Skip to main content

പാപ്പച്ചന്റെ കൊലപാതകം പലതിൽ ഒന്നോ

Yes

സൈക്കിളിൽ കാറിടിച്ച് മരിച്ച കൊല്ലം സ്വദേശി 82 കാരനായ പാപ്പച്ചൻ്റേത് ആസൂത്രിത കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നു. അപകടമരണം എന്ന നിലയിലാണ് ആദ്യം പോലീസും പാപ്പച്ചന്റെ മരണത്തെ കണ്ടത്.എന്നാൽ തങ്ങളുടെ പിതാവിൻറെ മരണത്തിൽ സംശയമുണ്ടെന്ന് മകനും മകളും കൊല്ലം ഈസ്റ്റ്പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രണം വെളിവായത്. 

       കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ ആയ 45 കാരിയും ആ സ്ഥാപനത്തിലെ എക്സിക്യൂട്ടീവും ചേർന്ന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയായിരുന്നു. ഇവർ പാപ്പച്ചന്റെ വൻ നിക്ഷേപങ്ങൾ കബളിപ്പിച്ചെടുത്തത് സ്ഥാപന ഉടമകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മാനേജർ സരിതയും എക്സിക്യൂട്ടീവ് അനൂപും കൂടി കൊലപാതകം ആസൂത്രണം ചെയ്തത്.

           കേരളത്തിൽ കൊലപാതകങ്ങളായി മാറുന്ന റോഡപകടങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊട്ടേഷൻ സംഘങ്ങൾ എന്തിനും തയ്യാറായി കൂണുപോലെ മുളച്ചു പൊന്തുന്നു. ഒട്ടേറെ അപകടങ്ങൾ ദിനംപ്രതി കേരളത്തിൽ നടക്കുന്നുണ്ട്. പാപ്പച്ചന്റെ കാര്യത്തിൽ മകളും മകനും പരാതി കൊടുത്തില്ലായിരുന്നുവെങ്കിൽ ഇതും അപകടമരണമായി അവശേഷിക്കുമായിരുന്നു. നിഗൂഢമായ പണം ഇടപാടുകളും അവയവ കൊള്ളയും കേരളത്തിൽ വളരെ സജീവമാണ്. കൊല്ലംകാരനായ ഡോ.ഗണപതിയുടെ ദീർഘമായ കോടതിയിലൂടെയുള്ള പോരാട്ടത്തിൽ അവയവമോഷണം സമീപകാലത്ത് തെളിഞ്ഞതാണ്

           പാപ്പച്ചന്റെ അപകട ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സ്വമേധയാ പോലീസ് പരിശോധിക്കാൻ തയ്യാറായില്ല എന്നത്  വിചിത്രം . എന്തുകൊണ്ട് പോലീസ് അത് ചെയ്തില്ല എന്നുള്ളതിന്റെ ഉത്തരവും വ്യക്തമല്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ എല്ലാം തന്നെ സിസിടിവി ദൃശ്യങ്ങളിൽ ലഭ്യമാകുന്നതാണെങ്കിൽ അത് പരിശോധിക്കാതെ കേസ് അവസാനിപ്പിക്കില്ല എന്ന രീതി അടിയന്തരമായി കൊണ്ടുവരേണ്ടതാണ്. എത്ര പാപ്പച്ചന്മാർ ഇതുപോലെ അപകടത്തിൽ മരിച്ചിട്ടുണ്ടാകും?

 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.