Skip to main content

നിരായുധീകരണത്തിനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ തീരുന്നതിനു മുന്നേ ബ്രിട്ടന്‍ ഇറാഖ് യുദ്ധത്തില്‍ പങ്കാളിയായതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ബ്രിട്ടിഷ് സര്‍ക്കാര്‍ നിയോഗിച്ച ഇറാഖ് യുദ്ധ അന്വേഷണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോണ്‍ ചില്‍കോട്ട് ബുധനാഴ്ച സമര്‍പ്പിച്ചു. സൈനിക ആക്രമണം ആ സമയത്ത് അവസാന പോംവഴിയായിരുന്നില്ലെന്ന് ചില്‍കോട്ട് പറഞ്ഞു. എന്നാല്‍, യുദ്ധം നിയമവിരുദ്ധമാണെന്ന കണ്ടെത്തല്‍ കമ്മീഷന്‍ നടത്തിയില്ല.

 

2003 മാര്‍ച്ചില്‍ നടന്ന ഇറാഖ് അധിനിവേശത്തിലേക്ക് നയിച്ച സാഹചര്യങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അന്വേഷിക്കാന്‍ 2009 ജൂണിലാണ് ചില്‍കോട്ട് കമ്മീഷനെ നിയമിച്ചത്.

 

ഇറാഖ് നേതാവ് സദ്ദാം ഹുസൈന്റെ പക്കലുള്ള ആയുധങ്ങളെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അവകാശപ്പെട്ടത് ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്നു ചില്‍കോട്ട് പറഞ്ഞു. യുദ്ധത്തിലും അതിനു ശേഷവുമുള്ള സൈനിക ആസൂത്രണം മികവുറ്റതായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്നു.

 

ഏഴു വര്‍ഷം നീണ്ട പ്രവര്‍ത്തനത്തില്‍ കമ്മീഷന്‍ 150 സാക്ഷികളെ വിസ്തരിക്കുകയും 15000 രേഖകള്‍ പരിശോധിക്കുകയും ചെയ്തു.

Tags