Skip to main content
വാഷിങ്ങ്ടന്‍

സിറിയക്കെതിരെ സൈനിക നടപടിക്ക് അംഗീകാരം നല്‍കാന്‍ നിയമനിര്‍മ്മാണ സഭയായ കോണ്‍ഗ്രസിനോട്‌ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഔദ്യോഗികമായി ആവശ്യപ്പെട്ടു. വിമതരെ എതിരിടുന്ന പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സൈന്യം  രാസായുധ പ്രയോഗം നടത്തി എന്നാരോപിച്ചാണ് സിറിയക്കെതിരെ സൈനിക നടപടി യു.എസ് ആരംഭിക്കുന്നത്.

 

സൈനിക നടപടി പരിമിതമായിരിക്കുമെന്ന് ഒബാമ പറഞ്ഞു. കര വഴിയുള്ള അധിനിവേശ ആക്രമണവും ഉണ്ടാകില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ ഒന്‍പതിനാണ് കോണ്‍ഗ്രസ് വീണ്ടും സമ്മേളിക്കുന്നത്. പരമോന്നത സൈനിക മേധാവി എന്ന നിലയില്‍ യുദ്ധം പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റിന് ഭരണഘടനാ അധികാരം നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സംവാദം ആവശ്യമാണെന്ന് ഒബാമ പറഞ്ഞു.

 

ആഗസ്ത് 21-ന് നടന്ന രാസായുധ ആക്രമണത്തില്‍ 1,429 പേര്‍ കൊല്ലപ്പെട്ടതിന് തങ്ങളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നു യു.എസ് അവകാശപ്പെട്ടിരുന്നു. ഒബാമയുടെ പുതിയ നീക്കത്തോട് സിറിയ പ്രതികരിച്ചിട്ടില്ല. നേരത്തെ യു.എസ്  അവകാശവാദങ്ങള്‍ തള്ളിയ ഡമാസ്കസ് ആക്രമണത്തിന്റെ പിന്നില്‍ വിമതരാണെന്ന് ആരോപിച്ചിരുന്നു.

 

രാസായുധ ആക്രമണം നടന്നോ എന്ന്‍ പരിശോധിക്കാന്‍ എത്തിയ ഐക്യരാഷ്ട്ര സംഘം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മടങ്ങിയിരുന്നു. ഇതോടെ സിറിയക്കെതിരെ യു.എസ് വ്യോമ ആക്രമണം തുടങ്ങിയേക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നു. സാമ്പിളുകളുടെ പരിശോധനക്ക് മൂന്നാഴ്ചകളെങ്കിലും വേണമെന്ന് പരിശോധക സംഘം നെതര്‍ലന്‍ഡ്‌സില്‍ പറഞ്ഞു.

 

സിറിയന്‍ സൈനിക നടപടി വിഷയത്തില്‍ യു.എസ്സിനൊപ്പം നിലയുറപ്പിക്കുന്ന ഫ്രാന്‍സില്‍ പ്രതിപക്ഷം തീരുമാനത്തില്‍ പാര്‍ലിമെന്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പാര്‍ലിമെന്റ് അടുത്തയാഴ്ച സമ്മേളിക്കുന്നുണ്ട്. യു.എസ് സഖ്യകക്ഷിയായ ബ്രിട്ടനില്‍ സൈനിക നടപടി പാര്‍ലിമെന്റ് തള്ളിയിരുന്നു.

 

അതിനിടെ, സിറിയ വിമതര്‍ക്ക് മേല്‍ രാസായുധ ആക്രമണം നടത്തിയെന്നുള്ളതിനുള്ള തെളിവുകള്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യു.എസ്സിനോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാ സമിതിയെ മറികടന്നുള്ള ഏകപക്ഷീയമായ ഏതൊരു ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കുമെന്നു റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ പ്രശ്നത്തില്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന രണ്ട് കരടുപ്രമേയങ്ങളും റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു.