നടന്‍ ജയസൂര്യയുടെ കൊച്ചി ചെലവന്നൂരിലെ ഭൂമിയിലെ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു. കായല്‍ കൈയേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയാണ് പൊളിക്കുന്നത്. ബോട്ടുജെട്ടിയോട് ചേര്‍ന്ന ചുറ്റുമതിലും കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഒഴിപ്പിക്കലിന്റെ ആദ്യഘട്ടത്തില്‍ ബോട്ടുജെട്ടി മാത്രമാണ് പൊളിച്ചു നീക്കിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണം നടത്തിയെന്ന പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്. പാരാതിന്മേല്‍ നഗരസഭ നടത്തിയ പരിശോധനയില്‍ ജയസൂര്യ കായല്‍ കൈയേറിയെന്ന് വ്യക്തമാവുകയും, തുടര്‍ന്ന് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ നഗരസഭയുടെ നടപടിക്കെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിനെ സമീപിച്ചു. പക്ഷേ തദ്ദേശ ട്രൈബ്യൂണല്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിപ്പിക്കലല്‍ നടപടി ആരംഭിച്ചത്.
