പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം. മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് തള്ളുന്നതായും ദേശീയ ഹരിത ട്രിബ്യൂണലിനെ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതായി സര്‍ക്കാര്‍ പറഞ്ഞില്ല. തുടര്‍ന്ന്‍ രണ്ട് റിപ്പോര്‍ട്ടുകളില്‍ ഇന്ന്‍ തീരുമാനം അറിയിക്കണമെന്ന് ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ആഗസ്ത് 11-ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടു റിപ്പോർട്ടുകളും പരിഗണനയിലാണെന്നും ഏത് റിപ്പോർട്ട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞപ്പോഴാണ് മന്ത്രാലയത്തോട് ഒളിച്ചുകളി അവസാനിപ്പിച്ച് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വ്യക്തമാക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്.
പശ്ചിമഘട്ട നിലനിരകള്‍ നിലനില്‍പ്പിന് വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ യു.പി.എ സര്‍ക്കാര്‍ ആസൂത്രണ സമിതി അംഗമായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും കേരളത്തില്‍ പ്രതിഷേധം ശക്തമാണ്.