Skip to main content
കീവ്

ഉക്രൈനിലെ സ്വയംഭരണ പ്രദേശമായ ക്രിമിയയില്‍ പാര്‍ലിമെന്റും വിമാനത്താവളങ്ങളും പിടിച്ചെടുത്തത് റഷ്യന്‍ സൈനികരാണെന്ന് ഉക്രൈനിലെ ഇടക്കാല സര്‍ക്കാര്‍. ആരോപണം നിഷേധിച്ച റഷ്യ അതേസമയം റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ സഹായം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കി. റഷ്യയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിനെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്‍കി.

 

russian flag atop crimean parliamentയൂണിഫോം ധരിക്കാതെ എത്തിയ റഷ്യന്‍ സൈനികരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ക്രിമിയയിലെ പാര്‍ലിമെന്റും പിന്നീട് രണ്ട് വിമാനത്താവളങ്ങളും പിടിച്ചെടുത്തതെന്ന് ഉക്രൈന്‍ ഇടക്കാല പ്രസിഡന്റ് അലക്സാണ്ടര്‍ ടര്‍ക്കിനോവ് വെള്ളിയാഴ്ച ആരോപിച്ചു. ഉക്രൈന്‍ അതിര്‍ത്തിയില്‍ സൈനികാഭ്യാസത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പിടിച്ചടക്കല്‍. സൈനികാഭ്യാസത്തിന്റെ മറവില്‍ നഗ്നമായ കടന്നാക്രമണമാണ് റഷ്യ നടത്തുന്നതെന്നും ടര്‍ക്കിനോവ് കുറ്റപ്പെടുത്തി. ക്രിമിയയില്‍ നിന്ന്‍ സൈനികരെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനോട് പ്രസ്താവനയില്‍ ടര്‍ക്കിനോവ് ആവശ്യപ്പെട്ടു.

 

ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന്‍ പ്രസിഡന്റായിരുന്ന വിക്തോര്‍ യാനുകോവിച്ചിനെ ശനിയാഴ്ച പാര്‍ലിമെന്റ് പുറത്താക്കിയ ശേഷമാണ് പാശ്ചാത്യ അനുകൂലിയായ ടര്‍ക്കിനോവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉക്രൈനില്‍ കഴിഞ്ഞ ആഴ്ച അധികാരത്തില്‍ വന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ തിരസ്കരിച്ച് റഷ്യയുടെ സാമ്പത്തിക സഹായം തേടാനുള്ള യാനുകോവിച്ചിന്റെ തീരുമാനമാണ് നവംബറില്‍ പ്രക്ഷോഭത്തിന് കാരണമായത്. പ്രക്ഷോഭത്തിനിടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ട പോലീസ് നടപടിയുടെ പേരില്‍ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച യാനുകോവിച്ച് ക്രിമിയന്‍ പ്രദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു.

 

അതേസമയം, ടര്‍ക്കിനോവിന്റെ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. കരിങ്കടലിലെ റഷ്യയുടെ നാവികത്താവളം സ്ഥിതി ചെയ്യുന്ന ക്രിമിയയില്‍ റഷ്യന്‍ സൈനികരുടെ നീക്കങ്ങള്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ക്രിമിയയില്‍ നിന്നുള്ള സഹായ അഭ്യര്‍ഥനകള്‍ റഷ്യ അവഗണിക്കില്ലെന്ന്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന്‍ സൂചിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

അതിനിടെ, വാഷിങ്ങ്ടണില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആരോപിക്കപ്പെട്ട റഷ്യന്‍ സൈനിക നടപടിക്കെതിരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. ഉക്രൈനിന്റെ പരമാധികാരം തകര്‍ക്കാനുള്ള ഏത് നടപടിയും മേഖലയെ അസ്ഥിരമാക്കുമെന്ന് ഒബാമ പറഞ്ഞു. ഇതിന് വില കൊടുക്കേണ്ടി വരുമെന്നും ഒബാമ പറഞ്ഞു.

 

പഴയ സോവിയറ്റ് റിപ്പബ്ലിക്കായ റഷ്യയോട് ആഭിമുഖ്യമുള്ള കിഴക്കന്‍ പ്രദേശവും യൂറോപ്പിനോട് ആഭിമുഖ്യമുള്ള പടിഞ്ഞാറന്‍ പ്രദേശവും തമ്മില്‍ ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കാണുന്നത്. കരിങ്കടലിലെ പ്രധാന നാവിക കേന്ദ്രമായ ക്രിമിയ റഷ്യയെ സംബന്ധിച്ചിടത്തോളം സൈനികമായി തന്ത്രപ്രധാനമാണ്.