Skip to main content

ആലോചന: ഗണേഷ്‌ കുമാറും കേരളവും

വിഷയം: ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.


കേരളത്തില്‍ എണ്ണത്തില്‍ ചാനലുകളുടെ എണ്ണം ധാരാളം. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ചാനല്‍ മാത്രം. എന്നുവെച്ചാല്‍ ഏതു ചാനല്‍ തുറന്നാലും ഒരേ വിഷയം, ഒരേ ദൃശ്യങ്ങള്‍, ഒരേ ചര്‍ച്ചകള്‍. മിക്കപ്പോഴും ഒരേ ചര്‍ച്ചക്കാര്‍. ചര്‍ച്ചകള്‍ നടത്തുന്നവരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും വിദഗ്ധര്‍. ചര്‍ച്ച നടക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി വന്‍ അക്ഷരത്തില്‍ എഴുതിക്കാണിക്കുന്നു, ഗണേഷ് സ്ത്രീലമ്പടന്‍-പി.സി.ജോര്‍ജ്. പി.സി.ജോര്‍ജ് പറയുന്നു, ഗണേഷ് മന്ത്രിമന്ദിരം വേശ്യാലയമാക്കി, ഗണേഷനു സ്വഭാവശുദ്ധിയില്ലാത്തതുകൊണ്ടാണ് താന്‍ അദ്ദേഹത്തിനെതിരെ കാര്യങ്ങള്‍ ജനസമക്ഷം വിളിച്ചുപറയുന്നത് എന്ന്‍. ഗണേഷ്, കുടുംബങ്ങള്‍ തകര്‍ക്കുന്നു. അതു സഹിക്കാനും അനുവദിച്ചുകൊടുക്കാനും പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിയാമ്പതി വിഷയത്തിനു ശേഷമാണോ ഗണേഷിനു സ്വഭാവദൂഷ്യം ഉണ്ടായതെന്ന്‍ വ്യക്തമായ ചോദ്യമുന്നയിച്ചില്ലെങ്കിലും മാധ്യമപ്രവര്‍ത്തകന് ആ അര്‍ഥം വരത്തക്കവിധം ചോദിച്ചു. വളരെ വിദഗ്ധമായ രീതിയില്‍ അദ്ദേഹം മറുപടിയും പറഞ്ഞു. അതാകട്ടെ കേരളത്തിലെ മാധ്യമലോകത്തിനു  അപമാനകരമായ വസ്തുതയും. നെല്ലിയാമ്പതി വിഷയത്തിനുമുന്‍പ് നിങ്ങള്‍ വലിയ സുഹൃത്തുക്കളായിരുന്നല്ലോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ജോര്‍ജ് പറയുന്നു:

 

'അതു ഞാന്‍ പറയാം. എന്റെ ആത്മാര്‍ഥത എത്രയാണെന്ന് വ്യക്തമാക്കുമത്. അച്യുതാനന്ദനെതിരെ പത്തനാപുരത്ത് പ്രസംഗിച്ചതിന്റെ പേരില്‍ പ്രതിപക്ഷം ഗണേഷിനെ അസംബ്ലിയില്‍ വല്ലാതെ ആക്രമിച്ചു. ഗണേഷ് ആകെ തര്‍ന്നുപോയി. ഞാന്‍ മുറിയില്‍ കയറിച്ചെന്നപ്പോള്‍ ഗണേഷ് കണ്ണും മലച്ച് കസേരയില്‍ കിടക്കുന്നു. എന്നിട്ട് ഞാന്‍ മരിക്കാന്‍ പോകുവാന്ന്‍ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്നു. ഞാന്‍ പേടിച്ചുപോയി. ഡോക്ടറെ വിളിക്കട്ടോ എന്നു ചോദിച്ചപ്പോ, വേണ്ടാ ചേട്ടനവിടിരിക്കെന്ന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോ ഗണേഷ് ആകെ തകര്‍ന്നിരിക്കുവാ. എനിക്കവനെ രക്ഷിക്കണമെന്നായി. ഞാന്‍ അവിടിരുന്നുകൊണ്ട് പ്രധാന ചാനലിന്റെ ഒന്നാമനെ വിളിച്ചു പറഞ്ഞു, പത്തനാപുരത്ത് ഞാനും പ്രസംഗിച്ചിട്ടുണ്ട്. അത് കൊടുക്ക്. നമുക്ക് ഗണേഷിനെ രക്ഷിക്കണം. എന്റെ പ്രസംഗം വന്നാല്‍ പിന്നെ അതിലായിക്കോളും ശ്രദ്ധ. നോക്കണേ, ഒരാളെ രക്ഷിക്കാന്‍വേണ്ടി ആരു ചെയ്യുമിങ്ങനെ. എന്നിട്ടാ അവനെന്നോടിങ്ങനെ പെരുമാറിയത്. ആ, അപ്പോള്‍ ചാനലിന്റെ ഒന്നാമന്‍ പറഞ്ഞു അതിപ്പോ എങ്ങനെയാ, ബുദ്ധിമുട്ടാവില്ലേ എന്ന്‍. അപ്പോള്‍ മനസ്സിലായി. തുടര്‍ന്ന്‍ ചാനലിന്റെ രണ്ടാമനെ വിളിച്ചു. ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടാമന്‍ പറഞ്ഞു, ശരി, പി.സി.പറയുന്നതല്ല്യോ. നമുക്ക് കൊടുത്തുകളയാം. അങ്ങിനെയാ ഞാന്‍ ബാലനെ പൊട്ടാന്നും മറ്റുമൊക്കെ വിളിച്ചുകൊണ്ടുള്ള പ്രസംഗം വരുന്നെ. ഞാന്‍ ബാലനെ ഇത്തിരി മോശമായി പറഞ്ഞുവെന്നുള്ളതും സത്യമാണ്. പിന്നെ കോലാഹലമായി. എല്ലാ ശ്രദ്ധയും അതിലേക്കായി. അങ്ങനെയാ ഗണേഷിനെ രക്ഷപ്പെടുത്തിയത്. ആരെങ്കിലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാവുമോ. അതാ പി.സി.ജോര്ജ്.'

 

ജോര്‍ജിന്റെ ഈ പ്രസംഗത്തെ അവലംബിച്ച് എത്രദിവസം വിദഗ്ധര്‍ പങ്കെടുത്ത മാധ്യമചര്‍ച്ചകള്‍ നടക്കുകയുണ്ടായി. എന്തെല്ലാം പ്രതിഷേധങ്ങളും മറ്റും അരങ്ങേറി. ഇവിടെ വാര്‍ത്തയുടെയും മാധ്യമപ്രവര്‍ത്തകന്റെയും നിര്‍വചനങ്ങളും അര്‍ഥവും മാറുന്നു. വാര്‍ത്ത ജോര്‍ജ് നിശ്ചയിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഒന്നാമന്റെ സമ്മതത്തോടെ രണ്ടാമന്‍ അനുസരിക്കുന്നു. ആ ഒന്നാമനാലും രണ്ടാമനാലും നയിക്കപ്പെടുന്ന ആ ചാനലിലെ മൂന്നാമത്തെയാള്‍ തൊട്ടുള്ളവരുടെ കാര്യം അചിന്തനീയം. കാരണം നായകസ്ഥാനത്താണ് ഒന്നാമനും രണ്ടാമനും ഉണ്ടാകേണ്ടത്. അവരുടെ നേതൃത്വം എന്തായിരിക്കും. ഇതു സത്യമാണോ അസത്യമാണോ എന്ന്‍ നിശ്ചയമില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് ചോദ്യകര്‍ത്താവ് കടന്നില്ല. ജോര്‍ജ് വളരെ അഭിമാനത്തോടെയും തന്റെ സ്വഭാവശുദ്ധിയുടേയും ത്യാഗത്തിന്റെയും കഴിവിന്റെയുമൊക്കെ ദൃഷ്ടാന്തമായാണ് ഇത് രേഖപ്പെടുത്തിയത്. സത്യമാണെങ്കില്‍ അതിനെ വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തം. ഒരു സംസ്ഥാനത്തെ ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് ഒരു ജനപ്രതിനിധിയും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് നടത്തിയ കബളിപ്പിക്കല്‍. അതും ഗൂഢമായ ലക്ഷ്യനിര്‍വഹണത്തിനുവേണ്ടി. അതു റേറ്റിംഗ് വര്‍ധനയ്ക്ക് കാരണമാവുകയും വന്‍രീതിയില്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

 

ഇവിടെ വ്യക്തമാകുന്ന ഒന്നുണ്ട്. ഒന്നുകില്‍ അരുതാത്തത് എന്താണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ചീഫ് വിപ്പിനു മനസ്സിലാകുന്നില്ല. അരുതാത്തത് ചെയ്തത് അഭിമാനമായി കാണുകയും അത് അത്യഭിമാനത്തോടെ സ്വഭാവശുദ്ധിയുടെ തെളിവായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി ജനസമക്ഷം പറയാന്‍ തയ്യാറാവുകയും ചെയ്യുന്നു. സദാചാരത്തിന്റെ പുതിയ മാനദണ്ഡങ്ങളും അളവുകോലുകളും ജനങ്ങളിലേക്ക്, അവരുടെ ഉപബോധ-അബോധ മനസ്സുകളിലേക്ക് നിക്ഷേപിക്കപ്പെടുന്ന നിമിഷങ്ങള്‍. ജോര്‍ജ് സൃഷ്ടിച്ച  മാനദണ്ഡങ്ങള്‍ അടിക്കടി ശരിയാണെന്ന് ജോര്‍ജിനും മറ്റുള്ളവര്‍ക്കും തോന്നുന്ന വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം അത് ജോര്‍ജിന് പ്രശസ്തിയും താരപദവിയും നല്‍കുന്നു. കഴിഞ്ഞ ഓണക്കാലപരിപാടികളിലൊന്നില്‍ ഒരു ചാനലിന്റെ കോമഡിപ്പരിപാടിയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം വിധികര്‍ത്താവായി ജോര്‍ജും ഉണ്ടായിരുന്നു. ആ പരിപാടിക്കിടയില്‍ അദ്ദേഹം വളരെ അന്തസ്സോടെ പാരമ്പര്യമഹിമയും തറവാടിത്തവും അവകാശപ്പെടുന്ന വിധം പറയുകയുണ്ടായി, പൂഞ്ഞാര്‍ റേഞ്ചിലെ മദ്യക്കച്ചവടത്തിന്റെ ലേലം പിടിച്ചിരുന്നത് തന്റെ പിതാവായിരുന്നുവെന്ന്. മദ്യം അന്തസ്സിന്റെ ചിഹ്നമാവുന്നു. ബീവറേജസ് കോര്‍പ്പറെഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ ചാനല്‍ ക്യാമറ കാണുമ്പോള്‍ ആവേശപൂര്‍വം മുഖം കാണിക്കാന്‍ മത്സരിക്കുന്നത് ഇതിനോട് ചേര്‍ത്ത് ഓര്‍ക്കാവുന്നതാണ്. തലയില്‍ മുണ്ടിട്ട് കള്ളുഷാപ്പില്‍ കയറിയിരുന്ന കാലത്തില്‍ നിന്നുള്ള പരിണാമം എങ്ങിനെ സംഭവിച്ചുവെന്നും അത് എങ്ങിനെ സംഭവിക്കുന്നുവെന്നും ഇതു വെളിപ്പെടുത്തുന്നു.

 

സ്വഭാവശുദ്ധി, രാഷ്ട്രീയസദാചാരം, വാര്‍ത്തയുടെ മൂല്യം, ധാര്‍മികത- ഇവയുടെ പേരിലാണോ ഈ വെളിപ്പെടുത്തലുകളും വാര്‍ത്തയും സൃഷ്ടമാകുന്നത്? എന്നാല്‍ ഇവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇവ രണ്ടും സംഭവിക്കുന്നത്. കാരണം എങ്കിലേ വെളിപ്പെടുത്തലിനും വാര്‍ത്തയ്ക്കും സാധ്യതയുള്ളു. ഇത്തരം വെളിപ്പെടുത്തലുകളും വാര്‍ത്തയും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇപ്പറഞ്ഞവയുടെ പുതിയ സമവാക്യങ്ങള്‍ പ്രതിഷ്ഠിതമായി.

 

വിദഗ്ധചര്‍ച്ചകളും നീങ്ങിയത് ഈ വഴിക്കു തന്നെ. മിക്ക വിദഗ്ധരും മന്ത്രിസ്ഥാനം ഒരു വ്യക്തിയുടെ വൈയക്തിക ലാഭമായി അഥവാ നേട്ടമായി കണ്ടുകൊണ്ടാണ് വിലയിരുത്തല്‍ നടത്തിയത്. ഒരു സ്ഥാനത്ത് എത്തിപ്പെടുക എന്നുവെച്ചാല്‍ എളുപ്പമുള്ള കാര്യമല്ല. അവിടെ എത്തിപ്പെട്ടതിന് ശേഷം അത് നഷ്ടമായിട്ട് വീണ്ടും അവിടേക്കു തിരിച്ചുവരിക അതിലേറെ ബുദ്ധിമുട്ടും. അതുകൊണ്ട് ഗണേഷിനു തിരിച്ച് ഇനി മന്ത്രിസഭയിലേക്കുള്ള വരവ് അത്ര എളുപ്പമാവുമെന്നു തോന്നുന്നില്ലെന്ന് ഒരു വിദഗ്ധന്‍ പറഞ്ഞു. മറ്റൊരു വിദഗ്ധന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാമിനിയുമായി ഉണ്ടാക്കിയ കരാര്‍ പാലിച്ചിരുന്നുവെങ്കില്‍ ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമാവില്ലായിരുന്നു. അഭിഭാഷകരും സുഹൃത്തുക്കളും നല്‍കിയ ഉപദേശം സ്വീകരിച്ച വിഢ്ഢിത്തത്തിന്റെ ഉദാഹരണമായിട്ടായിരിക്കും ഗണേഷിന്റെ ഈ രാജിയെ ചരിത്രം വിലയിരുത്തുക. ഗണേഷിന്റെ രാജിയിലേക്കു നയിക്കാനിടയായ വിഷയങ്ങളൊന്നും പ്രസക്തമല്ല. തന്ത്രങ്ങളുടെ പാളിച്ച കൊണ്ട് പറ്റിയ അമളി എന്ന നിലയ്ക്കാണ് ആ വിദഗ്ധന്‍ കാര്യങ്ങളെ കണ്ടത്.

 

ഈ വിദഗ്ധാഭിപ്രായങ്ങള്‍ കേള്‍ക്കാനിടവരുന്ന ഗണേഷിന്റെ മൂത്ത മകന്റെ പ്രായമുള്ള പതിനഞ്ചു വയസ്സുകാര്‍ക്ക് രാഷ്ട്രീയം, ജനാധിപത്യം, മാധ്യമം, മുതിര്‍ന്ന വ്യക്തികളുടെ അഭിപ്രായം, സ്വഭാവശുദ്ധി, മൂല്യങ്ങള്‍, ജനാധിപത്യസ്ഥാപനങ്ങളും അവയുടെ പ്രസക്തിയും തുടങ്ങിയുള്ള കാര്യങ്ങളെക്കുറിച്ചുണ്ടാവുന്ന ധാരണ എന്താവും. കൗമാരത്തിന്റെ പടിവാതില്‍ക്കല്‍നിന്ന് അത്ഭുതലോകമായ യൗവനത്തിലേക്ക് പ്രവേശിക്കുന്ന താല്‍ക്കാലിക വിഭ്രാന്തിയുടെ കാലത്തിലൂടെ കടന്നുപോകുന്ന അവരില്‍ അറിഞ്ഞും അറിയാതെയും തിരതള്ളുന്ന ചിന്തകളുടെ സ്വഭാവം എന്താവും. ഈ കോലാഹലങ്ങളുടെയിടയില്‍, യുദ്ധം ചെയ്യുന്ന അച്ഛനുമമ്മയ്ക്കുമിടയില്‍, ഏറ്റവും നികൃഷ്ടനാണ് തന്റെ അച്ഛനെന്ന്‍ ചാനലുകളിലൂടെ വാര്‍ത്താരൂപത്തില്‍ പ്രഖ്യാപിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുനില്‍ക്കുന്ന ഗണേഷിന്റെ മകന്റെ മുഖം ഓര്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ആ കുട്ടിയുടെ മുഖത്തിനു പകരം വിങ്ങുന്ന നെഞ്ചുഭാഗം. ആ കുട്ടിയുടെ മുഖത്തോടൊപ്പം തന്നെയാണ് അതേ അസുരക്ഷിതബാല്യം നേരിടേണ്ടിവന്ന ഗണേഷിന്റെ മുഖവും തെളിയുന്നത്. എന്തിന് സ്‌നേഹത്താല്‍ സംരക്ഷിതമായ ബാല്യകൗമാരമായിരുന്നു ബാലകൃഷ്ണപിള്ളയുടേതെങ്കില്‍ ഒരു സംസ്ഥാനത്തിന് ഇന്ന്‍ കടന്നുപോകേണ്ടിയിരുന്ന ഗതികേട് ഒഴിവാകുമായിരുന്നു. ഇവരുടേത് പോലെ തന്നെ അസുരക്ഷിതവും വിഭ്രാമകവുമായ കൗമാര കാലത്തിലൂടെയാണ്‌ കേരളത്തിലെ വാര്‍ത്താചാനലുകളും കടന്നു പോകുന്നത്.   തങ്ങളെ തന്നെയും ഭാവികേരളത്തിന്റെ പൊതുബോധത്തെയും രൂപപ്പെടുത്തുന്ന ഈ ഘട്ടത്തില്‍ ഗണേഷിന്റെയും കുടുംബത്തിന്റേയും പാഠങ്ങള്‍ മറ്റാരേക്കാളും ഉപകാരപ്രദമാകേണ്ടത് ചാനലുകള്‍ക്ക് തന്നെയാണ്.

 

(തുടരും)

മറ്റു ഭാഗങ്ങള്‍:

ഗണേഷ്‌ കുമാറും കേരളവും

അദ്ധ്യായം ഒന്ന്‍ - വളര്‍ച്ച 

Ad Image