Skip to main content
ന്യൂഡല്‍ഹി

bikram singhഅതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ പാകിസ്താനും ചൈനക്കും മുന്നറിയിപ്പ് നല്‍കി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങ്. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അയല്‍രാജ്യങ്ങള്‍ അതിര്‍ത്തിയില്‍ നിയമം ലംഘിച്ചാല്‍ ഇന്ത്യ നിശബ്ദമായിരിക്കില്ലെന്ന് സിങ്ങ് പറഞ്ഞു.

 

ജെനീവ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ അയല്‍രാജ്യങ്ങള്‍ പിന്തുടരുകയാണെങ്കില്‍ ഇന്ത്യയും പാലിക്കും. നിയമങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യ അത് കണ്ടിരിക്കില്ല. ഇന്ത്യയും ആ നിയമങ്ങള്‍ ലംഘിക്കും- ജനറല്‍ പ്രസ്താവിച്ചു. പാകിസ്താന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും സിങ്ങ് പറഞ്ഞു. 2003-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം പാകിസ്താന്റെ ഭാഗത്ത് നിന്ന്‍ ഏറ്റവുമധികം ലംഘനങ്ങള്‍ ഉണ്ടായ വര്‍ഷമായിരുന്നു 2013.

 

ശനിയാഴ്ച ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പാക് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.

 

അതേസമയം, ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനങ്ങളോട് വേണ്ടവിധത്തില്‍ പ്രതികരിക്കുന്നില്ലെന്ന ആരോപണങ്ങളെ ജനറല്‍ നിഷേധിച്ചു. സാഹചര്യം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ്, വഷളാക്കുന്നതിനല്ല സൈന്യത്തിന്റെ മുന്‍ഗണനയെന്ന്‍ അദ്ദേഹം പ്രതികരിച്ചു. 2013 ഡിസംബറില്‍ നടത്തിയ സൈനിക തല കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്താന്റെ ഭാഗത്ത് നിന്ന്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും സിങ്ങ് അറിയിച്ചു.

 

ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമമായ അഫ്സ്പ പിന്‍വലിക്കുന്നതിന് താന്‍ എതിരാണെന്നും ബിക്രം സിങ്ങ് പറഞ്ഞു. സാഹചര്യം കുറച്ചുകാലം കൂടി നിരീക്ഷിച്ച ശേഷമായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് സൈനിക വീക്ഷണമെന്ന് സിങ്ങ് പറഞ്ഞു. സൈന്യത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തീര്‍ത്തും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.