Skip to main content

Anweshanam Movie

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി.അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍ നായികയാവുന്നു. കൂടാതെ വിജയ് ബാബു പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നു. 

കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ ട്രയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. പ്രേക്ഷകരെ ഒന്നടങ്കം മുള്‍മുനയിന്‍ നിര്‍ത്താന്‍ ആവശ്യമായതെല്ലാം ചിത്രത്തില്‍ ഉണ്ടെന്നാണ് ട്രയിലറിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. നന്ദു, ലിയോണ ലിഷോയ്, ലെന എന്നിവരുടെ കഥാപാത്രങ്ങളാണ് ട്രയിലറില്‍ ഉടനീളം നിറഞ്ഞ് നില്‍ക്കുന്നത്. ഇവരെ കൂടാതെ ലാല്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ജയ് വിഷ്ണു, മാസ്റ്റര്‍ അശുധോഷ്, ബേബി ജെസ്സ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കഥാപാത്രങ്ങളുടെ സ്വഭാവങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കാതെയാണ് ട്രയിലര്‍ തീരുന്നതും. 

കൊച്ചി നഗരത്തിലെ ഒരു പ്രശസ്ത ചാനലിലെ ക്രയേറ്റീവ് ഹെഡായ അരവിന്ദ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അരവിന്ദിന്റെ ഭാര്യ കവിത എന്ന കഥാപാത്രമായി ശ്രുതി രാമചന്ദ്രനും അരവിന്ദന്റെ ആത്മമിത്രമായ ഗൗതം എന്ന കഥാപാത്രമായി വിജയ് ബാബുവും അഭിനയിക്കുന്നു. ഗൗതം സൂപ്പര്‍ സ്‌പെഷാലിറ്റിയിലെ പ്രമുഖ ഡോക്ടറാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ കണ്ടുമുട്ടുന്നതും തുടര്‍ന്ന് രണ്ടുപേരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.
ഫ്രാന്‍സിസ് തോമസിന്റെ കഥയ്ക്ക് സലില്‍ ശങ്കരന്‍, രഞ്ജീത് കമല ശങ്കര്‍, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം സുജിത് വാസുദേവ്. ജെയ്‌സ് സംഗീതം ഒരുക്കുന്നു.