Skip to main content

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നിയമസഭയില്‍ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവിലെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് ആക്രമിച്ചേ എന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പരിഹസിച്ചു. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല, മറിച്ച് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ അത്രയും കുറച്ച് ആളുകളുമായി സമരത്തിന് വരുമെന്ന് കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ അപഹാസം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് കാമറയില്‍ കാണാനാണെന്നും തനിക്ക് പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നും പ്രതിപക്ഷത്തോടായി മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രകോപിതരായ പ്രതിപക്ഷം  പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തങ്ങള്‍ക്ക്‌ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ലെന്ന്‍ പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കാത്തപക്ഷം സഭാനടപടികളുമായി സഹരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags