Skip to main content
ആലപ്പുഴ

pinarayi vijayanസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് വയലാറില്‍ തുടക്കമായി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ച്ച് 26-ന് കോഴിക്കോട്ടാണ് മാര്‍ച്ച് സമാപിക്കുക.

 

പ്രധാനമായും അഞ്ച് ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള രക്ഷാ മാര്‍ച്ച് നടത്തുന്നതെന്ന് സി.പി.ഐ.എം പറയുന്നു. വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യം. പൊതു വിതരണം ശക്തിപ്പെടുത്തുക, വർഗ്ഗീയതയെ ചെറുക്കുക, സോളാർ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കുക, അഴിമതി തടയുക ഇവയാണ് മറ്റുള്ളവ. മാർച്ച് നടത്തുന്നത് പാർട്ടിയെയും ഇടതുമുന്നണിയെയും തട്ടി ഉണർത്താനും അണികളെ അവേശഭരിതരാക്കാനുമാണെന്നും പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനും ഇത് കാഹളമാവുമെന്നും പിണറായി പറഞ്ഞു. 

 

140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ എം.വി ഗോവിന്ദന്‍, എ.കെ ബാലന്‍, എളമരം കരിം, ബേബി ജോണ്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

 

ഇന്നത്തെ കേരളത്തിന്റെ തകര്‍ച്ചയെ മനസിലാക്കിക്കൊണ്ടാണ് കേരള രക്ഷാ മാർച്ച് എന്ന് പേരു സ്വീകരിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപപ്പെട്ട ജില്ലയായതിനാലാണ് സമാപനം കോഴിക്കോട്ടാക്കിയതെന്നും പിണറായി വിശദീകരിച്ചു.