Skip to main content
വാഷിംഗ്‌ടണ്‍

പാകിസ്താനില്‍ യു.എസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെരീഫ് നിലപാട് അറിയിച്ചത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കവും അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനാ പിന്‍മാറ്റവുമുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.

 

ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന പാകിസ്താന്‍റെ ആവശ്യം യു.എസ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭീകരതക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. പാകിസ്താനുമായി തന്ത്രപ്രധാന ബന്ധമാണുള്ളതെന്നും ഒബാമ പറഞ്ഞു.

 

പാകിസ്താനില്‍ 2004-നും 2013-നും ഇടയില്‍ 374 തവണ യു.എസ്  ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് കണക്ക്. 900 ത്തോളം പേര്‍ ഈ ആക്രമണങ്ങളില്‍ മരിച്ചതായും 600 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. 2011-ല്‍ നടത്തിയ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടത് യു.എസ് പാക് ബന്ധം മോശമാക്കിയിരുന്നു.