Skip to main content
ജെനീവ

SYRIA CRISIS TALKSസിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ ജെനീവയില്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ ധാരണയായി. ഇതനുസരിച്ച് ഒരാഴ്ചക്കകം സിറിയ തങ്ങളുടെ രാസായുധങ്ങളുടെ സമഗ്ര വിവരം സമര്‍പ്പിക്കണം.

 

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങളില്‍ സമവായമായത്. ഇതോടെ, മേഖലയിലെ യുദ്ധഭീതി താല്‍ക്കാലികമായെങ്കിലും നീങ്ങി. യു.എന്‍ രാസായുധ കണ്‍വെന്‍ഷനില്‍ അംഗത്വത്തിനായി സിറിയ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിട്ടുണ്ട്. ലോകത്തെ രാസായുധ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കണ്‍വെന്‍ഷന്‍.

 

2014 മധ്യത്തോടെ സിറിയന്‍ രാസായുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് ലക്ഷ്യം. നവംബറോടെ യു.എന്‍ പരിശോധകര്‍ സിറിയയിലെത്തും. ജെനീവയില്‍ തയ്യാറാക്കിയ ധാരണ ഇനി രാസായുധ നിരോധന സംഘടന അംഗീകരിക്കണം.

 

സിറിയ ധാരണ അംഗീകരിച്ചില്ലെങ്കില്‍ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായത്തില്‍ പറയുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഉപരോധത്തിനും സൈനിക നടപടിക്കും വ്യവസ്ഥ ചെയ്യുന്നതാണ്‌ ഈ അധ്യായം.