അല്‍-ക്വൈദയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഐ.എസ്.ഐ.എസ് അനുകൂലികള്‍ ഇറാഖിലെ തലസ്ഥാനമായ ബാഗ്ദാദിനടുത്തെത്തി. ഇറാഖിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് മുന്നേറുന്ന ഭീകരര്‍ സാദിയ, ജല്വാല, എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് ബാഗ്ദാദിലെത്തിയിരിക്കുന്നത്. ഇറാഖിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായ പശ്ചാത്തലത്തില്‍ ഭീകരരെ തുരത്താന്‍ വ്യോമാക്രമണം നടത്തുമെന്നും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പരിഗണിക്കുന്നതെന്നും യു.എസ് അറിയിച്ചു.
ബാഗ്ദാദില്‍ നിന്ന് കര്‍ബലയിലേക്കും മുന്നേറുമെന്ന് ഐ.എസ്.ഐ.എസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി വെബ്സൈറ്റിലൂടെ വ്യക്തമാക്കി. ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമെന്നറിയപ്പെടുന്ന പ്രദേശമാണ് കര്‍ബല. ഇറാഖിലെ ഭീകരാക്രമണത്തെ നേരിടുമെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി മുന്നറിയിപ്പ് നല്കി. ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് ഇറാന്.സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന് എയര്‍ലൈന്‍സ് ബാഗ്ദാദിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചു. കൂടാതെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മോസുളും തൊട്ട് പിന്നാലെ ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തും കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി ഭീകരര്‍ കയ്യടക്കിയിരുന്നു. ഇറാഖ് സേനയുടെ ചെറുത്തു നില്‍പ്പ് ദുര്‍ബലമാണ്. ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ലക്ഷത്തിലേറെ പേര് കുര്‍ദ്ദ് വംശജര്‍ക്ക് സ്വാധീനമുള്ള സ്വയം ഭരണ മേഖലയിലേക്ക് പലായനം ചെയ്തു. ആക്രമണങ്ങളില്‍ സൈനികരടക്കം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.
2003-ലെ യു.എസ് അധിനിവേശത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദ അനുകൂലികളായി മാറിയവരാണ് പിന്നീട് ഇസ്ലാമിക് സ്റ്റ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെറാന് എന്ന ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

