Skip to main content
എഡിന്‍ബര്‍ഗ്

scotland referendum

 

സ്വതന്ത്ര രാജ്യമാകണമോ എന്ന്‍ ചോദ്യത്തിന് സ്കോട്ട് ലാന്‍ഡ്‌ ജനത വ്യാഴാഴ്ച വിധിയെഴുതുന്നു. മൂന്ന്‍ പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സഖ്യത്തില്‍ നിന്ന്‍ വിട്ടുപോകണമോ വേണ്ടയോ എന്ന തീരുമാനമാണ് ഹിതപരിശോധനയില്‍ ഉണ്ടാകുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഫലം അറിയും.

 

വ്യത്യസ്ത രാഷ്ട്രങ്ങളായിരുന്ന സ്കോട്ട് ലാന്‍ഡും വെയില്‍സും ഇംഗ്ലണ്ടും 1707-ലാണ് കിംഗ്‌ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്ന ഒറ്റരാഷ്ട്രമായത്. 1801-ല്‍ അയര്‍ലണ്ട് കൂടി ഇതില്‍ ലയിച്ചതോടെ പേര് യുണൈറ്റഡ് കിംഗ്‌ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലണ്ട് എന്നായി. എന്നാല്‍, ആഭ്യന്തര യുദ്ധത്തിലൂടെ ദക്ഷിണ അയര്‍ലണ്ട് സ്വതന്ത്രമായതിനു ശേഷം 1922 മുതല്‍ ഗ്രേറ്റ് ബ്രിട്ടനും ഉത്തര അയര്‍ലണ്ടും ചേര്‍ന്നതാണ് യു.കെ.

 

സ്വാതന്ത്ര്യ വാദികളും ഐക്യ വാദികളും തമ്മില്‍ നേരിയ വ്യത്യാസമാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 52 ശതമാനം പേര്‍ ബ്രിട്ടനുമായുള്ള ഐക്യത്തിനും 48 ശതമാനം പേര്‍ സ്വാതന്ത്ര്യത്തിനും വോട്ടും ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്ന് സര്‍വേകള്‍ പറയുന്നു. ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യത്തില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, സ്കോട്ട് ലാന്‍ഡ് പ്രഥമ മന്ത്രി അലക്സ് സാല്‍മണ്ടിന്റെ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്വതന്ത്ര രാജ്യമെന്ന ആശയത്തിന് വേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹിതപരിശോധന തീരുമാനിച്ച സമയത്ത് 27 ശതമാനം മാത്രമായിരുന്നു ഇവര്‍ക്കുള്ള പിന്തുണ.  

 

വോട്ടര്‍മാരില്‍ 97 ശതമാനം പേരും, 42.85 ലക്ഷം പേര്‍, വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്കോട്ട് ലാന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഹിതപരിശോധനയില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ തപാല്‍ വോട്ടുകളില്‍ ചരിത്രം കുറിച്ച് 7.8 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി പത്തിന് വോട്ടെടുപ്പ് അവസാനിച്ച ശേഷം സ്കോട്ട് ലാന്‍ഡിലെ 32 പ്രാദേശിക ഭരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും. വെള്ളിയാഴ്ച രാവിലെ എഴുമണിയോടെ ഫലം അറിയാന്‍ കഴിയുമെന്ന് കരുതുന്നു.  

 

ശക്തമായ വിഘടനവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ലോകരാജ്യങ്ങളിലും ഹിതപരിശോധന താല്‍പ്പര്യം ഉണര്‍ത്തിയിട്ടുണ്ട്. സ്പെയിനിലെ കാറ്റലോണിയ പ്രദേശമാണ് ഇതില്‍ ഏറ്റവും പ്രധാനം.      

Tags