Skip to main content
ന്യൂഡല്‍ഹി

jairam rameshപശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടത് എന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്രമന്ത്രി ജയറാം രമേശ്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ശാസ്ത്രീയവും ജനായത്ത പരമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സാങ്കേതികത്വത്തില്‍ ഊന്നുന്നതാണെന്നും മന്ത്രി പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ലേഖനം പ്രസിദ്ധീകരിച്ച സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിന് നേരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.  

 

സീറോ മലബാര്‍ സഭയുടെ ‘ലെയ്റ്റി വോയ്സ്’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം പാവപ്പെട്ടവരെ ദ്രോഹിക്കുന്ന രാജ്യാന്തര ക്രമക്കേടുകാരനാണ് ജയറാം രമേശ് എന്ന്‍ ആരോപിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനു പ്രവര്‍ത്തിക്കുന്ന അശോക ട്രസ്റ്റിന്റെ ഭാഗമാണ് മന്ത്രിയെന്നും ഈ സംഘടനയ്ക്ക് വിദേശത്ത് നിന്ന്‍ സംഭാവന ലഭിക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

 

അശോക ട്രസ്റ്റിന്റെ ഉപദേശക സമിതിയില്‍ 2005 മുതല്‍ മൂന്നുവര്‍ഷം എന്നാല്‍, പ്രവര്‍ത്തിച്ചിരുന്നെന്നും മന്ത്രിയായ ശേഷം മാറിയെന്നും ജയറാം വിശദീകരിക്കുന്നു. ബെംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അശോക ട്രസ്റ്റ് സുസ്ഥിര വികസന രംഗത്തെ മികച്ച പ്രതിഭകള്‍ നയിക്കുന്ന അക്കാദമിക സ്ഥാപനമാണെന്നും അതിന്റെ ഉപദേശകസമിതി അംഗത്വം ബഹുമതിയായാണ്‌ താന്‍ കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിച്ചു മാപ്പു പറയണമെന്നാവശ്യപ്പെട്ട് പത്രാധിപർക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

 

റിപ്പോര്‍ട്ട് ശരിയായി വായിക്കാതെയാണ് പലരും വിമര്‍ശനങ്ങള്‍ നടത്തുന്നതെന്ന് കേന്ദ്രത്തില്‍ ഇപ്പോള്‍ ഗ്രാമവികസന വകുപ്പിന്റെ ചുമലയുള്ള ജയറാം രമേശ്‌ കുറ്റപ്പെടുത്തി. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിയായി ജയറാം പ്രവര്‍ത്തിക്കുന്ന സമയത്താണ് നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ പ്രത്യേകിച്ച് കേരളത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രം ആസൂത്രണ കമ്മീഷന്‍ അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ നിയോഗിച്ചിരുന്നു.

 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. തീരുമാനമെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് റിപ്പോര്‍ട്ട് മുന്‍ഗണന നല്‍കുന്ന കാര്യവും ജയറാം എടുത്തുപറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർത്താണു കസ്തൂരിരംഗൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായി പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.