മള്‍ സമവായം രൂപീകരിച്ചിട്ടുമുണ്ട്. നമ്മുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവും അതുതന്നെ. എന്നാല്‍, പ്രാദേശിക സമൂഹത്തിലെ സാംസ്കാരികവും സാമൂഹ്യവുമായ സവിശേഷതകള്‍ അവഗണിക്കുന്ന ഈ വികസനം ഇന്ന്‍ അട്ടപ്പാടിക്ക് താങ്ങാനാവുന്നില്ല എന്നത് വസ്തുതയാണ്. കേരളീയ കാര്‍ഷിക സംസ്കൃതിയുടെ ആധാരമായ ഇടവപ്പാതി തുടങ്ങുമ്പോള്‍ മലയാളി പനിച്ചുവിറച്ചു ആശുപത്രികളില്‍  വരിനില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. പോഷകാഹാര കുറവുമൂലം സംഭവിക്കുന്ന മരണം പോലെ തന്നെ ഭീകരമാണ് പനി പിടിച്ചുള്ള മരണവും.

 

അട്ടപ്പാടി കേരളത്തിന്റെ ചൂണ്ടുപലകയാകുന്നത് അവിടെയാണ്. രോഗമല്ല, ആദിവാസിയുടേയും കേരളീയന്റേയും മുന്നിലെ പ്രശ്നം. രോഗങ്ങള്‍ കൊണ്ടുവരുന്ന ജീവിതരീതിയാണ്. തങ്ങള്‍ പരിചയിച്ച, നാടിനോടിണങ്ങുന്ന ജീവിതരീതിയില്‍ നിന്ന് രണ്ടു സമൂഹങ്ങളും അടര്‍ത്തി മാറ്റപ്പെടുകയാണ്. അതിന്റെ ആഘാതം താങ്ങാനുള്ള ശേഷി ആദിവാസി സമൂഹത്തിന്  കുറവാണെന്ന് മാത്രം.