Skip to main content
തിരുവനന്തപുരം

കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധന വകുപ്പ് മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വെള്ളിയാഴ്ച നിയമസഭ സ്തംഭിപ്പിച്ചു. ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മന്ത്രിയ്ക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാറിന്റെ മറുപടിയെ തുടര്‍ന്ന്‍ ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ശമിക്കാതെ വന്നതോടെ സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ ചോദ്യത്തോരവേള തുടങ്ങിയപ്പോള്‍ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാ‌‌ർഡുകളും ബാനറുകളുമുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു. ബഹളം രൂക്ഷമായതോടെ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചോദ്യത്തോരവേള റദ്ദാക്കി സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന്‍ സഭ വീണ്ടും സമ്മേളിച്ചപ്പോൾ മാണി രാജിവയ്ക്കണമെന്നും ബാർ കോഴക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍, മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്നും മാണിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടില്ലെന്നും നോട്ടീസിന് മറുപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയെ പിന്തുണച്ചു. മാണിക്ക് വിജിലൻസ് കേസുമായി ബന്ധമില്ലെന്നും ബാറുകൾ പൂട്ടിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags