Skip to main content

ജൂണ്‍ 26ന് കുവൈത്ത് തലസ്ഥാനത്തെ ഇമാന്‍-അല്‍ സാദിക്കി പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രണത്തെത്തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ മുഴുവന്‍ ജനതയുടേയും ഡി.എന്‍.എ ഡേറ്റാബേസ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. ജൂലായ് രണ്ടിന് ചേര്‍ന്ന കുവൈത്ത് പാര്‍ലമെണ്ടാണ് നിര്‍ണ്ണായകമായ ഈ തീരുമാനമെടുത്തത്. ഷിയാ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 26 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യമായാണ് ലോകത്ത് ആദ്യമായി ഒരു രാജ്യം മുഴുവന്‍ പൗരന്മാരുടേയും ജനിതകവിവര ശേഖരം സ്വരുപിക്കുന്നത്. തദ്ദേശീയരായ പത്തൊന്‍പതു ലക്ഷം പേരുടേയും ഇരുപത്തിയൊന്‍പതു ലക്ഷം വിദേശീയരുടേയുമാണ് ഡി.എന്‍.എ ഡേറ്റാബേസ് സൃഷ്ടിക്കുന്നത്. കുവൈത്ത് പോലീസിനാണ് ഇതിന്റെ ചുമതല. ഇതിനാവശ്യമായ രക്ത സാമ്പിളുകള്‍ സ്വമേധയാ തന്നെ എല്ലാവരും നല്‍കേണ്ടതാണ്. അതിനു വിസമ്മതിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും വന്‍ പിഴയും ചുമത്താനും പാര്‍ലമെണ്ട് തീരുമാനിച്ചു. ഷിയാ പള്ളിയിലുണ്ടായ ആക്രമണം കുവൈത്തിനെ വന്‍ ഭീതിയുടെ നിഴലിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അതിനു ശേഷം കുവൈത്തില്‍ എങ്ങും പോലീസിന്റെ സാന്നിദ്ധ്യമാണ്. ഒരു വാഹനം പോലും പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ പോകത്തക്ക വിധമാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

                    കുവൈത്തിന്റെ ഈ തീരുമാനം വളരെ വിമര്‍ശനാത്മകമായിട്ടാണ് അന്താരാഷ്ട്ര സമൂഹവും വിവിധ രാജ്യങ്ങളും കാണുന്നത്. സാധാരണ കുറ്റവാളികളുടെ ജനിതകവിവരമാണ്  ആവശ്യം വരുമ്പോള്‍ ശേഖരിക്കാറുള്ളത്. വ്യക്തിയുടെ സ്വകാര്യതിയിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് ആംമനസറ്റി ഇന്റര്‍നാഷണല്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

          പോലീസ് പരിശോധനയിലൂടെ കടന്നുപോകേണ്ടിവരുന്നതില്‍ കൂടുതലും കുവൈത്തികളും മറ്റ് മധ്യേഷന്‍ രാജ്യക്കാരുമാണ്. ഇന്ത്യാക്കാര്‍ക്ക് മേല്‍ അത്ര കര്‍ക്കശമായ പോലീസ് കണ്ണുകള്‍ പതിയാറില്ല. അത്യാവശ്യം മെച്ചപ്പെട്ട വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഇന്ത്യാക്കാരെ കണ്ടാല്‍ വാഹനം നിര്‍ത്തി പരിശോധിക്കാതെ പറഞ്ഞു വിടുന്നുണ്ട്.

Tags