Skip to main content

hamas fighters

 

പലസ്തീന്‍ സംഘടന ഹമാസിനെ യൂറോപ്യന്‍ യൂണിയന്റെ (ഇ.യു) തീവ്രവാദ കരിമ്പട്ടികയില്‍ നിന്ന്‍ നീക്കം ചെയ്യാന്‍ ഇ.യു പൊതുകോടതി ഉത്തരവിട്ടു. നാല് വര്‍ഷം മുന്‍പ് ഹമാസ് സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.

 

ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സ ദിന്‍ അല്‍-ക്വസ്സം ബ്രിഗേഡിനെ 2002-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചിരുന്നെങ്കിലും സംഘടനയുടെ സാമൂഹ്യ, രാഷ്ട്രീയ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. 2003 സെപ്തംബറില്‍ രണ്ടാം പലസ്തീന്‍ ഇന്തിഫാദയുടെ സമയത്ത് നടന്ന ചാവേര്‍ ബോംബ്‌ സ്ഫോടനങ്ങളെ തുടര്‍ന്ന്‍ നിരോധനം സംഘടനയ്ക്ക് മുഴുവനുമായും ബാധകമാക്കുകയായിരുന്നു.

 

2010 സെപ്തംബര്‍ 12-ന് ഇതിനെതിരെ ഹമാസ് അപ്പീല്‍ നല്‍കി. നടപടിക്രമങ്ങളിലെ വീഴ്ചയാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് സംബന്ധിച്ച് തങ്ങളെ വേണ്ടവിധം അറിയിച്ചില്ല എന്നതുള്‍പ്പെടെ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു നടപടിയെന്ന് സംഘടന പറഞ്ഞു. നിയമവിധേയമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങളെ തീവ്രവാദ സംഘടനയായി മുദ്ര കുത്താനാകില്ലെന്നും മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന തത്വത്തെ കാറ്റില്‍ പറത്തുന്നതാണ് ഈ നടപടിയെന്നും സംഘടന വാദിച്ചു.

 

അപ്പീല്‍ അംഗീകരിച്ച കോടതി, എന്നാല്‍, ഉത്തരവ് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയല്ലെന്നും നിരോധാനം കൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെ ആസ്പദമാക്കിയാണെന്നും വ്യക്തമാക്കി. ഹമാസ് തീവ്രവാദ സംഘടന എന്ന നിലയില്‍ തന്നെ യൂറോപ്പില്‍ പരിഗണിക്കപ്പെടുമെന്ന് ഇ.യു അധികൃതര്‍ പ്രതികരിച്ചു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ച് കേസ് വീണ്ടും പരിഗണിക്കാനും തീവ്രവാദ പട്ടികയില്‍ ഹമാസിനെ വീണ്ടും ഉള്‍പ്പെടുത്താനും സാധിക്കുമെന്ന്‍ ഇ.യു അധികൃതര്‍ പറഞ്ഞു.