പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്നും അഭിപ്രായ സമന്വയത്തിലൂടെ പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജനപ്രതിനിധികളും വിദഗ്ദ്ധരും ‘മനുഷ്യരുമായും കൃഷിയുമായും ബന്ധപ്പെടുന്നവരുമെല്ലാം’ യോജിച്ച് ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതെന്നും പിണറായി നിര്‍ദ്ദേശിച്ചു.
തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് പിണറായി ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നത് വിയോജിപ്പില്ലാത്ത വിഷയമാണെന്നും എന്നാൽ ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണം പ്രായോഗികമാവില്ല. അതിജീവനത്തിന്റെ പ്രശ്നമാണ് മലബാറിലെ കുടിയേറ്റക്കാര്‍ നേരിടുന്നതെന്നും ജീവിതമാർഗം തന്നെ നശിപ്പിക്കപ്പെടുമെന്ന ഭീതിയിലാണ് അവരെന്നും പിണറായി പറയുന്നു.
നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേയും ഇത് പുന:പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേയും എതിര്‍ക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ കുടിയേറ്റ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്നാണ് പാര്‍ട്ടിയുടെ വാദം.