ഇറാഖില്‍ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) നിയന്ത്രണത്തിലുള്ള തിക്രിത് തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍ ഇറാഖ് സൈന്യവും സഖ്യ സേനാ വിഭാഗങ്ങളും മുന്നേറുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ജന്മദേശമായ ഈ തന്ത്രപ്രധാന നഗരത്തിന്റെ വടക്കന്‍ ജില്ലയായ ക്വാദിസിയ പിടിച്ചതായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. തെക്കന്‍ ഭാഗങ്ങളിലും സൈന്യം അതിവേഗം മുന്നേറുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ വടക്കന്‍ ഇറാഖിലെ വന്‍ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം സുന്നി തീവ്രവാദ സംഘടനയായ ഐ.എസ് കയ്യടക്കിയിരുന്നു. തിക്രിതില്‍ സദ്ദാം ഹുസൈന്‍ നിര്‍മ്മിച്ച കൊട്ടാരങ്ങളാണ് ഐ.എസ് ആസ്ഥാനമായി ഉപയോഗിക്കുന്നത്.
മാര്‍ച്ച് ആദ്യമാണ് 20,000 പേര്‍ വരുന്ന ഇറാഖ് സൈന്യ വിഭാഗവും ഷിയാ പൗരസേനാ വിഭാഗവും പ്രാദേശിക സുന്നി ഗോത്രങ്ങളുടെ പിന്തുണയോടെ തിക്രിത് പിടിക്കാനുള്ള സൈനിക നീക്കം ആരംഭിച്ചത്. തിക്രിതിന്റെ വടക്കുള്ള അല്‍-ആലം പട്ടണം, സൈനിക ആശുപത്രി, അല്‍-ഒജൈലിലെ എണ്ണപ്പാടങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഇതിനകം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.
തിക്രിതില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ മറ്റു പ്രദേശങ്ങളിലും സുന്നി വിഭാഗക്കാര്‍ ഐ.എസിനെതിരെ തിരിയുമെന്ന്‍ ഇറാഖ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ഐ.എസിന്റെ പ്രധാന കേന്ദ്രവുമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഈ പിന്തുണ അനിവാര്യമാണ്. ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാഖില്‍ ന്യൂനപക്ഷമായ സുന്നി വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന നഗരമാണ് മൊസൂള്‍.

