Skip to main content
പനാജി

ലൈഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ഗോവ പോലീസ് സമന്‍സ് അയച്ചു. പനാജിയിലെ ഡോണ പോള ക്രൈംബ്രാഞ്ച് സ്‌റ്റേഷനില്‍ എത്രയും വേഗം നേരിട്ട് ഹാജരാകാനാണ് സമന്‍സ്. അല്ലെങ്കില്‍ തേജ്പാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും സമന്‍സില്‍ പറയുന്നു. രാജ്യംവിട്ട് പോകാതിരിക്കാന്‍ ഗോവ പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാനഭംഗം, പീഡനം എന്നീ കേസുകളിലാണ് തേജ്പാലിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

കേസില്‍ തേജ്പാലിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പോലീസിന് നിര്‍ദേശം നല്‍കി. തനിക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന തേജ്പാലിന്റെ വാദവും അദ്ദേഹം തള്ളി. തരുണ്‍ തേജ്പാല്‍ തന്നെ രണ്ടു തവണ ക്രൂരമായ ലൈംഗിക  പീഡനത്തിനിരയാക്കിയതായി വനിതാമാധ്യമപ്രവര്‍ത്തക ഗോവ പോലീസിനു മൊഴി നല്‍കിയിരുന്നു. ഗോവയിലെ കോടതിക്കു മുന്‍പാകെ ഹാജരായി മൊഴി നല്‍കാനും താന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു.

 

അതേസമയം തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. പീഡന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

Tags