Skip to main content
തിരുവനന്തപുരം

km maniകേരള നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ധനകാര്യ മന്ത്രി കെ.എം മാണി തന്റെ 13-ാമത് ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവശ്യമുയര്‍ത്തിയ പ്രതിപക്ഷം അക്രമാസക്തമായ പ്രതിഷേധമാണ് സഭയില്‍ നടത്തിയത്. സ്പീക്കറുടെ ഡയസില്‍ കയറില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ കസേര വലിച്ചെറിയുകയും മേശപ്പുറത്തെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.

 

രാത്രി മുഴുവന്‍ സഭയില്‍ തങ്ങിയ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാഹാളിലേക്കുള്ള അഞ്ച് വാതിലുകളും ഉപരോധിച്ചിരുന്നു. സ്പീക്കര്‍ സഭയില്‍ വരാതെ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ സ്പീക്കറുടെ ഡയസ് ഉപരോധത്തിനായിരുന്നു പ്രതിപക്ഷം പ്രാധാന്യം നല്‍കിയത്. പ്രതിപക്ഷ നിര ഭേദിച്ച് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ ഡയസില്‍ എത്തിയ സ്പീക്കര്‍ എന്‍. ശക്തന്‍ ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി മാണിയോട് ആംഗ്യം കാണിക്കുകയായിരുന്നു.

 

വാച്ച് ആന്‍ഡ് വാര്‍ഡിന്റേയും ഭരണപക്ഷ എം.എല്‍.മാരുടേയും വലയത്തില്‍ സഭയില്‍ കടന്ന മന്ത്രി മാണി പിന്‍നിരയില്‍ നിന്ന്‍ അഞ്ചു മിനിറ്റ് സമയം കൊണ്ട് ആമുഖം വായിച്ച ശേഷം ബജറ്റ് സഭയുടെ മേശപ്പുറത്ത് വെക്കുന്നതായി പ്രഖ്യാപിച്ചു. ഭരണപക്ഷ എം.എല്‍.എമാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സഭാമന്ദിരത്തില്‍ തന്നെയാണ് രാത്രി തങ്ങിയിരുന്നത്. പിന്നീട് വാര്‍ത്താസമ്മേളനം നടത്തി അദ്ദേഹം ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍ വിശദീകരിച്ചു.

 

എന്നാല്‍, സ്പീക്കര്‍ ഡയസില്‍ ഇല്ലാതെ നടത്തിയ ബജറ്റ് പ്രസംഗം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ്‌ ചവിട്ടിവീഴ്ത്തിയതായി സി.പി.ഐ.എം പി.ബി അംഗം പിണറായി വിജയന്‍ ആരോപിച്ചു.  

 

എല്‍.ഡി.എഫ് നടത്തിയ നിയമസഭ വളയല്‍ സമരവും അക്രമാസക്തമായി. പ്രക്ഷോഭകര്‍ക്ക്‌ നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് കത്തിച്ചു. കല്ലേറില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗത്തിന് പരിക്കേറ്റു.

Tags