വനിതാ മതിലിനെതിരെ തുറന്നടിച്ച് ശിവഗിരി മഠം. മതില്‍ സൃഷ്ടിച്ചവര്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. എന്നാല്‍ അത് മനുഷ്യന്റെ നന്മയെ കരുതിയുള്ളതല്ല. മനുഷ്യനെ നന്നാക്കാതിരിക്കലാണ് മതില്‍ കെട്ടിയവരുടെ ലക്ഷ്യമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
'ഞങ്ങള്‍ക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞില്ല. സത്യത്തില്‍ പറയാതിരുന്നതാണ്. പറയേണ്ടത് പറയേണ്ട സമയത്ത് പറയാമെന്ന് കരുതി. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ദിവസമായ ജനുവരി ഒന്നിന് തന്നെ മതില്‍ കെട്ടിയത് ഭക്തരുടെ വരവിനെ തടസപ്പെടുത്തി. ശിവഗിരിയെ ശുഷ്‌കമാക്കിയപ്പോള്‍ ചിലരൊക്കെ സന്തോഷിക്കുന്നുണ്ടാകും. പ്രബുദ്ധരായ കേരള ജനത ഇതൊക്കെ തിരിച്ചറിയണം. ഈ സംഭവങ്ങളില്‍ ശിവഗരിമഠത്തിന് അതിയായ ദുഖഃമുണ്ടെന്നും' സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടന ദിവസം തന്നെ വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ മതിലിന്റെ സംഘാടക സമിതി അധ്യക്ഷനായ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വനിതാ മതിലിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിലപാട് തള്ളിയാണ് ഇന്ന് സ്വാമി വിശുദ്ധാനന്ദ രംഗത്തെത്തിയത്. വിഷയത്തില്‍ ഇതാദ്യമായാണ് ശിവഗിരി മഠം പ്രതികരിക്കുന്നത്.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
