ബ്രിട്ടിഷ് പാര്‍ലിമെന്റംഗം ജോ കോക്സ് (41) വെടിയേറ്റ് മരിച്ചു. ലീഡ്സില്‍ ഒരു ഗ്രന്ഥശാലയ്ക്ക് വെളിയില്‍ വെച്ചാണ് വ്യാഴാഴ്ച കോക്സിന് വെടിയേറ്റത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 52-കാരന്‍ ബ്രിട്ടന്‍ ആദ്യം (ബ്രിട്ടന്‍ ഫസ്റ്റ്) എന്ന്‍ പറഞ്ഞുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഭയാര്‍ഥി-മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയുടെ പേര് കൂടിയാണ് ഇത്. സിറിയയിലെ സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അനുകൂലമായി ശക്തമായ നിലപാടുകള്‍ ജോ കോക്സ് സ്വീകരിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്ന് ബ്രിട്ടന്‍ ഫസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ നടക്കുന്ന ഹിതപരിശോധന അടുത്തയാഴ്ച നടക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.
യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന പക്ഷക്കാരിയായിരുന്നു പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ ഉയര്‍ന്നുവരുന്ന നേതാവായ കോക്സ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

