Skip to main content
തിരുവനന്തപുരം

tp chandrasekharanആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഡാലോചന സി.ബി.ഐയ്ക്ക് വിടുന്നതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്കാണ് കഴിയുക എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തും തീരുമാനത്തിന് പ്രേരകമായി എന്ന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

കേസിലെ പ്രതിയായിരുന്ന പി. മോഹനനെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസ് സന്ദര്‍ശിച്ചതാണ് അന്താരാഷ്ട്ര ബന്ധത്തിന്റെ സൂചനയായി എടുത്തുകാട്ടുന്നത്. പി. മോഹനനെ കോടതി വെറുതെ വിട്ടിരുന്നു.

 

ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ ഫെബ്രുവരി ആദ്യം തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും നടപടിക്രമങ്ങള്‍ പാലിച്ചേ പ്രഖ്യാപനം നടത്താനാകൂ എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു.

 

വധത്തില്‍ ഗൂഡാലോചന നടന്നതായി ആരോപിച്ച് രമ കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണമാണ് സി.ബി.ഐ.യ്ക്ക് കൈമാറുക.

 

കേസില്‍ മൂന്ന്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കളെ ഗൂഡാലോചനാ കുറ്റത്തിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളും ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന ആരോപണമാണ് ആര്‍.എം.പി ഉയര്‍ത്തുന്നത്. മൊത്തം 12 പേരെയാണ് ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ചത്.