Skip to main content

ആലോചന: ഗണേഷ്‌ കുമാറും കേരളവും

വിഷയം: ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.

കൊട്ടാരക്കര ഗണപതിയും ഗണേഷും തമ്മിലുള്ള ബന്ധം പോലെയാണ് മിക്ക വിവാഹങ്ങളും. എന്തെങ്കിലും കാര്യസാധ്യത്തിന് കൊട്ടാരക്കര ഗണപതിയെ ആശ്രയിച്ചിട്ട് സ്വയം ദൈവവിശ്വാസിയാണെന്ന് ധരിച്ചുകഴിയുന്നു. അതുപോലെ സ്ത്രീപുരുഷ ചേർച്ചയൊഴികെ മറ്റെല്ലാ ഘടകങ്ങളും പരിഗണിച്ച് വിവാഹത്തിലേർപ്പെടുന്നു.

 

ജോലി, സമ്പത്ത്, ജാതി, മതം, നാൾ, പൊരുത്തം, തുടങ്ങി  ഒട്ടുമിക്ക സംഗതികളും കല്യാണത്തിനു മുൻപ് നോക്കുന്നു. പക്ഷേ കല്യാണം കഴിയുന്ന നാൾ മുതല്‍ ഭാര്യ തന്റെ പുരുഷനേയും ഭർത്താവ് തന്റെ സ്ത്രീയേയും തേടുന്നു. കല്യാണത്തിന് മുൻപ് അന്വേഷിക്കേണ്ടത് ശേഷം അന്വേഷിച്ചാല്‍ കിട്ടുക പ്രയാസം. യാമിനി വിവാഹം ചെയ്തതും ഗണേഷ്‌ കുമാർ എന്ന യുവാവിനെയായിരുന്നില്ല. മറിച്ച് പേര്, പെരുമ, ധനം, അധികാരം, പ്രശസ്തി, പാരമ്പര്യം ഇത്യാദി സംഗതികളെയായിരുന്നു.

 

ഗണേഷ്‌കുമാറുമായുള്ള വിവാഹം പ്രണയമായിരുന്നുവെങ്കില്‍ അവരുടെ വിവാഹത്തിന് അസ്വാഭാവികതകളുണ്ടാകുമായിരുന്നില്ല. അവരുടേത് നിശ്ചയിച്ചുറപ്പിച്ച വിവാഹം. എം.ബി.ബി.എസ് ഡോക്ടറായ യാമിനി ഗണേഷിനെ വിവാഹം കഴിക്കാൻ തയ്യാറായത് മേല്‍ സൂചിപ്പിച്ച ഘടകങ്ങളുടെ ചേരുവ ഒന്നുകൊണ്ടു മാത്രമാണ്. ടെലിവിഷനിലൂടെയുള്ള പൊട്ടിക്കരച്ചിലിനിടയില്‍ അവർ പറയുന്നുണ്ടായിരുന്നു, പതിനാറു വർഷമായി ഗണേഷ്‌കുമാർ തന്നെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന്. യാമിനിക്ക് ഇപ്പോൾ ചിന്തിക്കാനുള്ള മനസ്സിന്റെ ശാന്തി കൈവന്നു കാണില്ല. എന്നാല്‍ മറ്റുള്ളവർക്ക് ചിന്തിക്കാവുന്ന ഒരു കാര്യം യാമിനി കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു. യാമിനിയെ ഗണേഷ്‌ കുമാറാണോ പീഡിപ്പിച്ചത് അതോ യാമിനി സ്വയം പീഡിപ്പിക്കുകയായിരുന്നോ. സംശയം വേണ്ട. ഔപചാരിക വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ മാനദണ്ഡമല്ല. അതില്ലാത്ത മഹാപ്രതിഭകളുടെ നിര ധാരാളമാണ്. ഗണേഷ്‌ കുമാറിന്റെ ഔപചാരികവിദ്യാഭ്യാസം യാമിനിയുടേതുമായി തട്ടിച്ചുനോക്കുമ്പോൾ ചേർച്ചയില്ല. സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ചിട്ടുമില്ല. പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിന്റെ പേരില്‍ അല്ലറചില്ലറ പോലീസ് കേസ്സുകൾ വരെ ഗണേഷിന്റെ പേരില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹത്തിന്റെ കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള യാമിനി ശക്തമായ തീരുമാനം അന്നെടുത്തില്ല. പ്രായത്തിന്റെ കുറവും വീട്ടുകാരുടെ തീരുമാനവുമൊക്കെ സ്വാധീനിച്ചിട്ടുണ്ടാവും. മനസ്സുകൊണ്ട് ഇഷ്ടപ്പെടാതെ തന്നെയാവണം കേട്ടിടത്തോളം യാമിനി ഗണേഷിന്റെ ഭാര്യയാകാൻ തീരുമാനിച്ചിരിക്കുക. ഈ യാഥാർഥ്യം മറ്റാരേക്കാളും നന്നായി അറിയുക ഗണേഷ്‌ കുമാറിനായിരിക്കും. ആ അറിവ് ഗണേഷ്‌കുമാറിന് സന്തോഷമല്ല പ്രദാനം ചെയ്യുക. മറിച്ച് തിരിച്ചറിയാനാകാത്ത വേദനയും വിഷാദവുമായിരിക്കും. അനുനിമിഷം വേദനയില്‍ നിന്നും വിഷാദത്തില്‍ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുക എന്നത് മനുഷ്യപ്രകൃതി. അതായത് വിഷാദത്തില്‍ നിന്ന് സന്തോഷത്തിലേക്കു രക്ഷപ്പെടുക.    അപ്പോൾ എന്തില്‍ നിന്നൊക്കെ സന്തോഷം ലഭിക്കുമെന്നു കരുതുന്നുവോ അതിന്റെ പിന്നാലെ പോയ്‌പ്പോകും. അല്ലെങ്കില്‍ വിഷാദത്തിന് അടിപ്പെടും. ഗണേഷ്‌ കുമാറിന്റെ പരസ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് യാമിനി ആക്ഷേപമുയർത്തി. തുടർന്ന്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സ്വഭാവ വൈകല്യങ്ങളും. ഉന്നയിക്കപ്പെടാതിരുന്ന ഒന്നുണ്ട്. ഗണേഷ്‌ കുമാർ മദ്യപാനിയായിരുന്നുവെന്ന് മാത്രം യാമിനി പറഞ്ഞിട്ടില്ല. . ഒരുകാര്യം വ്യക്തം. ഒരു മദ്യപാനിയല്ല ഗണേഷ്‌ കുമാർ. അങ്ങിനെയായിരുന്നുവെങ്കില്‍ വിഷാദാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി അദ്ദേഹം മദ്യത്തില്‍ ആശ്രയം കണ്ടെത്തുമായിരുന്നു. മലയാളിയുടെ മദ്യാസക്തിയെക്കുറിച്ചും കേരളം മദ്യമുൾപ്പടെയുള്ള ലഹരിയുടെ പിടിയില്‍ മുങ്ങുന്നുവെന്ന് ആക്ഷേപമുന്നയിക്കുമ്പോഴും യാമിനി-ഗണേഷ് ദാമ്പത്യം ഓർക്കേണ്ടതാണ്. കാരണം പല ബന്ധങ്ങളും തട്ടിമുട്ടി പോകുന്നതില്‍ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

 

നിശ്ചയിച്ചുറപ്പിച്ചു നടക്കുന്ന വിവാഹങ്ങളില്‍ നല്ല പങ്കും യാമിനി-ഗണേഷ് മാതൃകയാണ്. പരിഗണിക്കപ്പെടേണ്ടത് തഴഞ്ഞ് അപ്രസക്തമായതിനു മുൻഗണന നല്‍കുന്നു. വിവാഹത്തിനു മുൻപ് പരിഗണിച്ച വിഷയങ്ങളില്‍ നിന്ന്‍ വിവാഹത്തിനു ശേഷം കരുതിയിരുന്ന സന്തോഷം കിട്ടാതെയും വരുന്നു. ഇരുകൂട്ടരും ഒരേ വഴിയില്‍ യാത്ര തുടരുന്നതിനാല്‍ സന്തോഷത്തിന്റെ വഴികൾ അടയുന്നു. അപ്പേൾ തന്റെ സന്തോഷത്തിന്റെ തടസ്സകാരണം തേടുന്നു. ഭർത്താവില്‍ ഭാര്യയും തിരിച്ചും പരസ്പരം പഴിചാരിത്തുടങ്ങുന്നു. കല്യാണം കഴിഞ്ഞ നാൾ മുതല്‍ യാമിനിയും ഗണേഷും അതനുഭവിച്ചുതുടങ്ങി. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യമുള്ള യാമിനിക്ക് അതിനൊത്ത് ഉയരുവാനും കഴിഞ്ഞില്ല. യുദ്ധം.

 

വിവാഹ സമയത്തെന്നപോലെ ബന്ധം വേർപിരിയുമ്പോഴും യാമിനി സമ്പത്തിനു പ്രാധാന്യം നല്‍കി. മക്കളുടെ ഭാവിയെ യാമിനി സമ്പത്തുമായി ബന്ധപ്പെടുത്തിക്കണ്ടു.  യാമിനിയുടെ അച്ഛനമ്മമാർ സ്വീകരിച്ച അതേ പാതയിലൂടെ യാമിനിയും നീങ്ങുന്നു. അപമാനിതനായ അച്ഛന്റെ സാന്നിദ്ധ്യത്തിന്റെ അഭാവത്തില്‍ വളർത്തപ്പെടേണ്ട തന്റെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് കൊടുക്കേണ്ട പ്രാധാന്യം  പൊതുസമൂഹത്തിലെ പോലെ യാമിനിയും അറിയാതെ പോകുന്നു. ബാല്യകൗമാരങ്ങളില്‍ കുട്ടികൾ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ വളർത്തപ്പെട്ടാല്‍ അത് കുടുംബങ്ങൾക്കും സമൂഹത്തിനും വിപത്താണെന്ന് ബാലകൃഷ്ണപിള്ളയുടെ കുടുംബം കാട്ടിത്തരുന്നു. ആ വസ്തുത, യാമിനിക്ക് തന്റെ തകർക്കപ്പെട്ട ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കാൻ പറ്റാതെ ഗണേഷിനോടുള്ള പകയായി മാറി. ഡോക്ടറായ യാമിനിക്ക് രണ്ടു കുട്ടികളെ വളർത്താനുള്ള വരുമാനം സ്വപ്രയത്‌നത്താല്‍ ഉണ്ടാക്കാവുന്നതേയുള്ളു. ആ ആത്മവിശ്വാസത്തില്‍ തന്റെ കുട്ടികളുടെ ഭദ്രമായ ഭാവിയെ കണക്കിലെടുത്ത് ഗണേഷ്‌ കുമാറില്‍ നിന്നും വേർപിരിഞ്ഞ് താമസിക്കുവാൻ തീരുമാനിച്ചിരുന്നെങ്കില്‍ അത് കുട്ടികളുടെ മുന്നില്‍ മറ്റൊരു പാത തുറന്നിടുമായിരുന്നു. അങ്ങിനെയുള്ള വഴിക്ക് ചിന്ത നീങ്ങിയിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്തരത്തില്‍ മാധ്യമങ്ങളുടെ റേറ്റിംഗ് വർധിപ്പിക്കാനുള്ള രംഗങ്ങൾ ഉണ്ടാവുക തന്നെയിലായിരുന്നു. യാമിനിയിലും ആധിപത്യം സ്ഥാപിച്ചിട്ടുള്ള മുഖ്യധാരാ സാമൂഹികമനസ്സ് അതിന് സജ്ജമാകാതിരുന്നത് അവരുടെ ധർമ്മസങ്കടമായി കാണുകയേ നിവൃത്തിയുള്ളു.

 

ബന്ധം ധാരണപ്രകാരം പിരിയാൻ തീരുമാനമായതിനു ശേഷം യാമിനി പറഞ്ഞു, തനിക്കു നീതി കിട്ടി. തന്നെപ്പോലെ മറ്റുളളവരും മുന്നോട്ടുവരാൻ തയ്യാറാവണം. തന്നെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ചെയ്യാൻ കഴിയുന്നത് ചെയ്യും. സാമൂഹിക പ്രവർത്തനത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണ യാമിനിയുടെ നാവിലൂടെ ശബ്ദം കൈവരിക്കുകയായിരുന്നു. ഉള്ളതേ കൊടുക്കാൻ കഴിയൂ. യാമിനിയുടെ പക്കല്‍ അപ്പോഴുണ്ടായിരുന്നത് ദു:ഖമാണ്. ദു:ഖത്തില്‍ നിന്ന്‍ മോചനത്തിനായി സാമൂഹ്യപ്രവർത്തനത്തിലേർപ്പെടുന്നവർക്ക് സമൂഹത്തിലേക്കും ദു:ഖം മാത്രമേ പ്രദാനം ചെയ്യാൻ കഴിയുകയുള്ളു. ഇന്നത്തെ അവസ്ഥയില്‍ യാമിനി സാമൂഹ്യപ്രവർത്തനത്തിനിറങ്ങിയാല്‍ അത് തന്റെ തകർച്ചയ്ക്കു കാരണക്കാരനായ ഗണേഷ്‌ കുമാറിനോടുള്ള വിരോധം മാത്രമാവും അതിന്റെ പിന്നില്‍ പ്രവർത്തിക്കുക. പുറമേ മറ്റുളളവർക്ക് ചിലപ്പോൾ പ്രകടമായ സഹായം ലഭിച്ചാലും. സാമൂഹ്യപ്രവർത്തനത്തിനിറങ്ങുന്നവർ സ്വയം ചിട്ടപ്പെടുത്തുക എന്നത് പ്രാഥമിക യോഗ്യതയാണ്. അസ്വസ്ഥതയും അതൃപ്തിയും പോരായ്മാബോധവും ഒക്കെയാല്‍ ഉഴലുന്നവർ സാമൂഹ്യപ്രവർത്തകരാകുമ്പോൾ അവരുടെ ഓരോ പ്രവൃത്തിയുടേയും ലക്ഷ്യം തങ്ങൾ അനുഭവിക്കുന്ന വിഷമവൃത്തത്തില്‍ നിന്ന്‍ പുറത്തുചാടുക എന്നതാണ്. ബാലകൃഷ്ണപിള്ളയും ഗണേഷ്‌ കുമാറും ഇവിടെ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നില്ല. അവർ അതിന്റെയും പ്രതിനിധികൾ ആവുക മാത്രമാണ്.

 

യാമിനിയുടെ ജീവിതത്തെ ഇവിടം വരെയെത്തിച്ച കാഴ്ചപ്പാടുമായി മുമ്പോട്ട് പോവുകയാണെങ്കില്‍, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ താൻ തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന്  പറഞ്ഞ മാനസികാവസ്ഥയില്‍ നിന്ന്‍ മാറ്റം സംഭവിക്കാത്ത പക്ഷം സുഖകരമല്ലാത്ത ജീവിതാനുഭവങ്ങളിലൂടെ ഇനിയും കടന്നു പോകേണ്ടി വരും. തനിക്ക് ഇഷ്ടപ്പെടാത്ത സ്വഭാവമോ അനുസരണക്കേടോ മക്കള്‍ കാണിക്കുമ്പോൾ അവരെ വഴക്കുപറഞ്ഞെന്നിരിക്കും. അക്കൂട്ടത്തില്‍ അവരില്‍ അവരുടെ അച്ഛന്റെ സ്വഭാവവും ആരോപിച്ചെന്നിരിക്കും. തന്റെ മക്കളെ അങ്ങേയറ്റം സ്‌നേഹിക്കുമ്പോൾതന്നെ അവരിലൂടെ കാണുന്ന തന്റെ ജീവിതത്തെ തകർത്ത ഗണേഷ്‌ കുമാറിനെ വെറുക്കാൻ അനുനിമിഷം യാമിനി നിർബന്ധിതയാവും. കുട്ടികൾ അനുനിമിഷം തങ്ങളുടെ അച്ഛനെ നിന്ദ്യനും വെറുക്കപ്പെട്ടനുമായി അറിയാൻ ബാധ്യസ്ഥരാകുന്നു. സ്വന്തം പിതാവിനെക്കുറിച്ച് മതിപ്പില്ലാതെ വളരുന്ന മകന്റെ ദുരന്തം അവർണനീയമാണ്. ഗണേഷ്‌ കുമാർ അതിന്റെ ഉത്തമ ഉദാഹരണം. ആ അച്ഛന്റെ ഗുണങ്ങൾ അമ്മയാല്‍ തങ്ങളില്‍ ആരോപിക്കപ്പെടുമ്പോൾ അവർ അറിയാതെ സ്വയം വെറുക്കുക എന്ന അവസ്ഥയില്‍ അകപ്പെടുന്നു. ഗണേഷ്‌കുമാർ അനുഭവിച്ച, അനുഭവിക്കുന്ന അവസ്ഥയേക്കാൾ ഭയാനകമാണത്. ഇത് അവരെ ആന്തരിക സംഘർഷത്തിലാഴ്ത്തും. നിലവിലുള്ള യാമിനിയുടെ ഉപദേശകരും  ഈ അവസ്ഥയെ പരിപോഷിപ്പിക്കുന്നവരാണ്.

 

വാക്കിനോട് അർഥം പിരിയാതെ ചേർന്നിരിക്കണം. എങ്കിലേ വാക്കുകൊണ്ട് അർഥമാക്കുന്നതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. വാക്കിനോടർഥം ചേർന്നിരിക്കുന്നതുപോലെ പിരിയാതെ സംപൃക്തമായിരിക്കുന്ന ശിവപാർവതി സംയോഗ സങ്കല്‍പ്പമാണ് സ്ത്രീ-പുരൂഷ സംയോഗത്തിലൂടെ വിവാഹം കൊണ്ടുദ്ദേശിക്കുന്നത്. ആ ചേരലിന്റെ ഫലമാണ് ശ്രദ്ധ. അഥവാ ഗണേശൻ. ആ ശ്രദ്ധയില്‍ എന്തിലും ഏർപ്പെട്ടാല്‍ വിഘ്‌നം ഉണ്ടാവുന്ന പ്രശ്‌നമില്ല. ആ അറിവില്ലാതെ തേങ്ങയടിക്കുന്നതിന്റെ ഗുണം അത് ലേലത്തില്‍ പിടിക്കുന്നവന്. കേരളത്തിന്റെ സമസ്തതലങ്ങളിലും വാക്കും അർഥവും തമ്മിലുള്ള അകലമോ ചേർച്ചയില്ലായ്മയോ അറിയാൻ  കീഴൂട്ട് കുടുംബത്തിലേക്കു നോക്കിയാല്‍ മതി. വാക്കില്‍ നിന്ന്‍ അർഥം അകന്നു നില്‍ക്കുന്ന സമൂഹത്തില്‍ ഒരേ സമയം വാക്കിനെ സ്വീകരിക്കുകയും അതിന്റെ അർഥത്തെ തള്ളുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. അത് വ്യക്തിയില്‍ ആന്തരിക സംഘർഷത്തെ ഉണ്ടാക്കും. ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലറ്റും സീരിയലുകളും സീരിയലുകളെ വെല്ലുന്ന വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും  ഒന്നുകൂടി ഓർക്കാം. ജനാധിപത്യം നേരിടുന്ന ഭീഷണിയും അതു തന്നെ. ഉദാത്തമായ വാഗ്ദാനങ്ങൾ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ട് ചാനലുകളും നേരിടുന്ന ഗതികേട് അതു തന്നെ. പറയപ്പെടുന്നതിനു വിപരീതമായി പ്രവർത്തിക്കേണ്ടി വരുന്നു. ഏതു മേഖലയിലും അതു കാണാം. വിദ്യാഭ്യാസവും അർഥവും, രാഷ്ട്രീയവും യാഥാർഥ്യവും, വിവാഹവും ജീവിതവും, നിയമസഭയും നിയമസഭാസമ്മേളനവും, അധ്യാപകനും അധ്യാപനവും, ആശുപത്രിയും ചികിത്സയും, വികസനവും വികസനപ്രവർത്തനവും, ഭാര്യയും ഭർത്താവും, അച്ഛനും മക്കളും, അമ്മയും മക്കളും തുടങ്ങി ഏതു വാക്കെടുത്താലും ഈ അകലമാണ് ഇന്നു മലയാളിയുടെ ജീവിതത്തെ തകിടം മറിക്കുന്നത്. സ്വന്തം ജീവിതം തകിടം മറിയുന്നത് കാണുന്നതിന്റെ രീതിയാണ് യാമിനി-ഗണേഷ്  ജീവിതത്തിന്റെ തകർച്ച 2013 ലെ മാധ്യമങ്ങളിലെ വിഷു ആഘോഷമായി നാം കണ്ടതും ചാനലുകൾ കൊണ്ടാടിയതും. അഴുകിയതില്‍ നിന്ന്‍ പുത്തൻ നാമ്പുകൾ പൊട്ടിവിടരുമെന്നത് ദുഖിക്കാനിട നല്‍കുന്നില്ല.

 

(അവസാനിച്ചു)

 

മുന്‍ ഭാഗങ്ങള്‍:

ഗണേഷ്‌ കുമാറും കേരളവും

അദ്ധ്യായം ഒന്ന്‍ - വളര്‍ച്ച

അധ്യായം രണ്ട് – ചാനല്‍ ചര്‍ച്ചയും കൗമാരവും

അധ്യായം മൂന്ന്‍ - ദൈവവിശ്വാസി

അദ്ധ്യായം-നാല് ബാലകൃഷ്ണപിള്ളയും രാഷ്ട്രീയവും