Skip to main content

ആലോചന: ഗണേഷ്‌ കുമാറും കേരളവും

വിഷയം: ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.

ബാലകൃഷ്ണപിള്ളയിലൂടെ പ്രകടമാകുന്നതാണ് രാഷ്ട്രീയമെന്ന ധാരണ സംശയലേശമന്യേ ഏവരും കരുതുന്നതായ സ്ഥതിവിശേഷം ഇന്ന്‍ നിലനില്‍ക്കുന്നു. പൊതുസമൂഹം കേള്‍ക്കേണ്ട ശബ്ദമാണ് മാധ്യമം കേള്‍പ്പിക്കേണ്ടത്. അപ്പോള്‍ മാത്രമേ മാധ്യമം മാധ്യമമാകുന്നുള്ളു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മാധ്യമവും തമ്മില്‍ വേര്‍തിരിയേണ്ടത് അവിടെയാണ്. ഇന്ന്‍ ബാലകൃഷ്ണപിള്ളയ്ക്ക് മാധ്യമത്തില്‍ വന്‍ പ്രാധാന്യമാണ് കിട്ടുന്നത്. കാരണം മാധ്യമങ്ങള്‍ തങ്ങളുടെ പ്രചാരത്തിന് ആക്കം കൂട്ടുമെന്നു വിശ്വസിക്കുന്ന ഉള്ളടക്കസ്വഭാവമുള്ളതാണ് ബാലകൃഷ്ണപിള്ളയുടെ ദൃശ്യവും വാക്കുകളും. രാജ്യത്തെ പരമോന്നത കോടതി അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചു. കുറ്റം കണക്കിലെടുത്ത് ശിക്ഷയും വിധിച്ചു. അതിനുശേഷവും മാധ്യമങ്ങള്‍ ബാലകൃഷ്ണപിള്ളയുടെ അഭിമുഖത്തിനും വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കും പരക്കം പായുകയായിരുന്നു. ഒരു കുറ്റവാളിയുടെ വാക്കിനു സമൂഹത്തില്‍ എന്താണ് പ്രസക്തി? ഒരു നിമിഷം ആലോചിച്ചാല്‍ മനസ്സിലാകുന്നതേയുള്ളൂ. എന്നിട്ടും ബാലകൃഷ്ണപിള്ളയുടെ പ്രത്യേക അഭിമുഖം പറ്റുമെങ്കില്‍ സംഘടിപ്പിക്കുക എന്നത് മികച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

 

കൗതുകം ഒന്നുമാത്രം വാര്‍ത്തയുടെ നിര്‍ണയത്തില്‍ നിര്‍ണ്ണായകമാകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം. അതു ജനം ഇഷ്ടപ്പെടുന്നു എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം സംഗതികള്‍ വാര്‍ത്തയുടെ പേരില്‍ ജനങ്ങള്‍ ശീലിപ്പിക്കപ്പെട്ടു. അതിനാല്‍ അത്തരം ഉള്ളടക്കം നല്‍കാത്തവര്‍ വാര്‍ത്ത നല്‍കുന്നതില്‍ പിന്നിലാക്കപ്പെടുന്നു എന്ന ധാരണ മാധ്യമപ്രവര്‍ത്തകരിലും പ്രേക്ഷകരിലും ഒരുപോലെ രൂപപ്പെട്ടു. അതുകൊണ്ടാണ് ബണ്ടിചോര്‍ എന്ന പെരുങ്കള്ളന്‍ വിമാനത്തില്‍ ഭക്ഷണം കഴിക്കുന്നതും ചിരിക്കുന്നതും മറ്റും പ്രധാന വാര്‍ത്തയായി മാറുന്നത്. ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷവിധിച്ചപ്പോള്‍ മാധ്യമം സ്വീകരിച്ച നിലപാടാണ് കേരളത്തിലെ മിക്ക രാഷ്ട്രീയ നേതാക്കളേയും അദ്ദേഹം ജയിലില്‍ പോകുന്നതിനു മുന്‍പ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ധൈര്യം പകര്‍ന്നുകൊടുത്തത്. അക്കൂട്ടത്തില്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണി വിളിക്കുക കൂടി ചെയ്യാതിരുന്നതില്‍ ബാലകൃഷ്ണപിള്ളയ്ക്കുള്ള കുണ്ഠിതവും അതുകേള്‍ക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയോട് സഹതാപം തോന്നുന്നവിധം മാധ്യമങ്ങള്‍ കാണിക്കുകയുണ്ടായി. മാധ്യമങ്ങള്‍ ബാലകൃഷ്ണപിള്ളയെ നന്നായി മാര്‍ക്കറ്റു ചെയ്തു. ഇപ്പോഴും ചെയ്യുന്നു.

 

അന്ന്‍ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട അന്തരീക്ഷമാണ്  ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി വിധിച്ച ശിക്ഷ പ്രായോഗികതലത്തില്‍ അനുഭവിക്കാന്‍ ഇടവരുത്താത്ത വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനേറ്റ ഏറ്റവും വലിയ പരസ്യമായ പ്രഹരമായിരുന്നു അത്. അതായത് ജനാധിപത്യ സംവിധാനത്തില്‍ എങ്ങനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരമോന്നത കോടതിയുടെ വിധിയെപ്പോലും നിര്‍വീര്യമാക്കാമെന്ന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലും അദ്ദേഹം പുറത്തിറങ്ങുമ്പോഴും മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ആരാഞ്ഞ് രാഷ്ട്രീയത്തില്‍ നിലനിര്‍ത്തി. ആ സാഹചര്യമാണ് സര്‍വീസിലുണ്ടായിരുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ബാലകൃഷ്ണപിള്ളയുടെ മരുമകനുമായ ടി.ബാലകൃഷ്ണനെ ജയിലിലേക്കുപോയ ബാലകൃഷ്ണപിള്ളയെ അനുഗമിക്കാന്‍ ധൈര്യം നല്‍കിയത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ വേണ്ട, സാമാന്യബുദ്ധികൊണ്ട് നോക്കിയാല്‍പോലും അങ്ങേയറ്റം അനുചിതമായ നടപടിയായിരുന്നു ബാലകൃഷ്ണന്റേത്. ഇത്രയും ഉന്നതമായ ഔദ്യേഗിക സ്ഥാനം വഹിച്ചിരുന്ന ബാലകൃഷ്ണന് മിനിമം ഔചിത്യം പാലിക്കുന്നതിന് പോലും കഴിഞ്ഞില്ല. അങ്ങിനെയുള്ള ബാലകൃഷ്ണന്‍ കേരളത്തിന്റെ ഭാവിയേയും ഭൂപ്രകൃതിയേയുമൊക്കെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായകപങ്ക് അന്ന്‍ വഹിച്ചിരുന്നുവെന്നും ഇപ്പോള്‍ വഹിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പൊതു രാഷ്ട്രീയ-മാധ്യമ-സാമൂഹിക സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.

 

ഇന്നും ബാലകൃഷ്ണപിള്ള സജീവ വാര്‍ത്തയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്തുതന്നെയായാലും. അദ്ദേഹം ക്ഷേത്രത്തില്‍ പോകുന്നതും തുലാഭാരം കഴിക്കുന്നതും വരെ വാര്‍ത്തയാകുന്നു. ഒരാളെ കുറ്റവാളിയായി കണ്ടെത്തിക്കഴിഞ്ഞാല്‍ തിരുത്തലിലാണ് ശിക്ഷ. ആ ശിക്ഷ ഫലത്തില്‍ അനുഭവിക്കാത്തയാളാണ് ബാലകൃഷ്ണപിള്ള. അതിനര്‍ഥം അദ്ദേഹം തുടര്‍ന്നുവന്ന അതേ പാതയിലൂടെ അതിശക്തമായി നീങ്ങുന്നു. അദ്ദേഹം യു.ഡി.എഫ് യോഗത്തിനു വരുന്നതും വരാത്തതും വാര്‍ത്തയാകുന്നു. ഇത് മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോടൊപ്പം നിസ്സങ്കോചം ഇരിക്കാന്‍ സാമൂഹികാന്താരീക്ഷം ഒരുക്കുന്നു. അഴിമതിക്കേസ്സിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത്. ഇപ്പോഴും തന്നെ അഴിമതിക്കു പ്രേരിപ്പിക്കുന്നുവെന്നും അതിനു വഴങ്ങാത്തതിലാണ് തനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ മകന്‍ ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്നപ്പോഴും ശേഷവും ഉറക്കെ വിളിച്ചുപറയുന്നു. ഈ സര്‍ക്കാരിന്റെ കീഴ്വഴക്കവും പൊതു നീതിബോധവും വച്ചാണെങ്കില്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വഷണം നടത്തേണ്ടതാണ്. പ്രത്യേകിച്ചും മന്ത്രി തന്നെ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍. എന്നാല്‍ അതെല്ലാം ബാലകൃഷ്ണപിള്ളയ്ക്ക് തന്റെ താരമൂല്യവര്‍ധനയ്ക്ക് കേരളത്തിലെ മാധ്യമനിയന്ത്രിതസാഹചര്യം അവസരം ഒരുക്കിക്കൊടുത്തു.

 

അഴിമതിക്കേസ്സില്‍ രാജ്യത്തെ പരമോന്നത കോടതി ശിക്ഷിച്ച്, ആ ശിക്ഷ അനുഭവിക്കാതെ, ശിക്ഷിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ധാര്‍ഷ്ട്യത്തോടെ നിലകൊള്ളുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തി. ജനങ്ങളുടെ ക്ഷേമത്തിനു പകരം മറയില്ലാതെ ജനങ്ങളെ സ്വന്തം താല്‍പ്പര്യത്തിനായി ഉപയോഗിക്കുന്നു. ഇവിടെ ബാലകൃഷ്ണപിള്ളയുടെ ഭാഗത്തുനിന്ന്‍ ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ ഒട്ടും അനൗചിത്യമില്ല. കാരണം കേരളരാഷ്ട്രീയത്തിന്റെ ഉള്‍ദൃശ്യങ്ങള്‍ ബാലകൃഷ്ണപിള്ളയോളം അറിയാവുന്ന ഒരാള്‍ ഒരുപക്ഷേ ഇന്നു കേരളരാഷ്ട്രീയത്തില്‍ വിരളമാകും. അതാണ് ബാലകൃഷ്ണപിള്ളയുടെ ധൈര്യവും മറ്റുള്ളവരുടെ ധൈര്യക്കേടും. രാഷ്ട്രീയം, സമൂഹം, കേരളം എന്നീ പ്രതിഭാസങ്ങളുടെ വര്‍ത്തമാനകാല പ്രതിനിധിയായി ബാലകൃഷ്ണപിള്ള മാറുന്നു. വ്യത്യാസം ശിക്ഷിക്കപ്പെട്ടവരും ശിക്ഷക്കപ്പെടാത്തവരും മാത്രം. ജനപ്രതിനിധികള്‍ നമ്മുടെ പ്രതിനിധികളായതിനാല്‍ നമുക്ക് നേതാക്കളെ കുറ്റപ്പെടുത്താന്‍ അധികാരമില്ല. അതു ശരിയുമല്ല. രാഷ്ട്രീയമായ കേരളീയ സമൂഹത്തിന്റെ ജീര്‍ണതയുടെ പരിഛേദപുസ്തകമാകുന്നു ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാഷ്ട്രീയവും. ഇതിനുത്തരവാദി ബാലകൃഷ്ണപിള്ള മാത്രമല്ല. അദ്ദേഹം മാത്രമായി ക്രൂശിക്കപ്പെടുന്നിടത്ത് മറ്റുള്ളവരിലൂടെ പ്രകടമാകുന്ന രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും മാതൃകയായി ധരിക്കപ്പെടുമെന്ന വന്‍ ആപത്തും കാണേണ്ടതാണ്. ഇത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മാത്രം ചര്‍ച്ചചെയ്യേണ്ട പ്രശ്‌നമല്ല. ഓരോ മലയാളിയും സ്വയം കാഴ്ചയിലേക്കു പോകാനുളള സമയമാണ്. കൊട്ടാരക്കരയുടെ ജീര്‍ണതയില്‍ നിന്ന്‍ കൊട്ടാരക്കരയുടെ സാധ്യതയിലേക്ക്.

 

(തുടരും)

മറ്റു ഭാഗങ്ങള്‍:

ഗണേഷ്‌ കുമാറും കേരളവും

അദ്ധ്യായം ഒന്ന്‍ - വളര്‍ച്ച

അധ്യായം രണ്ട് – ചാനല്‍ ചര്‍ച്ചയും കൗമാരവും

അധ്യായം മൂന്ന്‍ - ദൈവവിശ്വാസി

Ad Image