ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തിയവരില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവ്. മറ്റൊരു കുറ്റവാളിയായ ലംബു പ്രദീപന് മൂന്ന്‍ വര്‍ഷം കഠിനതടവാണ് ശിക്ഷ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ വിധിച്ചത്.
കൊല നടത്തിയ ഏഴംഗ കൊലയാളി സംഘത്തില്‍പ്പെട്ട എം.സി. അനൂപ്, കിര്‍മാണി മനോജ്, എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവര്‍ക്കും ഗൂഡാലോചന കുറ്റം ചെയ്തതായി കണ്ടെത്തിയ പ്രാദേശിക സി.പി.ഐ.എം നേതാക്കളായ പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ്, കൊലപാതകത്തിന് കൂട്ടുനിന്ന പി.വി. റഫീഖ് എന്ന വായപ്പടച്ചി റഫീഖ് എന്നിവർക്കുമാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
കൊല നടത്തിയ ഏഴുപേര്‍ 50,000 രൂപ വീതവും പിഴയും ഗൂഢാലോചനയിൽ പങ്കെടുത്ത കെ.സി. രാമചന്ദ്രൻ, ട്രൗസര്‍ മനോജ്, പി.കെ.കുഞ്ഞനന്തൻ എന്നിവർ ഒരു ലക്ഷം രൂപ വീതവും പിഴയും അടക്കണം.
2012 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒഞ്ചിയത്ത് സി.പി.ഐ.എം വിമതര്‍ രൂപീകരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരന്‍ രാത്രി വടകരയ്ക്ക് സമീപം വള്ളിക്കാട് വച്ച് വെട്ടേറ്റു മരിക്കുകയായിരുന്നു. കേസില്‍ 76 പേരെ പ്രതിചേര്‍ത്തിരുന്നെങ്കിലും 36 പേര്‍ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. ഇവരില്‍ 24 പേരെ ജനുവരി 22-ന് വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.