Skip to main content
ഇസ്ലാമാബാദ്

പാകിസ്താന്‍ സര്‍ക്കാറും താലിബാനുമായി ചൊവാഴ്ച തുടങ്ങാനിരുന്ന പ്രാഥമിക സമാധാന ചര്‍ച്ചകള്‍ നീട്ടിവെക്കുന്നതായി സര്‍ക്കാര്‍. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) നാമനിര്‍ദ്ദേശം ചെയ്ത പ്രതിനിധികളെ സംബന്ധിച്ച് കൂടുതല്‍ വിശദീകരണം വേണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംഭാഷണങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയെന്ന ആദ്യ ദൗത്യവുമായി ഇന്ന്‍ ചര്‍ച്ച തുടങ്ങാനിരിക്കെ ആണ് സര്‍ക്കാറിന്റെ നടപടി. താലിബാന്‍ പ്രതിനിധികള്‍ ഇതില്‍ നിരാശ പ്രകടിപ്പിച്ചു.

 

Nawas Sherifപാക് സര്‍ക്കാറിനെതിരെ 2007 മുതല്‍ രാജ്യത്ത് രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് ടി.ടി.പി. ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണെങ്കിലും സമാധാന ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ജനുവരിയില്‍ ഒട്ടേറെ സൈനികരടക്കം നൂറിലധികം പേര്‍ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

ഈ സാഹചര്യത്തില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനുള്ള ഷെരിഫിന്റെ തീരുമാനം പാക് നിരീക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്. പാകിസ്താനിലെ ഗോത്രമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന് ശക്തി സംഭരിക്കാനുള്ള അവസരമാകും ഇതെന്ന് പാകിസ്താനില്‍ പലരും ഭയക്കുന്നു. എന്നാല്‍, കഴിഞ്ഞ മെയില്‍ അധികാരത്തില്‍ ഏറിയ ഷെരിഫ് ഏതുവിധേനയും അക്രമം നിയന്ത്രിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ്.