Skip to main content

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന എച്ച്.സി ഗുപ്തയടക്കം മൂന്ന്‍ മുന്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. മധ്യപ്രദേശിലെ കല്‍ക്കരിപ്പാടം ഒരു സ്വകാര്യ കമ്പനിയ്ക്ക് ഖനനത്തിന് നല്‍കിയ കേസിലാണ് വിധി. കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യമായാണ് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തി വിധി വരുന്നത്.


കല്‍ക്കരി വകുപ്പില്‍ ജോയന്‍റ് സെക്രട്ടറി ആയിരുന്ന കെ.എസ് ക്രോഫ, കല്‍ക്കരിപ്പാട വിതരണത്തിന്‍റെ ചുമതല ഉണ്ടായിരുന്ന കെ.സി സംറിയ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ മറ്റ് രണ്ടുപേര്‍. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2006 മുതല്‍ 2008 വരെ കല്‍ക്കരി സെക്രട്ടറിയായിരുന്ന ഗുപ്തയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കല്‍ക്കരി ഖനനത്തിനുള്ള ഏകദേശം 40 അപേക്ഷകള്‍ പാസാക്കിയത്. ഇതില്‍ സുതാര്യമായ ലേല സമ്പ്രദായം സ്വീകരിക്കാതെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.

 

ഇതുമായി ബന്ധപ്പെട്ട എട്ടു കേസുകളില്‍ ഗുപ്ത പ്രതിയാണ്. പ്രായവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് കേസുകളില്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന ഗുപ്തയുടെ അപേക്ഷ കേസുകള്‍ വിവിധ ഘട്ടങ്ങളില്‍ ആണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോടതി തള്ളിയിരുന്നു.  

 

കല്‍ക്കരി വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് അനുമതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കിയിരുന്നതെന്ന് ഗുപ്ത വാദിച്ചിരുന്നുവെങ്കിലും സി.ബി.ഐ ഇത് തള്ളിയിരുന്നു. സിങ്ങിനെ അറിയിക്കാതെയും തെറ്റിദ്ധരിപ്പിച്ചുമാണ് ഗുപ്ത പ്രവര്‍ത്തിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.      

Tags