മൂന്ന്‍ പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സഖ്യത്തില്‍ തുടരാന്‍ സ്കോട്ട് ലാന്‍ഡ് ജനത വിധിയെഴുതി. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന്‍ വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകണമോ എന്ന്‍ ചോദ്യത്തിന് വേണ്ട എന്നാണ് 55 ശതമാനം പേര്‍ ബാലറ്റിലൂടെ മറുപടി നല്‍കിയത്. 45 ശതമാനം പേര്‍ സ്വതന്ത്ര സ്കോട്ട് ലാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ചു.
ഹിതപരിശോധനയ്ക്ക് മുന്‍കൈ എടുത്ത സ്കോട്ട് ലാന്‍ഡ് പ്രഥമ മന്ത്രി അലക്സ് സാല്‍മണ്ട് പരാജയം അംഗീകരിച്ചു. പരാജയപ്പെട്ടെങ്കിലും ഹിതപരിശോധന പ്രധാനമാണെന്നും യു.കെയില്‍ ഇനി കാര്യങ്ങള്‍ പഴയത് പോലെ ആയിരിക്കില്ലെന്ന് സാല്‍മണ്ട് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാല്‍മണ്ടിന്റെ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ഹിതപരിശോധന.
ഹിതപരിശോധനയിലൂടെ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് ഈ തലമുറയിലേക്കും ഒരുപക്ഷേ, ഒരു ജീവിതകാലത്തേക്കും വിരാമമായതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. ഐക്യവാദികള്‍ പ്രചാരണത്തില്‍ മുന്നോട്ടുവെച്ച അധികാര വിഭജന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും സ്കോട്ട് ലാന്‍ഡില്‍ മാത്രമല്ല ഇംഗ്ലണ്ടിലും വെയില്‍സിലും വടക്കന്‍ അയര്‍ലാന്‍ഡിലും സമാന നടപടികള്‍ സ്വീകരിക്കുമെന്നും കാമറൂണ്‍ പറഞ്ഞു. ബ്രിട്ടനിലെ മൂന്ന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സ്കോട്ട് ലാന്‍ഡ് ഐക്യത്തില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
വ്യത്യസ്ത രാഷ്ട്രങ്ങളായിരുന്ന സ്കോട്ട് ലാന്‍ഡും വെയില്‍സും ഇംഗ്ലണ്ടും 1707-ലാണ് കിംഗ്‌ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്ന ഒറ്റരാഷ്ട്രമായത്. 1801-ല്‍ അയര്‍ലണ്ട് കൂടി ഇതില്‍ ലയിച്ചതോടെ പേര് യുണൈറ്റഡ് കിംഗ്‌ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലണ്ട് എന്നായി. എന്നാല്‍, ആഭ്യന്തര യുദ്ധത്തിലൂടെ ദക്ഷിണ അയര്‍ലണ്ട് സ്വതന്ത്രമായതിനു ശേഷം 1922 മുതല്‍ ഗ്രേറ്റ് ബ്രിട്ടനും ഉത്തര അയര്‍ലണ്ടും ചേര്‍ന്നതാണ് യു.കെ.

