Skip to main content
ന്യൂഡല്‍ഹി

മുസഫര്‍ നഗര്‍ കലാപങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്കു വേണ്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ചുമതലയുണ്ടെന്നും രാഹുല്‍ കമ്മീഷനെ അറിയിച്ചു.

 

മുസഫര്‍ നഗര്‍ കലാപത്തില്‍ കലാപ ബാധിതരെ സ്വാധീനിക്കാന്‍ പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്.എ ശ്രമിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു.  

 

മുസഫര്‍നഗറിലെ വര്‍ഗീയ കലാപത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നും  കലാപത്തിനിരയായവരുടെ ബന്ധുക്കളെ  ഐ.എസ്‌.ഐ ബന്ധപ്പെടുന്നുണ്ടെന്നുമാണ് രാഹുല്‍ പറഞ്ഞത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം.