Skip to main content
കൊച്ചി

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ കഴിഞ്ഞ ജനുവരിയിലെ വിധിയേയും അപ്പീലില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ വിചാരണ ചെയ്യപ്പെട്ട 36 പേരില്‍ 12 പേരെ കോടതി കുറ്റവാളികളെന്ന്‍ കണ്ടെത്തി ശിക്ഷിക്കുകയും സി.പി.ഐ.എം കോഴിക്കോട് ജില്ലാ നേതാവ് പി. മോഹനന്‍ അടക്കമുള്ള 24 പേരെ തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിടുകയുമായിരുന്നു.   

 

കൊല നടത്തിയ ഏഴംഗ കൊലയാളി സംഘത്തില്‍പ്പെട്ട എം.സി. അനൂപ്, കിര്‍മാണി മനോജ്, എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവര്‍ക്കും ഗൂഡാലോചന കുറ്റം ചെയ്തതായി കണ്ടെത്തിയ പ്രാദേശിക സി.പി.ഐ.എം നേതാക്കളായ പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ്, കൊലപാതകത്തിന് കൂട്ടുനിന്ന പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് എന്നിവർക്കും ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. മറ്റൊരു കുറ്റവാളിയായ ലംബു പ്രദീപന് മൂന്ന്‍ വര്‍ഷം കഠിനതടവായിരുന്നു ശിക്ഷ. ജീവപര്യന്തം തടവ് വധശിക്ഷയാക്കണമെന്നും പ്രദീപിന്റെ തടവുശിക്ഷയുടെ കാലയളവ് ദീര്‍ഘിപ്പിക്കണമെന്നുമാണ് ആവശ്യം.

 

സംസ്ഥാന സര്‍ക്കാരും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍, ലംബു പ്രദീപ് നല്‍കിയ അപ്പീലില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി പ്രദീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുകയാണ്.