Skip to main content

ജമ്മു കശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇരുരാജ്യങ്ങളുടെയും സുരക്ഷാ സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ആക്രമണം. ചൊവ്വാഴ്ച എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. അതിര്‍ത്തിയിലെ 400 സ്കൂളുകള്‍ അടച്ചിടാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

 

പാകിസ്താന്‍ സൈനികരുടെ ആക്രമണത്തില്‍ വിവിധ സ്ഥലങ്ങളില്‍ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ എട്ട് സാധാരണക്കാരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. 18 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 14 പോസ്റ്റുകള്‍ തകര്‍ത്തതായും ഇന്ത്യന്‍ സൈന്യം ബുധനാഴ്ച അറിയിച്ചു.

 

2003-ല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഒരു ദിവസത്തില്‍ ഏറ്റവുമധികം സാധാരണക്കാര്‍ കൊല്ലപ്പെട്ട ദിനമായിരുന്നു ചൊവ്വാഴ്ച. കശ്മീരിന്റെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നിയന്ത്രണത്തിലുള്ള  ഭാഗങ്ങള്‍ തമ്മില്‍ 2008 മുതല്‍ ആരംഭിച്ച വ്യാപാര ബന്ധം പൊതുവേ പ്രശ്നരഹിതമായിട്ടാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍, രണ്ട് രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്നം ഇതിനേയും ബാധിച്ചിരിക്കുകയാണ്.

Tags